ടൈറ്റാനിക് കാണാന്‍ പോയ അന്തര്‍വാഹിനി കാണാനില്ല; വിനോദ സഞ്ചാരികള്‍ കടലിനടിയില്‍?
മുങ്ങിത്താണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ചെറിയ അന്തര്‍വാഹിനി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായതായി റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനിയുടെ അന്തര്‍വാഹിനിയാണ് കാണാതായത്. അഞ്ച് പേര്‍ ഈ അന്തര്‍വാഹിനിയില്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്തര്‍വാഹിനി കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

സമുദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 3,800 മീറ്റര്‍ താഴെയാണ് ടൈറ്റാനിക്ക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവിശിഷ്ടങ്ങള്‍ കാണാന്‍ അന്തര്‍വാഹിനി ഉപയോഗിച്ച് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള ചെറിയ അന്തര്‍വാഹിനി കപ്പലുകള്‍ വിനോദ സഞ്ചാരികളില്‍ നിന്നും പണം ഈടാക്കി ആഴക്കടലിലേക്ക് കൊണ്ടു പോകാറുണ്ട്.
അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി എട്ട് ദിവസത്തെ യാത്രയാണ് കമ്പനികള്‍ സംഘടിപ്പിക്കുന്നത്. ഇതിനായി സഞ്ചാരികളില്‍ നിന്ന് 250000 ഡോളര്‍ വരെയാണ് ഈടാക്കുന്നത് (രണ്ട് കോടി ഇന്ത്യന്‍ രൂപ). ഓഷ്യന്‍ ഗേറ്റ് എന്ന കമ്പനിയുടെ അന്തര്‍വാഹിനിയാണ് കാണാതായത്. കപ്പലിലുള്ള അഞ്ച് പേരെയും രക്ഷപ്പെടുത്താനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ എജന്‍സികളും യു എസ് കനേഡിയന്‍ നാവികസേനകളും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നുണ്ടെന്നാണ് വിവരം. 13,000 അടി വരെ താഴ്ചയില്‍ തെരയാന്‍ സഹായിക്കുന്ന സോണാര്‍ ബോയകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
1912ല്‍ ആദ്യ യാത്രയ്ക്കിടെ ഒരു മഞ്ഞുമലയില്‍ ഇടിച്ചാണ് ടൈറ്റാനിക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയത്. അന്നത്തെ അപകടത്തില്‍ 1500 പേര്‍ മരണപ്പെട്ടിരുന്നു. കപ്പലിന്റെ അവശിഷ്ടങ്ങള്‍ 1985 ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി, അതിനുശേഷം അത് വിപുലമായി പര്യവേക്ഷണം ചെയ്യപ്പെട്ടു.












Click it and Unblock the Notifications