യുഎഇ, സൗദി അറേബ്യ സന്ദർശനത്തിനായി കരസേനാ മേധാവി യാത്ര തിരിച്ചു
റിയാദ്; ഒരാഴ്ച നീളുന്ന യുഎഇ, സൗദി അറേബ്യ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എംഎം നരവനെ യാത്രതിരിച്ചു. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കരസേനാ മേധാവി ഇരു രാഷ്ട്രങ്ങളും സന്ദർശിക്കുന്നത്.ഡിസംബർ 9,10 തീയതികളിൽ ആണ് അദ്ദേഹം യുഎഇ സന്ദർശിക്കുന്നത്. മുതിർന്ന സേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തും.

തുടർന്ന് ഡിസംബർ 13, 14 തീയതികളിൽ സൗദി അറേബ്യ സന്ദർശിക്കും.സൗദി അറേബ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടേയു കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കും..
കരസേനാ മേധാവി റോയൽ സൗദി ലാൻഡ് ഫോഴ്‌സിന്റെ ആസ്ഥാനം, ജോയിന്റ് ഫോഴ്‌സ് കമാൻഡ് ആസ്ഥാനം, കിംഗ് അബ്ദുൽ അസീസ് വാർ കോളേജ് എന്നിവ സന്ദർശിക്കും.
സൗദി പ്രതിരോധ സർവ്വകലാശാല സന്ദർശിക്കുന്ന അദ്ദേഹം അവിടുത്തെ വിദ്യാർത്ഥികളേയും അധ്യാപകരേയും അഭിസംബോധന ചെയ്യും.പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായാണ് യാത്ര വിലയിരുത്തപ്പെടുന്നത്. നേരത്തേ വിദേശകാര്യ മന്ത്രി ജയ്ശങ്കർ ബഹ്റൈനും യുഎഇയും സന്ദർശിച്ചിരുന്നു.പ്രതിരോധ-സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ഇരു രാജ്യങ്ങളിലെ തലവന്മാരുമായി ചർച്ച നടത്തിയിരുന്നു.
അതേസമയം വർഷത്തെ നരവാനെയുടെ മൂന്നാമത്തെ വിദേശ പര്യടനമാണിത്.ഒക്ടോബറിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്‌ലയ്‌ക്കൊപ്പം മ്യാൻമാറും നവംബറിൽ നേപ്പാളും നരവാനെ സന്ദർശിച്ചിരുന്നു.പാകിസ്ഥാനുമായി സൗദിയുടേയും യുഎഇയുടേയും ബന്ധം വഷളായ സാഹചര്യത്തിൽ കൂടിയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കരസേനാ മേധാവിയുടെ യാത്രയെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications