ശ്രീലങ്ക സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി, 41 പാര്‍ലമെന്റംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചു
കൊളംബോ: ശ്രീലങ്കയില്‍ പ്രതിഷേധം തെരുവില്‍ അലയടിക്കവേ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഗോതബയ രജപക്‌സെയുടെ നേതൃത്വത്തിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയില്‍ നിന്നാണ് തിരിച്ചടിയുണ്ടായത്. 41 പാര്‍ലമെന്റംഗങ്ങള്‍ സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കഷ്ടപ്പെടുകയാണ്. ഇതിനിടെയാണ് ഭൂരിപക്ഷം നഷ്ടമായിരിക്കുന്നത്. അതേസമയം പുതിയ ധനമന്ത്രിയും ഇതിനിടെ രാജിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ രജപക്‌സെ നിയമിച്ചത്. പ്രസിഡന്റിനുള്ള കത്തില്‍ രാജിക്കുള്ള കാരണവും ധനമന്ത്രി ശബ്രി പറയുന്നുണ്ട്. താല്‍ക്കാലിക നടപടിയായിട്ടാണ് മന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും ശബ്രി പറഞ്ഞു.

സിലോണ്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. സിഡബ്ല്യുസിയുടെ പ്രസിഡന്റ് സെന്തില്‍ തൊണ്ടമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇക്കാര്യം രജപക്‌സെയെ അറിയിച്ചതായി സെന്തില്‍ പറഞ്ഞു. അനുര പ്രിയദര്‍ശന യപ്പയുടെ കൂടെയുള്ള പതിനൊന്ന് എംപിമാരാണ് ആദ്യം രാജിവെച്ചത്. ഇവര്‍ പാര്‍ലമെന്റില്‍ പ്രത്യേക സ്വതന്ത്ര ഗ്രൂപ്പായി ഇരിക്കുമെന്ന് അനുര വ്യക്തമാക്കി. ഇതിന് പിന്നാലെ മുന്‍ മന്ത്രി വിമല്‍ വീരവംശയും ഇതേ നിലപാടെടുത്തു. സര്‍ക്കാരിനുള്ള പിന്തുണ 16 എംപിമാര്‍ പിന്‍വലിക്കുകയായിരുന്നു. ഇവരുട സ്വതന്ത്ര ഗ്രൂപ്പായി പാര്‍ലമെന്റില്‍ തുടരും. മൂന്നാമത്തായി മൈത്രിപാല സിരിസേനയാണ് പിന്തുണ പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. പതിനഞ്ച് എംപിമാരാണ് പിന്തുണ പിന്‍വലിച്ചത്.
അതേസമയം പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത്ത് സിയാമ്പലപിതിയയും ഇതിനിടെ രാജിവെച്ചു. കൊളംബോ ഗസറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത് രജപക്‌സെയ്ക്ക് വലിയ തിരിച്ചടിയാണ്. മഹിന്ദ രജപക്‌സെയുടെ വസതിക്ക് പുറത്ത് ഇന്ന് ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചാണ് പ്രക്ഷോഭകാരികളെ പിരിച്ച് വിട്ടത്. താന്‍കല്ലെയിലെ വസതിയിലേക്കാണ് പ്രതിഷേധക്കാര്‍ ഇരച്ചെത്തിയത്. ഇന്ത്യയും തുടര്‍ന്നും ശ്രീലങ്കയ്ക്ക് സഹായം നല്‍കുമെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്ലെ പറഞ്ഞു. ഇന്ധനവും ഭക്ഷ്യസാധനങ്ങളുമാണ് എത്തിക്കുന്നത്.
രാജ്യത്ത് അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടി സൈന്യം എടുക്കുമെന്ന് ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. ഒരു ഗ്രൂപ്പ് സമാധാനപരമായി പ്രതിഷേധം നടത്തുന്നുണ്ട്.അവര്‍ സമാധാനപരമായി പിരിഞ്ഞു പോകുന്നുണ്ട്. എന്നാല്‍ മറ്റൊരു ഗ്രൂപ്പ് മനപ്പൂര്‍വം അക്രമങ്ങളുണ്ടാക്കുകയാണ്. ഇത് സംഘടിതമായ രീതിയിലാണ് നടക്കുന്നത്. പൊതുമുതലും സ്വകാര്യ മുതലും ഇവര്‍ നശിപ്പിക്കുകയാണ്. നിത്യ ജീവിതത്തിന് വരെ ഇവര്‍ ഭീഷണിയാണെന്ന് പ്രതിരോധ സെക്രട്ടരി കമല്‍ ഗുണരത്‌ന പറഞ്ഞു. അതേസമയം ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റുകള്‍ ആരുണ്ടാക്കുന്നുവോ ആ പാര്‍ട്ടിക്ക് ഭരണം കൈമാറുമെന്ന് രജപക്‌സെ അറിയിച്ചു.












Click it and Unblock the Notifications