വന്‍ നിക്ഷേപമുള്ള സൗദി അറേബ്യ എന്തിനാണ് എണ്ണ വാങ്ങുന്നത്? പത്തിരട്ടിയായി ഉയര്‍ന്നു
റിയാദ്: ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ പ്രധാന രാജ്യവും സൗദിയാണ്. എണ്ണവില ഇടിഞ്ഞത് സൗദിക്ക് വലിയ തിരിച്ചടിയായിരിക്കുന്നു. വില വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. അതിന് പുറമെ സൗദി മറ്റൊരു തന്ത്രപരമായ നീക്കവും നടത്തുന്നു.
വന്‍ തോതില്‍ എണ്ണ വാങ്ങുകയാണ് സൗദി അറേബ്യ ചെയ്യുന്നത്. നേരിയ തോതില്‍ സൗദി എണ്ണ നേരത്തെ വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാങ്ങുന്ന അളവ് പത്തിരട്ടി വര്‍ധിപ്പിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇത്രയും എണ്ണ കൈവശമുള്ള സൗദി അറേബ്യ എന്തിനാണ് വാങ്ങുന്നത് എന്ന ചോദ്യം സ്വാഭാവികം.

പ്രതിദിനം 193000 ബാരല്‍ എണ്ണ സൗദി അറേബ്യ ജൂണില്‍ വാങ്ങിയിരുന്നു എന്നാണ് പുതിയ കണക്ക്. റഷ്യയില്‍ നിന്നാണ് ഇത്രയും അളവില്‍ എണ്ണ വാങ്ങുന്നത്. ഒരു വര്‍ഷം മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിരട്ടി വര്‍ധിച്ചിരിക്കുന്നു എന്നാണ് കെപ്ലര്‍ രേഖകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി അറേബ്യ കയറ്റുമതി ചെയ്യുന്നത് അസംസ്‌കൃത എണ്ണയാണ്. എന്നാല്‍ റഷ്യയില്‍ നിന്ന് അവര്‍ ഇറക്കുന്നതാകട്ടെ ഇന്ധന എണ്ണയും. ഇതുപയോഗിച്ച് രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് സൗദി ചെയ്യുന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് വില കുറവാണ്. ഇവ കൂടുതല്‍ ഇറക്കുമതി ചെയ്ത് വൈദ്യുതി ഉല്‍പ്പാദനം കൂട്ടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. ഇവരുടെ പ്രധാന ഉപഭോക്താക്കള്‍ യൂറോപ്പ് ആയിരുന്നു. യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് യൂറോപ്പ് എണ്ണയും പെട്രോളിയം ഉല്‍പ്പനങ്ങളും വാങ്ങുന്നില്ല. ഇതോടെ അധികം വരുന്ന എണ്ണയാണ് റഷ്യ മറ്റു വിപണികളില്‍ വിറ്റഴിക്കുന്നത്. സൗദി മാത്രമല്ല, മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഇവ വാങ്ങുന്നുണ്ട്.
സ്വന്തം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണ പൂര്‍ണമായും കയറ്റുമതി ചെയ്യുക, വൈദ്യുതി ആവശ്യമടക്കമുള്ള ആഭ്യന്തര ഉല്‍പ്പാദനത്തിന് വേണ്ട എണ്ണ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുക എന്ന തന്ത്രമാണ് സൗദി പയറ്റുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെയാണ് സൗദിയും യുഎഇയും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.
റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയില്‍ ആഭ്യന്തര ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നത് സൗദി കയറ്റുമതി ചെയ്യുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധം തകിടം മറിക്കുന്ന നീക്കമാണിത്. സൗദി മാത്രമല്ല ഇന്ത്യയും ചൈനയും സമാനമായ രീതിയില്‍ റഷ്യയില്‍ നിന്നു വാങ്ങുന്ന അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഡീസല്‍ വില്‍പ്പനയിലും ചില തന്ത്രങ്ങള്‍ സൗദി പയറ്റുന്നുണ്ട്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഡീസല്‍ വാങ്ങുകയാണ് സൗദി. അതേസമയം, സ്വന്തം ഡീസല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഉയര്‍ന്ന വിലയ്ക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ഇതിലൂടെ വലിയ ലാഭമാണ് സൗദി എണ്ണ വ്യാപാരത്തില്‍ നേടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications