ഉംറ എത്ര തവണ വേണമെങ്കിലും ചെയ്യാം; നിയന്ത്രണമില്ല, വ്യക്തത വരുത്തി സൗദി അറേബ്യ
സൗദിയിലേക്ക് കൂടുതല്‍ വിദേശികളെ എത്തിക്കുക എന്ന നയത്തിലേക്ക് സൗദി മാറിയിട്ടുണ്ട്. സമീപ കാലത്തായി വിസാ ഇളവുകള്‍ അനുവദിച്ചത് ഇതിന്റെ ഭാഗമാണ്

റിയാദ്: ഉംറ നിര്‍വഹിക്കുന്നതിന് യാതൊരു തടസവും നിയന്ത്രണവുമില്ലെന്ന് സൗദി അറേബ്യ. എത്ര തവണ വേണമെങ്കിലും ഉംറ നിര്‍വഹിക്കാമെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ഓരോ സമയങ്ങളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ഉംറയ്ക്ക് എത്തുന്ന തീര്‍ഥാടകര്‍ക്കും ബാധകമാണ്. മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ടൂറിസ്റ്റ് വിസയിലോ ജോലി വിസയിലോ സൗദിയിലെത്തുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ തടസമുണ്ടാകില്ല.
കഴിഞ്ഞ മാസം മുതല്‍ സൗദി അറേബ്യ പുതിയ ട്രാന്‍സിറ്റ് വിസ ആരംഭിച്ചിട്ടുണ്ട്. സൗദി വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് നാല് ദിവസത്തെ വിസ അനുവദിക്കുന്നതാണിത്. 90 ദിവസം വരെ വിസയ്ക്ക് കാലാവധിയുണ്ടാകും. മക്ക, മദീന, വിവിധ പ്രധാന സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാം. സൗദിയിലേക്ക് കൂടുതല്‍ വിദേശികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വിസാ ഇളവ് സൗദി നല്‍കുന്നത്. ഉംറ നിര്‍വഹിക്കുക എന്ന ഉദ്ദേശത്തോടെ സൗദിയിലെത്തുന്നവര്‍ക്ക് അതിന് അവസരം ഒരുക്കുകയാണ് ഈ ട്രാന്‍സിറ്റ് വിസയിലൂടെ.
വര്‍ഷത്തില്‍ ഏത് ദിവസവും നിര്‍വഹിക്കാവുന്ന ഇസ്ലാമിക തീര്‍ഥാടനമാണ് ഉംറ. മക്കയിലെത്തി ചടങ്ങുകള്‍ ചെയ്ത് മടങ്ങാം. ഇക്കൂട്ടത്തില്‍ മദീന സന്ദര്‍ശിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് അതിന് അവസരവും നല്‍കുന്നുണ്ട്. മക്കയിലെ മസ്ജിദുല്‍ ഹറാമിലാണ് ഉംറയുടെ ആചാരങ്ങള്‍. ഉംറ നിര്‍വഹിക്കുന്നതിലൂടെ മുന്‍കാലങ്ങളില്‍ ചെയ്ത പാപങ്ങളില്‍ നിന്ന് മുക്തമാകുമെന്നാണ് വിശ്വാസം.
കൊവിഡ് കാലത്ത് സൗദി ഭരണകൂടം ഉംറയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികളും വൃദ്ധരും ഉംറയ്ക്ക് എത്തുന്നത് തടഞ്ഞിരുന്നു. മാത്രമല്ല, ഒന്നിലധികം തവണ ഉംറ ചെയ്യുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് ഭീതി അകന്നതോടെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി. ഇപ്പോള്‍ ഒരു വ്യക്തിക്ക് എത്ര ഉംറ ചെയ്യുന്നതിനും തടസമില്ല.












Click it and Unblock the Notifications