സുഡാൻ സംഘർഷം; സൗദിയുടെ രക്ഷാദൗത്യം, ഇന്ത്യക്കാരുൾപ്പെടെ 157 പേരെ ഒഴിപ്പിച്ചു
ദില്ലി: കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ 157 പേരെ രക്ഷിച്ച് സൗദി. 66 ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെയാണ് നാവിക സേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യത്തിൽ ജിദ്ദയിലെ ചെങ്കടൽ തുറമുഖത്ത് എത്തിച്ചത്. കലാപം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ സിവിലിയൻ രക്ഷാപ്രവർത്തനമാണിത്.
'സൗദി പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, സൗഹൃദ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർ സുരക്ഷിതരായി എത്തിച്ചേർന്നതായി സന്തോഷത്തോടെ അറിയിക്കുന്നു',സൗദി വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
നേരത്തേ ഇന്ത്യക്കാരെ രക്ഷിക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി എ ജയ്ശങ്കർ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി സംസാരിച്ചിരുന്നു.

യുഎഇ , കുവൈത്ത്, ഖത്തർ, ഈജിപ്ത്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 12 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സൗദി രക്ഷപ്പെടുത്തിയത്. ഏപ്രിൽ 15 ന് പോരാട്ടത്തിന്റെ തുടക്കത്തിൽ ഖർത്തൂമിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെ വെടിയേറ്റ സൗദി യാത്രാവിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് ജിദ്ദയിൽ വന്നിറങ്ങിയത്.
സംഘർഷത്തിനിടയിൽ സുഡാനില്‍ നിന്ന് റിയാദിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനത്തിനായിരുന്നു വെടിയേറ്റത്. യാത്രക്കാരും വിമാന ജോലിക്കാരും ചില അതിഥികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് തീ പടരുകയും വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍ എസ് എഫ്) തമ്മിലുള്ള സംഘര്‍ഷം ഉടലെടുത്തത്. സംഘർഷത്തിൽ ഇതുവരെ 413 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം റമദാന്‍ കണക്കിലെടുത്ത് സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം.
അതിനിടെ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിരുന്നു.സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും സുഡാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ തുടർച്ചയായി വിലയിരുത്താനും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി നിർദ്ദേശിച്ചു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 3,000-ലധികം ഇന്ത്യക്കാരുണ്ടെന്നാണ് നിലവിലെ കണക്ക്.












Click it and Unblock the Notifications