രഹസ്യചര്‍ച്ച പുലിവാലായി; ജനമിളകി... വനിതാ മന്ത്രി രാജ്യംവിട്ടു, എന്താണ് ഗദ്ദാഫിയുടെ നാട്ടില്‍ നടക്കുന്നത്
ട്രിപ്പോളി: മന്ത്രിയുടെ രഹസ്യ ചര്‍ച്ച പരസ്യമായതോടെ ലിബിയയില്‍ ജനകീയ പ്രതിഷേധം. ചര്‍ച്ചയ്ക്ക് രാഷ്ട്രീയ മാനമുണ്ട് എന്നതാണ് ഇതിന് കാരണം. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മന്ത്രി ഏത് സമയവും ആക്രമിക്കപ്പെട്ടേക്കാം എന്ന ഘട്ടം വന്നു. സ്വയരക്ഷയോര്‍ത്ത് മന്ത്രി രാജ്യംവിട്ടു. ഒരു ചര്‍ച്ച നടത്തിയത് ഇത്ര വലിയ പ്രശ്‌നമാണോ എന്ന സംശയം സ്വാഭാവികമാണ്...
ചര്‍ച്ചയുടെ ഗൗരവം അറിയണമെങ്കില്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ലിബിയയെ പറ്റി മനസിലാക്കണം. പാശ്ചാത്യ നാടുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മുഅമ്മര്‍ ഗദ്ദാഫി ദശാബ്ദങ്ങള്‍ ഭരിച്ച രാജ്യമാണ് ലിബിയ. മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ ലിബിയയിലുമെത്തിയപ്പോള്‍ സിംഹാസനം ഇളകി. വിമതര്‍ അദ്ദേഹത്തെ പിടികൂടി കൊലപ്പെടുത്തി. പിന്നീട് ലിബിയയില്‍ സൈ്വര്യജീവിതമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2011ലാണ് ലിബിയയില്‍ വിപ്ലവമുണ്ടായത്. അമേരിക്കയും നാറ്റോയും ഈ അവസരം മുതലെടുത്തു. തുണീഷ്യ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം വിപ്ലവത്തില്‍ ആടിയുലയുമ്പോഴാണ് ലിബിയയിലും ജനം തെരുവിലിറങ്ങിയത്. ഇതോടെ ഗദ്ദാഫിക്കെതിരെ ആഗോള തലത്തില്‍ പദ്ധതി ഒരുങ്ങി. സമരം അടിച്ചമര്‍ത്താന്‍ ഗദ്ദാഫി ഇറങ്ങിയതോടെ വിമതര്‍ക്ക് വിദേശ ശക്തികള്‍ ആയുധം നല്‍കി പോരിന് മൂര്‍ച്ച കൂട്ടി.
ഗദ്ദാഫിയുടെ കൊട്ടാരങ്ങള്‍ ഓരോന്നായി വിമതര്‍ പിടിച്ചടക്കിയതോടെ അദ്ദേഹം ഒളിപ്പോര് തുടങ്ങി. എങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ സായുധ സംഘങ്ങള്‍ അദ്ദേഹത്തെ പിടികൂടി വധിച്ചു. ഗദ്ദാഫി ഇല്ലാതായാല്‍ രാജ്യത്ത് ജനാധിപത്യവും സുസ്ഥിരതയുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ലിബിയ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്.
ലിബിയയില്‍ രണ്ട് സര്‍ക്കാരുകളാണുള്ളത്. പടിഞ്ഞാറ് കേന്ദ്രമായും കിഴക്ക് കേന്ദ്രമായും ഇവര്‍ ഭരിക്കുന്നു. രണ്ട് സര്‍ക്കാരുകളെയും പിന്തുണയ്ക്കുന്ന വിദേശരാജ്യങ്ങളുണ്ട്. പടിഞ്ഞാറ് കേന്ദ്രമായി ഭരിക്കുന്നവര്‍ക്കാണ് മേല്‍ക്കൈ. ഈ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായ നജ്‌ല മങ്കൂഷ് റോമില്‍ ഇസ്രായേല്‍ വിദേശകാര്യമന്ത്രി എലി കോഹനുമായി നടത്തിയ രഹസ്യ ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം പുറത്തായത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ലിബിയയുമായി അടുക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നു. എണ്ണ സമ്പന്നമായ ലിബിയയുമായി അടുക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഇസ്രായേല്‍ കരുതുന്നത്. മാത്രമല്ല എല്ലാ അറബ് രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കുക എന്ന ലക്ഷ്യവും ഇസ്രായേല്‍ സര്‍ക്കാരിനുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് പരസ്യമായത്.
ചര്‍ച്ചയെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദിബൈദയും പറയുന്നത്. ഈ വാദം ജനങ്ങള്‍ തള്ളുന്നു. റോമില്‍ നടന്ന രഹസ്യ ചര്‍ച്ച ഇസ്രായേല്‍ മാധ്യമങ്ങളാണ് വാര്‍ത്തയാക്കിയത്. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയും ശരിവച്ചു. നേരത്തെ പദ്ധതിയിട്ട ചര്‍ച്ചയല്ലെന്നും അനൗപചാരിക കൂടിക്കാഴ്ചയാണെന്നും നജ്‌ല വാദിച്ചു.
എന്നാല്‍ രണ്ട് മണിക്കൂര്‍ നടന്ന ചര്‍ച്ചയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തുവെന്ന വിവരം പുറത്തായത് തിരിച്ചടിയായി. പലസ്തീനൊപ്പമാണ് ലിബിയന്‍ ജനത. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കരുത് എന്നത് ഇവിടെ പൊതുവികാരമാണ്. ഇതിനെതിരെ മന്ത്രി പ്രവര്‍ത്തിച്ചതാണ് വിനയായത്. വിദേശകാര്യ മന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയെങ്കിലും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി തുര്‍ക്കിയിലേക്ക് നാടുവിട്ടിരിക്കുന്നത്.












Click it and Unblock the Notifications