സൗദി പഴയ പ്രതാപം തിരിച്ച് പിടിക്കുന്നു : ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും കളി മാറി, റഷ്യക്ക് തിരിച്ചടി
ഏഷ്യയിലെ ക്രൂഡ് ഓയിൽ ഇറക്കുമതി പുതുവർഷത്തിൽ ശക്തമായ വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. മുന്‍നിരക്കാരായ ഇന്ത്യയും ചൈനയും വാങ്ങലുകള്‍ വർധിപ്പിച്ചപ്പോള്‍ ജനുവരിയിൽ എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇറക്കുമതി എത്തിയിരിക്കുന്നത്.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതൽ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മേഖലയിൽ ജനുവരിയിൽ പ്രതിദിനം 28.57 ദശലക്ഷം ബാരൽ (ബി പി ഡി) ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. ഡിസംബറില്‍ ഇത് 27.03 ദശലക്ഷം ബിപിഡിയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരയ ചൈന ജനുവരിയിൽ 11.31 ദശലക്ഷം ബി പി ഡി എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഡിസംബറിലെ 11.48 ദശലക്ഷം ബി പി ഡിയിൽ നിന്ന് അല്പം കുറവാണ് ജനുവരിയിലെ ചൈനയുടെ ഇറക്കുമതി. എന്നാൽ 2023 ജനുവരിയിലെ 10.24 ദശലക്ഷം ബി പി ഡിക്ക് മുകളിലാണ് ഈ മാസത്തെ ഇറക്കുമതി.

2023 ലെ നിരക്ക് കുറഞ്ഞ സമയത്ത് വാങ്ങിയ ക്രൂഡ് ഓയിലില്‍ വലിയൊരു വിഹിതം ഇതുവരെ ചൈനയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഫെബ്രുവരി മാസത്തോടെയായിരിക്കും ഇവ എത്തുക. വാർഷിക ഇറക്കുമതി ക്വാട്ടകളിൽ ഭൂരിഭാഗവും ഒരോ ഗഡുക്കളായിട്ടാണ് വരിക എന്നതിനാലും വരും മാസങ്ങളില്‍ ഇറക്കുമതി കൂടുതല്‍ ശക്തമായേക്കും.
ജനുവരിയിൽ റഷ്യയിൽ നിന്നുള്ള പൈപ്പ്‌ലൈൻ, ടാങ്കറുകൾ എന്നിവ വഴിയുള്ള ചൈനയുടെ ഇറക്കുമതി 1.94 ദശലക്ഷം ബിപിഡി ആയിരുന്നു. അതേസമയം തന്നെ, സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് വരവ് ഡിസംബറിലെ 1.38 ദശലക്ഷം ബിപിഡിയിൽ നിന്ന് ഉയർന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കയറ്റുമതിക്കാരായ സൗദിക്ക് സമീപകാലത്ത് ചൈനയില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഇറക്കുമതി വിഹിതമാണ് ഇത്.
ചരക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള മുൻനിര അറബ് ലൈറ്റ് ക്രൂഡിൻ്റെ ഔദ്യോഗിക വിൽപ്പന വില (ഒഎസ്‌പി) വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്നുള്ള ചൈനയുടെ ഇറക്കുമതി 27 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഉയരാനും സാധ്യതയുണ്ട്. ഈ നീക്കം റഷ്യക്കായിരിക്കും തിരിച്ചടിയാകുക.
ചൈന മാത്രമല്ല ഇന്ത്യയും സൗദിയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തേക്കും. റഷ്യയിൽ നിന്നും വലിയ തോതില്‍ വിലക്കിഴിവ് ലഭിച്ചതോടെ സൗദി ക്രൂഡോയിലിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇന്ത്യ ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇറക്കുമതിക്കാരായ ഇന്ത്യ ജനുവരിയിൽ റെക്കോർഡ് ഇറക്കുമതിയുടെ പാതയിലാണ്. ഡിസംബറിലെ 4.65 ദശലക്ഷം ബിപിഡിയിൽ നിന്ന് 5.33 ദശലക്ഷം ബിപിഡിയുടെ വർധനവാണ് ഇന്ത്യയുടെ കണക്കുകളിലുള്ളത്.
ഡിസംബറിലെ 1.34 ദശലക്ഷം ബി പി ഡിയിൽ നിന്ന് ജനുവരിയിൽ 1.43 ദശലക്ഷം ബി പി ഡിയുമായി റഷ്യ ഇന്ത്യയുടെ ഏറ്റവും മികച്ച വിതരണക്കാരായി തുടരുന്നു. 1.34 ദശലക്ഷം ബിപിഡിയുമായി ഇറാഖാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായി പ്രവർത്തിക്കുകയും ഏഷ്യൻ വിപണികളിൽ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ലാഭവിഹിതം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, രാജ്യത്തെ റിഫൈനർമാർ ക്രൂഡ് ഓയില്‍ ഇറക്കുമതി വർധിപ്പിച്ചേക്കും.












Click it and Unblock the Notifications