സൗദി അറേബ്യയുടെ വന്‍ പ്രഖ്യാപനം; 3 ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യം... പുതിയ സംഘം എത്തും
സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ സഹകരണം കൂടുതല്‍ ശക്തമാക്കുന്നു. ലോകത്തെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയിലെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് സൗദിയുടെ ആലോചന. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ സൗദി കോടികള്‍ നിക്ഷേപിക്കും. ഇതിന് വേണ്ടി ഇന്ത്യയില്‍ പ്രത്യേക ഓഫീസ് തുറക്കാനും സൗദിക്ക് പദ്ധതിയുണ്ട്.
സൗദി അറേബ്യയില്‍ നിന്ന് വന്‍ നിക്ഷേപങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയും. നടപടികള്‍ വേഗത്തിലാക്കാന്‍ സൗദി തലസ്ഥാനമായ റിയാദില്‍ പുതിയ ഓഫീസ് തുറക്കാന്‍ ഇന്ത്യയും പദ്ധതിയിടുന്നുണ്ട്. ആറ് മാസത്തിനകം ഇക്കാര്യത്തില്‍ നടപടിയുണ്ടാകും. ഇക്കാലയളവിനിടയില്‍ മറ്റൊരു സൗദി പ്രതിനിധി സംഘം ഇന്ത്യയിലെത്തും.

സൗദിയുടെ വിദേശ നിക്ഷേപം സോവറിങ് വെല്‍ത്ത് ഫണ്ട് (എസ്ഡബ്ല്യുഎഫ്) മുഖേനയാണ്. എസ്ഡബ്ല്യുഎഫിന് പുതിയ ഓഫീസ് ഇന്ത്യയില്‍ തുറക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. വെഞ്ച്വര്‍ കാപിറ്റല്‍ വഴി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്താനാണ് ആലോചന. സൗദി അറേബ്യയുടെ നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ആഴ്ചകള്‍ക്കകം പുതിയ സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്ന് മന്ത്രി ഖാലിദ് പറഞ്ഞു. നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് പഠിക്കാനാണ് ഈ സംഘത്തെ അയക്കുക. മൂന്ന് നഗരങ്ങളിലെ സാധ്യതകളാണ് സംഘം പരിശോധിക്കുക. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളാണ് സൗദി ലക്ഷ്യമിടുന്നത്.
ധനകാര്യങ്ങള്‍ക്കുള്ള ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലയാണ് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി. ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നവര്‍ക്ക് വലിയ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിക്കും. നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളവുകള്‍. സൗദി അറേബ്യ ഓഫീസ് തുറക്കാന്‍ ആലോചിക്കുന്ന നഗരങ്ങളിലൊന്ന് ഗാന്ധിനഗറാണ്. ഇന്ത്യ-സൗദി നിക്ഷേപ ഫോറത്തില്‍ സംസാരിക്കവെയാണ് സൗദി മന്ത്രി ഇന്ത്യയില്‍ നടത്താന്‍ പോകുന്ന പദ്ധതികള്‍ വിശദീകരിച്ചത്.
സൗദി അറേബ്യയും ഇന്ത്യയും നിക്ഷേപങ്ങള്‍ സംബന്ധിച്ച് പുതിയ കരാര്‍ ആഴ്ചകള്‍ക്കകം നിലവില്‍ വരുമെന്നാണ് സൗദി മന്ത്രി സൂചിപ്പിച്ചത്. 2020 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ സൗദി അറേബ്യ ഇന്ത്യയില്‍ 322 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. സൗദി സര്‍ക്കാരിന്റെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് ഈ നിക്ഷേപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഫോറത്തില്‍ സംസാരിച്ച ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ സൗദി മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്തു. നിക്ഷേപങ്ങള്‍ക്ക് എളുപ്പവഴി ഒരുക്കുന്നതിന് റിയാദില്‍ ഇന്ത്യ പ്രത്യേക ഓഫീസ് തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് മാസത്തിനകം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കി തുടങ്ങുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും പ്രത്യേക ചരക്കുപാത നിര്‍മിക്കാന്‍ തീരുമാനിച്ചതിന് പുറമെയാണ് പുതിയ സഹകരണങ്ങള്‍.












Click it and Unblock the Notifications