ഇമ്രാന്‍ ഖാന് തടവ് ശിക്ഷ വിധിച്ച് കോടതി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്ക്
ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തടവ് ശിക്ഷ. തോഷഖാന കേസിലാണ് വിധി. മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് ഇമ്രാന്‍ ഖാന് വിധിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന് വിവിധ അവസരങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റതിനാണ് ഇമ്രാന്‍ ഖാന് വിചാരണ കോടതി ശിക്ഷ വിധിച്ചത്.
ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു രാജകുടുംബം നല്‍കിയ വാച്ചുകളും ഇമ്രാന്‍ ഖാന്‍ വിറ്റ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രതിപക്ഷ കക്ഷികള്‍ അവിശ്വാസ വോട്ട് നേടിയതോടെയാണ് പ്രധാനമന്ത്രിപദത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്താക്കപ്പെട്ടത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് മെയ് മാസത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് രാജ്യത്ത് അക്രമാസക്തമാക്കിയിരുന്നു.

കേസില്‍ ഇമ്രാന്‍ ഖാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി വിധി പ്രസ്താവത്തില്‍ ജഡ്ജി ഹുമയൂണ്‍ ദിലാവര്‍ പറഞ്ഞതായി പാകിസ്ഥാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ ഇമ്രാന്‍ ഖാന്‍ കോടതിയില്‍ എത്തിയിരുന്നില്ല. അതേസമയം ഇമ്രാന്‍ ഖാന് തടവിന് പുറമെ 100,000 രൂപ പിഴ ചുമത്തിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ക്രിമിനല്‍ പരാതിയില്‍ മെയ് 10 ന് ആണ് ഇമ്രാന്‍ ഖാനെതിരെ കേസെടുക്കുന്നത്.
'ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ബോധപൂര്‍വ്വം വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചു. അദ്ദേഹം അഴിമതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷന്‍ 174 പ്രകാരം പിടിഐ മേധാവിയെ മൂന്ന് വര്‍ഷത്തേക്ക് തടവിന് വിധിക്കുന്നു,' എന്നായിരുന്നു വിധിയില്‍ പറഞ്ഞത്. കോടതി വിധി നടപ്പിലാക്കുന്നതിനായി ഉത്തരവിന്റെ പകര്‍പ്പ് ഇസ്ലാമാബാദ് പൊലീസ് മേധാവിക്ക് അയക്കണമെന്നും ദിലാവര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം ഇമ്രാന്‍ ഖാനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇമ്രാന്‍ ഖാന്‍ മേല്‍ കോടതികളില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം നല്‍കിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ വിധിയെ ചോദ്യം ചെയ്യുമെന്നും മേല്‍ കോടതികളില്‍ അപ്പീല്‍ നല്‍കുമെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അതിഥികളില്‍ നിന്നും ആതിഥേയരില്‍ നിന്നും ലഭിച്ച 635,000 ഡോളറിലധികം വിലമതിക്കുന്ന സമ്മാനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഇമ്രാന്‍ ഖാന്‍ തന്റെ പ്രധാനമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തു എന്നായിരുന്നു പരാതി.












Click it and Unblock the Notifications