തീവ്രനിലപാടുകള്‍ക്ക് വിട; സൗദി മിതവാദ ആശയങ്ങളിലേക്ക് തിരിച്ചുപോവുന്നു
തീവ്രനിലപാടുകള്‍ക്ക് വിട; സൗദി മിതവാദ ആശയങ്ങളിലേക്ക് തിരിച്ചുപോവുന്നു
റിയാദ്: തീവ്രആശയങ്ങളുടെ വിളനിലമായി വിശേഷിപ്പിക്കപ്പെടുന്ന സൗദി അറേബ്യ ചുവടുമാറ്റുന്നു. തീവ്രവാദ നിലപാടുകളില്‍ നിന്ന് മാറി പഴയ മിതവാദ ആശയങ്ങളിലേക്ക് സൗദി തിരിച്ചുപോവുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദവുമായി മുന്നോട്ടുപോവാനാവില്ല
അടുത്ത 30 വര്‍ഷം കൂടി വിനാശകരമായ തീവ്രവാദ ആശയങ്ങളുമായി മുന്നോട്ടുപോവാന്‍ സൗദി ജനതയ്ക്ക് സാധ്യമല്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് നിക്ഷേപകരെയും അതിഥികളെയും സാക്ഷിനിര്‍ത്തി സൗദി രാജകുമാരന്‍ പറഞ്ഞു. അത്തരം ആശയങ്ങളെ ഇന്ന് നശിപ്പിക്കും. ഇപ്പോള്‍ ഇവിടെ വച്ച് തന്നെ നശിപ്പിക്കും. ഇനിയും ഇത് നീട്ടിക്കൊണ്ടുപോവുന്ന പ്രശ്മില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുമ്പുണ്ടായിരുന്നത് മനോഹരമായ സൗദി
ഫൈസല്‍ രാജാവ് കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 1979 മുതല്‍ സൗദിയില്‍ ശക്തി പ്രാപിച്ച തീവ്രവാദ ഇസ്ലാമിനെ തുടച്ചുമാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. '1979ന് മുമ്പ് നമ്മുടെ രാജ്യം ഇങ്ങനെയായിരുന്നില്ല. നാം മുമ്പ് എന്തായിരുന്നോ അതിലേക്ക് തിരിച്ചുപോവുകയാണ്. എല്ലാ മതങ്ങളോടും ലോകത്തോട് മൊത്തവും തുറന്ന സമീപനം സ്വീകരിക്കുന്ന മിതവാദ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന രാജ്യമായിരുന്നു നമ്മുടേത്. എല്ലാ മതങ്ങളോടും തുറന്ന നയം സ്വീകരിക്കുന്ന മിതവാദ ഇസ്ലാമായിരുന്നു നമ്മുടേത്. ആ സാധാരണ ജീവിതമാണ് നമുക്ക് ജിവിച്ചുതീര്‍ക്കേണ്ടത്'- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മാറ്റി മറിക്കുന്ന പ്രഖ്യാപനം
സൗദിയെ മുച്ചൂടും മാറ്റിമറിക്കുന്ന പ്രഖ്യാപനമാണ് കിരീടാവകാശി നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്ത് നടക്കാനിരിക്കുന്ന സാമൂഹികവും സാമ്പത്തികവും നയപരവുമായ മാറ്റങ്ങളിലേക്കുള്ള സൂചനയാണ് 32കിരീടാവകാശി ആഗോള സദസ്സിനെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. എണ്ണ സമ്പത്തിനെ ആശ്രയിച്ചുള്ള സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് മാറി സാങ്കേതികവിദ്യയെ ആശ്രയിച്ച് മുന്നോട്ടുപോവാനുള്ള തീരുമാനത്തിന്റെ ഭാഗം കൂടിയാണിതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

യുവാക്കളാണ് രാജ്യത്തിന്റെ ശക്തി
സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി പുതുതലമുറയ്ക്ക് അനുയോജ്യമായ സംവിധാനങ്ങളൊരുക്കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. രാജ്യത്തെ 70 ശതമാനത്തിലേറെ ജനസംഖ്യ 30 വയസ്സിന് താഴെയുള്ളവരാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ അവര്‍ക്ക് അനുയോജ്യമായ സാമ്പത്തിക വ്യവസ്ഥയും തൊഴില്‍ സാഹചര്യങ്ങളും സൃഷ്ടിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ടെന്ന തിരിച്ചറിവാണ് ഈ ചുവടുമാറ്റത്തിനു പിന്നില്‍.

പരിഷ്‌ക്കാരങ്ങള്‍ നേരത്തേ തുടങ്ങി
കിരീടാവകാശിയുടെ പുതിയ പ്രഖ്യാപത്തിന് മണ്ണൊരുക്കുന്നതിന്റെ ഭാഗമായി ഏതാനും മാസങ്ങളായി സാമൂഹികമായ മാറ്റങ്ങള്‍ക്ക് സൗദി തുടക്കം കുറിച്ചിരുന്നു. വാഹനമോടുക്കുന്നതില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കാനുള്ള തീരുമാനവും സ്ത്രീപുരുഷന്‍മാര്‍ക്ക് ഒരേവേദിയില്‍ ഒന്നിച്ചിരിക്കാന്‍ അവസരം നല്‍കിയതും മൂന്നു പതിറ്റാണ്ടിലേറെയായി അപ്രത്യക്ഷമായ സിനിമാ തിയറ്ററുകള്‍ തിരിച്ചുവരാന്‍ തുടങ്ങിയതും വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനകങ്ങളായിരുന്നു.

ഭീകരവാദം തുടച്ചുനീക്കി
സൗദിയില്‍ നിന്ന് ഭീകരവാദ ശക്തികളെ തുടച്ചുനീക്കാനുള്ള സൗദി കാരീടാവകാശിയുടെ ശ്രമങ്ങള്‍ വിജയം കണ്ടതായാണ് നിരീക്ഷകര്‍ വിലയിരുത്തന്നത്. ഐ.എസ്, അല്‍ഖാഇദ തുടങ്ങിയവയുടെ സെല്ലുകള്‍ കണ്ടെത്തി നശിപ്പിക്കുന്നതില്‍ വിജയം കണ്ട അദ്ദേഹം, അവര്‍ക്കെതിരായ പോരാട്ടങ്ങളില്‍ ആഗോളതലത്തില്‍ സുപ്രധാന പങ്ക്വഹിക്കുകയുമുണ്ടായി. ഇനി തീവ്രവാദ ആശയങ്ങളെ തന്നെ രാജ്യത്തു നിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ എം.ബി.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍.












Click it and Unblock the Notifications