സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; വിമാന സര്‍വീസ് വൈകും, വിവരങ്ങള്‍ ഇങ്ങനെ
റിയാദ്: സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കര്‍ഫ്യൂ തുടരണം എന്നാണ് നിര്‍ദേശം. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികളുമായി സൗദി അറേബ്യ മുന്നോട്ടുപോകുന്നത്. മാര്‍ച്ച് 23നാണ് സൗദിയില്‍ 21 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇതിന്റെ സമയ പരിധി ശനിയാഴ്ച അര്‍ധരാത്രിയോടെ തീര്‍ന്നു. ഈ പരിധി തീരുന്നതിന് തൊട്ടുമുമ്പാണ് സല്‍മാന്‍ രാജാവ് പുതിയ ഉത്തരവിറക്കിയത്.

സൗദിയില്‍ കര്‍ഫ്യൂ ആദ്യം നടപ്പാക്കിയത് രാത്രി മാത്രമായിരുന്നു. വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന കര്‍ഫ്യൂ രാവിലെ ആറ് വരെ തുടര്‍ന്നു. പിന്നീട് സമയം നീട്ടി. വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങുന്ന കര്‍ഫ്യൂ രാവിലെ ആറ് വരെയാക്കി. കഴിഞ്ഞാഴ്ചയാണ് ഇത് 24 മണിക്കൂര്‍ ആക്കി പ്രഖ്യാപിച്ചത്. ഈ കര്‍ഫ്യൂ ആണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ലെന്ന് വ്യക്തമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിനിടെ റിയാദില്‍ ഒരുകൂട്ടം ഇന്ത്യക്കാര്‍ അറസ്റ്റിലായി. കര്‍ഫ്യൂ ലംഘിച്ചത് മാത്രമല്ല ഇവര്‍ക്കെതിരായ കുറ്റം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപകരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.
അതേസമയം, ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം കൂടുതലായി വ്യാപിക്കുകയാണ്. സൗദിയിലും യുഎഇയിലും ശനിയാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലും കുവൈത്തിലും ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ ഇന്ത്യയുടെ പ്രത്യേക ആരോഗ്യ രക്ഷാ സംഘമെത്തി. സൗദി അറേബ്യയില്‍ ശനിയാഴ്ച രോഗം ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മരിക്കുന്നവരുടെ എണ്ണം 52 ആയി. 382 പേര്‍ക്ക് കൂടി സൗദിയില്‍ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 4000 കവിഞ്ഞു. ശനിയാഴ്ച 35 പേര്‍ക്ക് രോഗം ഭേദമായി.
സൗദിയില്‍ ശനിയാഴ്ച മരിച്ചവരില്‍ മൂന്ന് പേര്‍ വിദേശികളാണ്. രണ്ടുപേര്‍ ജിദ്ദയിലും ഒരാള്‍ മക്കയിലുമാണ് മരിച്ചത്. മദീനയിലും ജിദ്ദയിലും സൗദി പൗരന്‍മാരും മരിച്ചു. കഴിഞ്ഞദിവസം മക്കയില്‍ മാത്രം 131 പേര്‍ക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച് മക്കയില്‍ ഇതുവരെ 11 പേരാണ് മരിച്ചത്. സൗദിയില്‍ ഒട്ടേറെ പേരുടെ ആരോഗ്യ നില വഷളായിട്ടുണ്ട്. അതേസമയം, യുഎഇയില്‍ ശനിയാഴ്ച നാല് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 20 ആയി. യുഎഇയില്‍ പരിശോധന വ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications