മദീന പള്ളിയിലെ 'കള്ളന്‍' വിളി... ആറ് പേര്‍ കുറ്റക്കാരെന്ന് സൗദി കോടതി, ആ സംഭവം ഇങ്ങനെ
റിയാദ്: മദീനയിലെ പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയില്‍ മുദ്രാവാക്യം വിളിച്ച കേസില്‍ സൗദി കോടതി ശിക്ഷ വിധിച്ചു. കേസിലെ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മദീന പള്ളിയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവത്തിലാണ് മദീനയിലെ കോടതി വിധി പറഞ്ഞത്. പ്രതികള്‍ ആറ് പേരും പാകിസ്താന്‍കാരാണ്.
പാകിസ്താനിലെ രാഷ്ട്രീയ വൈരമാണ് മദീന പള്ളിയിലെ മുദ്രാവാക്യത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പുണ്യ കേന്ദ്രമായ മദീന പള്ളിയുടെ പവിത്രത നശിപ്പിക്കുന്ന രീതിയിലായിരുന്നു പ്രതികളുടെ പെരുമാറ്റമെന്ന് കണ്ടാണ് കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചത്. പ്രതികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേസിലേക്ക് നയിച്ച ആ സംഭവം ഇങ്ങനെ...

ലോകത്ത് മുസ്ലിങ്ങള്‍ക്ക് മൂന്ന് പുണ്യ കേന്ദ്രങ്ങളാണുള്ളത്. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ. ഈ മൂന്ന് പള്ളികളിലും പ്രാര്‍ഥന നടത്തുന്നത് പ്രത്യേകം പുണ്യമുണ്ടെന്നാണ് വിശ്വസം. ഇതാണ് മദീന പള്ളിയിലെ മുദ്രാവാക്യം വിളി വലിയ ചര്‍ച്ചയാകാന്‍ കാരണമായത്. ഇത്രയും പവിത്രമായി കരുതുന്ന സ്ഥലത്ത് മുദ്രാവാക്യം വിളിച്ചവരെ വെറുതെ വിടരുതെന്ന് ആവശ്യം ശക്തമായിരുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സംഘവും സൗദി അറേബ്യന്‍ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയത് കഴിഞ്ഞ ഏപ്രിലിലാണ്. സൗദിയിലെത്തിയ അവര്‍ മദീന സന്ദര്‍ശിക്കാനും തീരുമാനിച്ചു. മദീന പള്ളിയിലെത്തിയ വേളയില്‍ കള്ളന്‍, കള്ളന്‍ എന്ന് ചിലര്‍ ഷഹ്ബാസ് ഷരീഫിന് ലക്ഷ്യമാക്കി വിളിക്കുകയായിരുന്നു. പാകിസ്താനിലെ രാഷ്ട്രീയത്തിന്റെ പകപോക്കലാണ് മദീനയില്‍ നടന്നത്.

ഇമ്രാന്‍ ഖാന്‍ ആയിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി. ഭരണമുന്നണിയിലെ പല കക്ഷികളും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ ഇമ്രാന്‍ ഖാന്‍ വീഴുകയും ഷഹ്ബാസ് പ്രധാനമന്ത്രിയാകുകയും ചെയ്തു. അധികാരമേറ്റ ഉടനെയാണ് അദ്ദേഹം സൗദിയിലേക്ക് പോയത്. ഷഹ്ബാസിനെതിരെ മുദ്രാവാക്യം വിളിച്ചവര്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാരായിരുന്നു. മുദ്രാവാക്യം വിളിയുടെ വീഡിയോ വൈറലായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

അനസ്, ഇര്‍ഷാദ്, മുഹമ്മദ് സലീം, ഖാജ ലുഖ്മാന്‍, മുഹമ്മദ് അഫ്‌സല്‍, ഗുലാം മുഹമ്മദ് എന്നീ പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ആദ്യ മൂന്ന് പേര്‍ക്ക് 10 വര്‍ഷമാണ് തടവ് ശിക്ഷ. ബാക്കി മൂന്ന് പേര്‍ക്ക് എട്ട് വര്‍ഷമാണ് തടവ്. പ്രതികള്‍ എല്ലാവരും 200000 റിയാല്‍ പിഴയൊടുക്കണമെന്നും സൗദി കോടതി വിധിച്ചു. പ്രതികളുടെ മൊബൈല്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിനൊപ്പം വാര്‍ത്താ വിതരണ മന്ത്രി മറിയം ഔറംഗസീബ്, പാര്‍ലമെന്റംഗം ഷബ്‌സൈന്‍ ബഗ്തി തുടങ്ങി നിരവധി പ്രമുഖരുമുണ്ടായിരുന്നു. ഇവരെ അനുഗമിച്ച് സൗദി ഉന്നത ഉദ്യോഗസ്ഥരും ഈ വേളയില്‍ മദീന പള്ളിയിലെത്തി. മുദ്രാവാക്യം വിളി ഉയര്‍ന്നതോടെ സൗദി പോലീസ് ഇടപെട്ടു. പാക് പ്രതിനിധികള്‍ക്ക് സുരക്ഷ ഒരുക്കുകയും മുദ്രാവാക്യം വിളിച്ചവരെ പിടികൂടുകയുമായിരുന്നു.

മദീനയിലെ സംഭവത്തില്‍ പാകിസ്താനിലും കേസെടുത്തിരുന്നു. ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് പാകിസ്താന്‍ പോലീസ് കേസെടുത്തത്. മതനിന്ദ കേസാണ് രജിസ്റ്റര്‍ ചെയ്തത്. പാകിസ്താനില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇസ്ലാമിക പുണ്യ കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

വിദേശ മണ്ണില്‍ പാകിസ്താനെ അപമാനിക്കുന്ന നടപടിയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തത് എന്ന് മന്ത്രി മറിയം ഔറംഗസീബ് കുറ്റപ്പെടുത്തിയിരുന്നു. രാഷ്ട്രീയം പാകിസ്താന്റെ മണ്ണില്‍ ഒതുക്കണം. സൗദിയിലെ വിശുദ്ധ സ്ഥലങ്ങള്‍ രാഷ്ട്രീയ വേദിയാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍, സൗദി അറേബ്യയുടെ സഹായം തേടിയിട്ടുണ്ട്. പാക് നേതാക്കള്‍ വീണ്ടും സൗദിയിലെത്തുമെന്നാണ് വിവരം.
മദീനാ പള്ളിയില്‍ മുദ്രാവാക്യം വിളിച്ച സംഭവത്തിന്റെ വീഡിയോ കാണാം












Click it and Unblock the Notifications