സൗദി അറേബ്യയെ ഞെട്ടിച്ച് കൂട്ട അറസ്റ്റ്; 2017 ഓര്‍മിപ്പിച്ച് ദ്രുത നടപടി... പിടിയിലായത് 142 ഉന്നതര്‍
അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള രാജകുടുംബത്തിലെ പ്രമുഖരെയാണ് മുമ്പ് സമാനമായ രീതിയില്‍ അറസ്റ്റ് ചെയ്തത്

റിയാദ്: സൗദി അറേബ്യയില്‍ രാജകുടുംബത്തിലുള്ളവരടക്കം നൂറോളം പ്രമുഖരെ അറസ്റ്റ് ചെയ്ത 2017ലെ നടപടി ഓര്‍മിപ്പിക്കും വിധം വീണ്ടും കൂട്ട അറസ്റ്റ്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരാണ് പിടിയിലായത്. അടുത്തിടെ രാജ്യവ്യാപകമായി റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അറസ്റ്റിലായിട്ടുണ്ട്.
കൈക്കൂലിയും വ്യാജ രേഖയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ലോകത്തെ പ്രധാന കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ളവരെയാണ് 2017ല്‍ അറസ്റ്റ് ചെയ്തിരുന്നത്. അന്നും പ്രതികള്‍ക്കെതിരെ ഉന്നയിച്ചത് അഴിമതി ആരോപണമായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വ്യവസായികളും രാജകുടുംബത്തിലെ പ്രമുഖരും
രാജ്യത്തെ പ്രധാന വ്യവസായികളും രാജകുടുംബത്തിലെ പ്രമുഖരുമാണ് 2017ല്‍ അറസ്റ്റിലായത്. അല്‍വലീദ് ബിന്‍ തലാല്‍ ആയിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തി. ലോകത്തെ പ്രധാന കമ്പനികളായ ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങി മിക്ക സ്ഥാപനങ്ങളിലും ഓഹരിയുള്ള വ്യക്തിയാണ് ബിന്‍ തലാല്‍. അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ് കമ്പനി വഴിയായിരുന്നു എല്ലാ നിക്ഷേപങ്ങളും.

ഹോട്ടല്‍ ജയിലാക്കി
റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍ ജയിലാക്കി മാറ്റുകയാണ് പിന്നീട് ഭരണകൂടം ചെയ്തത്. എല്ലാ രാജകുമാരന്മാരെയും വ്യവസായികളെയും മാസങ്ങളോളം ഇവിടെ താമസിപ്പിച്ചു. അഴിമതിയിലൂടെ ഇവര്‍ പണം സമ്പാദിച്ചുവെന്നും രാജ്യത്തിന് ഒട്ടേറെ നഷ്ടമുണ്ടായി എന്നുമായിരുന്നു ആരോപണം. നഷ്ടപ്പെട്ട പണം ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി
2011ലാണ് അഴിമതി വിരുദ്ധ വിഭാഗം സൗദി അറേബ്യയില്‍ സജീവ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ ഉത്തരവാദിത്തം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിന്നീട് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് രാജകുടുംബത്തിലുള്ളവരെ അടക്കം അറസ്റ്റ് ചെയ്തത്. ബിന്‍ തലാലിനെ മോചിപ്പിച്ച ശേഷം കിങ്ഡം ഹോള്‍ഡിങിലെ നിശ്ചിത ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരുന്നു.

ഉന്നത ഉദ്യോഗസ്ഥരും
എന്നാല്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായിരിക്കുന്നത് 142 ഉദ്യോഗസ്ഥരാണ്. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഇതില്‍പ്പെടും. അഴിമതി നടത്തിയതാണ് ഇവര്‍ക്കെതിരായ പ്രധാന ആരോപണം. കഴിഞ്ഞ മാസം നടത്തിയ റെയ്ഡിന്റെ തുടര്‍ നടപടിയാണ് അറസ്റ്റ്. 2364 സ്ഥലത്താണ് കഴിഞ്ഞ മാസം അഴിമതി വിരുദ്ധ വിഭാഗം റെയ്ഡ് നടത്തിയിരുന്നത്.

307 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
307 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 142 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഭ്യന്തരം, പ്രതിരോധം, ഊര്‍ജം, ഭവനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കാര്‍ഷികം, സക്കാത്ത് തുടങ്ങിയ മന്ത്രാലയങ്ങളിലെയും അഴിമതി വിരുദ്ധ വിഭാഗം, ദേശീയ ഗാര്‍ഡ് എന്നിവയിലെയും ഉദ്യെഗസ്ഥരാണ് അറസ്റ്റിലായിട്ടുള്ളത്. ഇത്രയും വ്യാപകമായ നടപടി സൗദിയില്‍ അപൂര്‍വമാണ്.

ഉന്നതതല നിര്‍ദേശം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തെ താക്കീത് നല്‍കിയിരുന്നു. ഓരോ മാസവും അഴിമതി വിരുദ്ധ വിഭാഗം ഭരണകൂടത്തിന് പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications