സൗദിയിലെ പുതിയ മാറ്റങ്ങള്‍; ബിന്‍ സല്‍മാന്‍ അടവ് മാറ്റി... മൂന്ന് രാജ്യങ്ങളെ കൂടെ ചേര്‍ക്കുന്നു
റിയാദ്: പശ്ചിമേഷ്യയിലെ പ്രധാന രാജ്യമായ സൗദി അറേബ്യ നയനിലപാടുകളില്‍ കാതലായ മാറ്റം വരുത്തി. സംഘര്‍ഷത്തിന്റെ പാത വേണ്ട എന്നാണ് സൗദിയുടെ പുതിയ നിലപാട്. മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമാണിത്. എന്താണ് ഇതിന് കാരണം എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സൗദിയുടെ ഈ മാറ്റം മേഖലയ്ക്ക് മൊത്തം ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നു.
സൗദിയില്‍ സമ്പൂര്‍ണമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട നേതാവാണ് കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്ത്രീകളുടെ പങ്കാളിത്തം പൊതുരംഗത്ത് സജീവമാകുന്നതിന് അദ്ദേഹം മുന്തിയ പരിഗണന നല്‍കി. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് മുതല്‍ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതെല്ലാം മാറിയ സൗദിയുടെ മുഖ ലക്ഷണമായിരുന്നു.

ഇനി അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിലും മാറ്റം വരുത്തുകയാണ് സൗദി. ഇറാനുമായി വര്‍ഷങ്ങളായി തുടരുന്ന വൈരം മറന്ന് ഒരുമിച്ച് പോകാന്‍ തീരുമാനിച്ചിരിക്കുന്നു. സൗദിയുടെ മന്ത്രിമാര്‍ ചൈനയിലാണ് ചര്‍ച്ച നടത്തിയതും കരാര്‍ ഒപ്പുവച്ചതും. ശേഷം ടെലിഫോണില്‍ നേതാക്കള്‍ ചര്‍ച്ച തുടര്‍ന്നു. ഇറാന്‍ പ്രസിഡന്റിനെ സല്‍മാന്‍ രാജാവ് സൗദിയിലേക്ക് ക്ഷണിച്ചു. ഇപ്പോള്‍ സൗദിയുടെ പ്രതിനിധികള്‍ ഇറാനിലെത്തിയിരിക്കുകയാണ്.
ഇറാനില്‍ ഏഴ് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ സൗദിയുടെ എംബസിയും കോണ്‍സുലേറ്റും വീണ്ടും തുറക്കാന്‍ പോകുകയാണ് സൗദി. ടെഹ്‌റാനിലെ എംബസിയും മശ്ഹദിലെ കോണ്‍സുലേറ്റുമാണ് തുറക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് സൗദിയുടെ സാങ്കേതിക വിദഗ്ധര്‍ ഇന്നലെ ഇറാനിലെത്തിയത്. ഇവര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം സൗദി ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന് ശേഷം എംബസി തുറക്കുന്ന തിയ്യതി പ്രഖ്യാപിക്കും.
ഇറാന്റെയും സൗദിയുടെയും വിദേശകാര്യമന്ത്രിമാര്‍ കഴിഞ്ഞ വ്യാഴാഴ്ച ചൈനയില്‍ ചര്‍ച്ച നടത്തിയിരുന്നു. നയതന്ത്ര ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തി. ചൈനയാണ് ഇതെല്ലാം മധ്യസ്ഥത വഹിച്ചത് എന്നതാണ് എടുത്തുപറയേണ്ടത്. അമേരിക്കയെ മാറ്റി നിര്‍ത്തിയാണ് സൗദി ചൈനയുമായി അടുക്കുന്നത്. അമേരിക്കക്ക് മേഖലയിലുള്ള സ്വാധീനം നഷ്ടപ്പെടുകയാണിപ്പോള്‍.
അതേസമയം, യമനിലെ ഹൂത്തി വിമതരെ സൗദി അറേബ്യ മോചിപ്പിച്ചു. ആദ്യ സംഘത്തില്‍ 13 വിമതരെയാണ് സൗദി വിട്ടയച്ചത്. ഇവര്‍ സൗദിയിലെ ജയിലിലായിരുന്നു. യുദ്ധ തടവുകാരായി പിടികൂടിയിട്ട് വര്‍ഷങ്ങളായി. പുതിയ സമാധാന പദ്ധതിയുടെ ഭാഗമായിട്ടാണ് മോചനം. നേരത്തെ ഹൂത്തികള്‍ പിടിച്ചുവച്ച സൗദി തടവുകാരനെ വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് 13 ഹൂത്തികളെ സൗദി വിട്ടയച്ചത്.
പത്ത് വര്‍ഷത്തോളമായി ഹൂത്തികളുമായി യുദ്ധത്തിലായിരുന്നു സൗദി. യമനിലെ പഴയ സര്‍ക്കാരിനെയാണ് സൗദി പിന്തുണച്ചിരുന്നത്. വിമതര്‍ക്കെതിരെ സൗദി യുദ്ധം തുടങ്ങുകയും ചെയ്തു. ഹൂത്തികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടായിരുന്നു. പുതിയ സമാധാന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പരസ്പരം ആക്രമണം നിര്‍ത്തിവച്ചിരിക്കുകയാണ്. അടുത്താഴ്ച കൂടുതല്‍ ഹൂത്തി തടവുകാരെ സൗദി വിട്ടയക്കും.
അതേസമയം, സിറിയയിലെ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായും സൗദി അറേബ്യ അടുക്കുകയാണ്. പത്ത് വര്‍ഷത്തോളമായി അസദുമായി സൗദിക്ക് ബന്ധമില്ല. ഈ നിലപാട് സൗദി മാറ്റുകയാണിപ്പോള്‍. മുസ്ലിം രാജ്യങ്ങളുടെ സമ്മേളനത്തില്‍ സിറിയയെ പ്രതിനിധീകരിച്ച് അസദ് പങ്കെടുക്കും. സിറിയയിലെ വിമതരെയാണ് ഇതുവരെ സൗദി പിന്തുണച്ചിരുന്നത്. ഇപ്പോള്‍ അസദിനെയും ചേര്‍ത്ത് പിടിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യ സമാധാന ഭൂമിയാകുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications