സൗദി അറേബ്യയ്ക്ക് പണി വരുന്നു... 189 കോടിയുടെ ട്വിറ്റര്‍ നിക്ഷേപത്തില്‍ അമേരിക്ക ഇടപെട്ടേക്കും
വാഷിങ്ടണ്‍: എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും അമേരിക്കയും ഉടക്കിലാണ്. സൗദിയുമായുള്ള ബന്ധം പുനഃപ്പരിശോധിക്കുമെന്ന് നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്വിറ്റര്‍ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് വിലക്ക് വാങ്ങിയത്. തൊട്ടുപിന്നാലെ അദ്ദേഹം നിരവധി ഉന്നത ഉദ്യോഗസ്ഥരെ കമ്പനിയില്‍ നിന്ന് പുറത്താക്കി.
എന്നാല്‍ ട്വിറ്ററില്‍ സൗദി അറേബ്യ വന്‍തോതില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ സൗദിക്കെതിരായ നീക്കങ്ങള്‍ നടക്കുകയാണ് അമേരിക്കയില്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

അമേരിക്കയിലെ പ്രമുഖ സെനറ്ററും ഭരണകക്ഷിയായ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നേതാവുമായ ക്രിസ് മുര്‍ഫി സൗദിയുടെ ട്വിറ്ററിലെ ഓഹരി സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയുടെ ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഇടപെടല്‍. സൗദി അറേബ്യ എങ്ങനെ ട്വിറ്ററില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി എന്ന് അദ്ദേഹം ചോദിക്കുന്നു.

അമേരിക്കയിലെ കമ്പനികളില്‍ വിദേശികള്‍ നിക്ഷേപം ഇറക്കുന്നതും ഓഹരികള്‍ വാങ്ങുന്നതും സാമ്പത്തിക ഇടപാടുകള്‍ നടത്തുമെല്ലാം നിരീക്ഷിക്കുന്നതിന് പ്രത്യേക സര്‍ക്കാര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസ് കമ്മിറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നാണ് ഈ കമ്മിറ്റിയുടെ പേര്. സൗദി അറേബ്യ ട്വിറ്ററില്‍ നടത്തിയ നിക്ഷേപം സംബന്ധിച്ച കമ്മിറ്റി അന്വേഷിക്കണമെന്ന് ക്രിസ് മുര്‍ഫി ആവശ്യപ്പെട്ടു.

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വശങ്ങളാണ് കമ്മിറ്റി പ്രധാനമായും പരിശോധിക്കുക. വിദേശികള്‍ അമേരിക്കയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നുണ്ടോ എന്നാണ് പരിശോധിക്കാറ്. ഭീഷണിയാണെന്ന് കണ്ടെത്തിയാല്‍ ഇടപാടുകള്‍ മരവിപ്പിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ട്വിറ്ററിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചാല്‍ സൗദിക്ക് വലിയ തിരിച്ചടിയാകും.

അമേരിക്കയുടെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്ന സൗദികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ക്രിസ് മുര്‍ഫി പറഞ്ഞു. ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞാല്‍ സൗദി അറേബ്യയ്ക്കാണ് കൂടുതല്‍ നിക്ഷേപം. അതായത്, കമ്പനിയുടെ നിര്‍ണായകമായ കാര്യങ്ങളില്‍ സൗദിക്ക് ഇടപെടാന്‍ കഴിയും. സൗദിയുടെ ഇത്തരം സാന്നിധ്യം ആശങ്കയോടെയാണ് ഡെമോക്രാറ്റുകള്‍ കാണുന്നത്.

അതേസമയം, ക്രിസ് മുര്‍ഫിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായില്ല. ട്വിറ്ററും അമേരിക്കന്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സൗദിയുമായി അമേരിക്ക ഉടക്കിയ സാഹചര്യത്തില്‍ മുര്‍ഫിയുടെ ആവശ്യം വൈറ്റ് ഹൗസ് അംഗീകരിച്ചേക്കും. പാര്‍ട്ടിയിലെ പ്രധാന നേതാവിന്റെ ആവശ്യം ജോ ബൈഡന് പൂര്‍ണണായും തള്ളാനാകില്ല.

ലോകത്തെ പ്രധാന സമ്പന്നരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ഇദ്ദേഹം സ്ഥാപിച്ചതാണ് സൗദിയിലെ കിങ്ഡം ഹോള്‍ഡിങ് കമ്പനി. ഈ കമ്പനിക്കാണ് ട്വിറ്ററില്‍ ഓഹരിയുള്ളത്. അതിന് പുറമെ ബിന്‍ തലാലിന്റെ സ്വകാര്യ ഓഫീസിനും ട്വിറ്ററില്‍ ഓഹരിയുണ്ട്. 189 കോടി ഡോളറിന്റെ നിക്ഷേപമാണ് ട്വിറ്ററില്‍ ബിന്‍ തലാല്‍ രാജകുമാരനും അദ്ദേഹത്തിന്റെ കമ്പനിക്കുമുള്ളത്.

കമ്പനിയുടെ ദീര്‍ഘകാല സ്ട്രാറ്റജിയുടെ ഭാഗമായിട്ടാണ് ട്വിറ്ററില്‍ ഓഹരി വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം ബിന്‍ തലാല്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഓഹരി വില്‍ക്കില്ലെന്നും ബിന്‍ തലാല്‍ പറഞ്ഞു. 2017ല്‍ ബിന്‍ തലാല്‍ രാജകുമാരനെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം വിട്ടയക്കുന്ന വേളയില്‍ കമ്പനിയുടെ 16.9 ശതമാനം ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയായിരുന്നു.












Click it and Unblock the Notifications