വഴി മാറി സൗദി അറേബ്യ; മദ്യൂറോ എത്തിയത് ജിദ്ദയില്‍, പുതിയ ദൗത്യവുമായി ആന്റണി ബ്ലിങ്കന്‍
റിയാദ്: ഇക്കാലമത്രയും സഞ്ചരിച്ച വഴിയില്‍ നിന്ന് മാറി പോകുകയാണ് സൗദി അറേബ്യ. പുതിയ ബന്ധങ്ങള്‍ സൗദിയുടെ വിദേശ നയത്തില്‍ വന്ന മാറ്റം എടുത്തുകാട്ടുന്നു. ആഭ്യന്തര വികസനം മാത്രം ഉന്നമിട്ടുള്ള നീക്കങ്ങളാണ് സൗദി ഇപ്പോള്‍ നടത്തുന്നത്. സംഘര്‍ഷമില്ലാത്ത പശ്ചിമേഷ്യ എന്ന ലക്ഷ്യമാണ് സൗദിയെ നയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയുമായി സൗദിക്ക് ദശാബ്ദങ്ങളുടെ മികച്ച സൗഹൃദമാണുണ്ടായിരുന്നത്. എന്നാല്‍ ഇക്കാലയളവില്‍ സംഘര്‍ഷമൊഴിഞ്ഞ നേരവും പശ്ചിമേഷ്യയിലുണ്ടായിരുന്നില്ല. ഇവിടെയാണ് പുതിയ മാറ്റം ചര്‍ച്ചയാകുന്നത്. അമേരിക്കയുടെ ഇരിപ്പിടത്തില്‍ ചൈന കയറി ഇരിക്കുകയാണോ എന്ന തോന്നലുണ്ടാക്കുന്നതാണ് സമീപകാല സംഭവങ്ങള്‍.

ചൈനയുമായി അടുത്ത ബന്ധമാണ് ഖത്തര്‍, ഇറാന്‍, റഷ്യ, സിറിയ എന്നീ രാജ്യങ്ങള്‍ക്കെല്ലാം. കഴിഞ്ഞ വര്‍ഷം വരെ ഈ രാജ്യങ്ങളുമായി അകന്ന് നില്‍ക്കുകയാരുന്നു സൗദി അറേബ്യ. എന്നാല്‍ അടുത്തിടെ ചൈന നടത്തിയ നീക്കം സൗദിയുടെ ബന്ധങ്ങളെ മാറ്റിമറിച്ചു. അകറ്റി നിര്‍ത്തിയ രാജ്യങ്ങളുമായി സൗദിക്ക് ഇപ്പോള്‍ നല്ല ബന്ധമാണ്.
ഏഴ് വര്‍ഷമായി അകറ്റി നിര്‍ത്തിയിരുന്ന ഇറാനുമായി സൗദി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. നാല് വര്‍ഷത്തോളം നീണ്ട ഖത്തര്‍ ഉപരോധം നിരുപാധികം പിന്‍വലിച്ചു, 11 വര്‍ഷമായി ശത്രുപക്ഷത്ത് നിര്‍ത്തിയ സിറിയയെ ചേര്‍ത്തുപിടിച്ചത് കഴിഞ്ഞമാസമാണ്. പതിനായിരങ്ങളുടെ മരണത്തിന് ഇടയാക്കിയ യമന്‍ യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. സൗദിയുടെ ഭാഗത്ത് നിന്ന് ഇത്തരം മാറ്റങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് വരെ പ്രവചിക്കാന്‍ കഴിയാത്തതായിരുന്നു.
ഇറാനുമായി സൗദി അടുത്തു കഴിഞ്ഞാല്‍ പശ്ചിമേഷ്യയിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് മനസലാക്കിയ ചൈന, ആദ്യ ശ്രമിച്ചത് ഈ ബന്ധം പുനഃസ്ഥാപിക്കാനായിരുന്നു. മാര്‍ച്ച് 10ന് സൗദിയും ഇറാനും കരാറൊപ്പിട്ടതോടെ മറ്റു വിഷയങ്ങളിലെല്ലാം മഞ്ഞുരുക്കമുണ്ടായി. അതിവേഗമാണ് പിന്നീട് ഓരോ പ്രശ്‌നങ്ങളും അവസാനിച്ചത്.
ഏറ്റവും ഒടുവില്‍ വെനസ്വേലയെയും സൗദി ചേര്‍ത്തുപിടിക്കുകയാണ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോ കഴിഞ്ഞ ദിവസം സൗദിയിലെത്തി. ജിദ്ദ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് സൗദി ഭരണകൂടം ഒരുക്കിയത്. അമേരിക്ക ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് വെനസ്വേല. അമേരിക്ക ഉപരോധം ചുമത്തിയ ഇറാന്‍, റഷ്യ, സിറിയ എന്നീ രാജ്യങ്ങളുമായും സൗദി ബന്ധം പുനസ്ഥാപിച്ചു.
സിറിയയുടെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ നിക്കോളാസ് മദ്യൂറോ സൗദിയിലെത്തി. ഇറാന്‍ പ്രസിഡന്റ് വൈകാതെ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യമനിലെ ഹൂത്തി തടവുകാരെ സൗദി മോചിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു. റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ സൗദി ഇറക്കുന്നു എന്ന വ്യത്യസ്തമായ വാര്‍ത്തയും വന്നുകഴിഞ്ഞു. അടിമുടി മാറുകയാണ് സൗദി.
അതേസമയം, സൗദിയുടെ നിലപാട് മാറ്റം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അടുത്താഴ്ച വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റിയാദിലെത്തും. ഭീകര വിരുദ്ധ നീക്കങ്ങളുടെ ഭാഗമായിട്ടാണ് സന്ദര്‍ശനം. വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ബ്ലിങ്കന്‍ അധ്യക്ഷത വഹിക്കും. സൗദിയെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications