ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അഞ്ചാമതും പ്രധാനമന്ത്രി; തൂത്തുവാരി അവാമി ലീഗ്
ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അഞ്ചാം തവണയും പ്രധാനമന്ത്രി പദത്തില്‍. അവരുടെ അവാമി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയം നേടിയത്. ഹസീന തുടര്‍ച്ചയായ നാലാം തവണയാണ് പ്രധാനമന്ത്രിയാവുന്നത്. മൊത്തം അഞ്ചാം തവണയാണ് ഇപ്പോള്‍ അവര്‍ പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ പോകുന്നത്. എന്നാല്‍ പ്രധാന പ്രതിപക്ഷമായ ബിഎന്‍പിയുടെ ബഹിഷ്‌കരണവും, വ്യാപകമായ അക്രമങ്ങളും കാരണം വലിയ നാണക്കേടുണ്ടാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണിത്.
ഹസീനയുടെ അവാമി ലീഗ് ആകെയുള്ള 300 പാര്‍ലമെന്റ് സീറ്റില്‍ 223 എണ്ണത്തില്‍ വിജയിച്ചു. ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്ന് ഹസീന മത്സരിച്ചിരുന്നു. രണ്ടര ലക്ഷം വോട്ടിനാണ് അവര്‍ വിജയിച്ചത്. 1986ന് ശേഷം ഹസീന ഇവിടെ നിന്ന് എട്ടാം തവണയാണ് വിജയിക്കുന്നത്. 40 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയുടെ നിസാമുദീന്‍ ലഷ്‌കറാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഗോപാല്‍ഗഞ്ചില്‍ മത്സരിച്ചത്. എന്നാല്‍ ആകെ ലഭിച്ചത് 469 വോട്ടുകളാണ്. 2009 മുതല്‍ ഹസീന ബംഗ്ലാദേശ് ഭരിക്കുന്നുണ്ട്. പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനാല്‍ മത്സരം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. ബിഎന്‍പിയെയും, ജമാഅത്ത് ഇസ്ലാമിയുടെയും ബഹിഷ്‌കരണാഹ്വാനത്തെ തള്ളിക്കളഞ്ഞ് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയെന്ന് അവാമി ലീഗ് ജനറല്‍ സെക്രട്ടി ഒബൈദുല്‍ ഖാദര്‍ പറഞ്ഞു.
അക്രമവും, തീവ്രവാദവുമെല്ലാം കാണിച്ച് ജനങ്ങളെ ഭയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ ജനങ്ങള്‍ അതിനെ തള്ളിയെന്നും ഖാദര്‍ പറഞ്ഞു. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. പോളിംഗ് അതിലൂടെ കുറയുകയും ചെയ്തു.ഇന്ത്യയും ചൈനയും തെരഞ്ഞെടുപ്പിന് പിന്തുണ നല്‍കിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിന് വിശ്വാസ്യത പോരെന്ന നിലപാടിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. കാവല്‍ സര്‍ക്കാരിന്റെ ചുമതലയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യ പ്രതിപക്ഷമായ ബിഎന്‍പി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഹസീന രാജിവെച്ച് കാവല്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ആവശ്യം.
തെരഞ്ഞെടുപ്പ് അക്രമങ്ങളും ബംഗ്ലാദേശില്‍ ധാരാളമുണ്ടായിരുന്നു. ബെനാപോള്‍ എക്‌സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ബിഎന്‍പിയുടെ നേതാവ് നബിയ്യുല്ല നബി അടക്കം എട്ട്പ െേര അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം വിജയാഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്നാണ് ഹസീന പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.
രാജ്യത്താകെ സംഘര്‍ഷം നിറഞ്ഞ് നില്‍ക്കുമ്പോള്‍ ആഘോഷപ്രകടനങ്ങള്‍ പാടില്ലെന്ന് ഹസീന നിര്‍ദേശം നല്‍കി. 2018ലെ തെരഞ്ഞെടുപ്പില്‍ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. ഇത്തവണ മത്സരിച്ചവരില്‍ പകുതിയിലേറെയും അവാമി ലീഗിന്റെ ഡമ്മി സ്ഥാനാര്‍ത്ഥികളാണെന്ന് ബിഎന്‍പി ആരോപിക്കുന്നു. വോട്ടെടുപ്പ് വിലയിരുത്താന്‍ 127 വിദേശ നിരീക്ഷകരും എത്തിയിരുന്നു.












Click it and Unblock the Notifications