Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന് ശക്തമായ താക്കീതുമായി സൗദി അറബ്യ; അപ്രതീക്ഷിതം!! ചൈനയുടെ മോഹം പൊലിയും...

റിയാദ്: ഇറാനെതിരെ ശക്തമായ ഭാഷയില്‍ സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്ത്. ആണവായുധ വിഷയത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുകയും സൗഹൃദ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരിക്കെയാണ് അപ്രതീക്ഷിത പ്രതികരണം. അമേരിക്കയുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സൗദിയുടെ കിരീടവകാശി ഇറാനെതിരെ താക്കീത് സ്വരത്തില്‍ സംസാരിച്ചത്. സൗദി അറേബ്യ ആണവായുധം നിര്‍മിക്കില്ലെന്നും എന്നാല്‍ ഇറാന്‍ നിര്‍മിച്ചാല്‍ സൗദിയും നിര്‍മിക്കുമെന്നുമായിരുന്നു ബിന്‍ സല്‍മാന്റെ പ്രതികരണം. ഇറാനെ ഇപ്പോഴും ശത്രുപക്ഷത്ത് സൗദി നിര്‍ത്തുന്നു എന്നതിന് തെളിവാണ് പുതിയ പ്രതികരണം.

iran-saudi

സൗദി അറേബ്യ ആണവായുധം നേടുമോ എന്നായിരുന്നു ചോദ്യം. ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ സൗദിയും നിര്‍മിക്കുമെന്ന് ബിന്‍ സല്‍മാന്‍ മറുപടി നല്‍കി. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നത് തടയുമെന്ന് ഇസ്രായേലും അമേരിക്കയും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ബിന്‍ സല്‍മാന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മൂന്ന് രാജ്യങ്ങളും പശ്ചിമേഷ്യയില്‍ ശത്രുപക്ഷത്ത് നിര്‍ത്തിയ രാജ്യമാണ് ഇറാന്‍.

2016ല്‍ സൗദിയില്‍ ഷിയാ പണ്ഡിതന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് സൗദിയും ഇറാനും തര്‍ക്കം രൂക്ഷമാകുകയും നയതന്ത്ര ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ചൈന നടത്തിയ മധ്യസ്ഥ ശ്രമമാണ് സമവായത്തിലെത്തിയത്. സൗദിയും ഇറാനും പരസ്പരം എംബസികള്‍ തുറക്കുകയും അംബാസഡര്‍മാരെ നിയമിക്കുകയും ചെയ്തു. സൗദി രാജാവും ഇറാന്‍ പ്രസിഡന്റും പരസ്പരം സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനുമായി സൗഹൃദമുള്ള രാജ്യമാണ് ചൈന. സൗദിയുമായും ചൈനയ്ക്ക് നല്ല അടുപ്പമാണ്. പശ്ചിമേഷ്യയില്‍ സൗഹൃദം നിലനിന്നാല്‍ മാത്രമേ വ്യാപാര-സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനാകൂ എന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ ചൈന പശ്ചിമേഷ്യയില്‍ മേധാവിത്വം സ്ഥാപിക്കുന്നത് അമേരിക്ക സംശയത്തോടെയാണ് കാണുന്നത്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുമായി കൂടുതല്‍ അടുക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്.

ഇസ്രായേലും സൗദിയും സൗഹൃദം സ്ഥാപിക്കണം എന്നാണ് അമേരിക്കയുടെ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ബിന്‍ സല്‍മാന്‍ സ്ഥിരീകരിച്ചു. പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ സമാധാനം പാലിച്ചാല്‍ മാത്രമേ സൗഹൃദമാകൂ എന്ന് സൗദി അറിയിച്ചു. ഇക്കാര്യം അമേരിക്ക ഇസ്രായേല്‍ നേതൃത്വത്തെ ബോധിപ്പിക്കുകയും ചെയ്തു. ഇസ്രായേലും സൗദിയും അടുത്താല്‍ മേഖലയില്‍ നിന്ന് ചൈന പുറത്താക്കപ്പെടുമെന്ന വിശ്വാസത്തിലാണ് അമേരിക്ക.

ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് പ്രത്യേക ചരക്ക് പാത നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് തുടങ്ങി ഗള്‍ഫിലേക്ക് കപ്പല്‍ പാതയും ശേഷം ഇസ്രായേലിലേക്ക് റെയില്‍പാതയും ശേഷം ഇസ്രായേലില്‍ നിന്ന് യൂറോപ്പിലേക്ക് കപ്പല്‍ പാതയുമാണ് ചര്‍ച്ചയിലുള്ളത്. ഇതിന് അമേരിക്ക മുന്‍കൈയ്യെടുക്കുന്നത് മേഖലയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+