മുന്‍ ലഷ്കർ ഭീകരന്‍ ഉള്‍പ്പെടെ രണ്ട് പേരെ ഉപദേശകസമിതിയിലേക്ക് നിയമിച്ച് ട്രംപ്: വിമർശനം ശക്തം
വാഷിങ്ടണ്‍: ഭീകരവാദവുമായ ബന്ധപ്പെട്ട കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയെ ഉള്‍പ്പെടെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വിവാദമാകുന്നു. റിലീജിയസ് ഫ്രീഡം കമ്മിഷന്റെ ഉപദേശക സമിതിയിലേക്കാണ് ഇസ്മായിൽ റോയർ , ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെ ഉള്‍പ്പെടുത്തിയത്. ഇസ്മായില്‍ 2000-ല്‍ പാകിസ്താനില്‍ നടന്ന ലഷ്‌കറെ തൊയ്ബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ളയാളാണ്.\
മതപരവും സാമൂഹികവുമായ വിഷയങ്ങളിൽ ഭരണകൂടത്തിന് ഉപദേശം നൽകുന്നതിനുള്ള കൂട്ടായ്മയാണ് റിലീജിയസ് ഫ്രീഡം കമ്മിഷന്‍. 1990-കളിൽ ബോസ്നിയൻ യുദ്ധത്തിൽ പങ്കെടുത്തത്തിന് ശേഷമാണ് ഇസ്മായിലെ 2000-ത്തിൽ പാകിസ്താനിലെ ലഷ്കർ-ഇ-തൊയ്ബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുത്തത്. അതേസമയം തന്നെ ഇസ്ലാം മതവും സ്വീകരിച്ചു.

എഫ്ബിഐ അന്വേഷണത്തിൽ അൽ-ഖ്വയ്ദയ്ക്കും ലഷ്കറിനും റോയർ സഹായം നൽകിയതായും കണ്ടെത്തിയിരുന്നു. നേരത്തെ റെന്‍ഡെല്‍ റോയർ എന്നായിരുന്നു പേര് പാക് അധിനിവേശ കശ്മീരിൽ (PoJK) തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അദ്ദേഹം ഇന്ത്യൻ സൈനിക സ്ഥാനങ്ങളിൽ വെടിവയ്പ്പ് നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
2003-ൽ യുഎസിനെതിരെ യുദ്ധം ആസൂത്രണം ചെയ്തതിനും അൽ ഖ്വയ്ദ, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ സംഘടനകൾക്ക് സഹായം നൽകിയതിനും ഇസ്മായിലിനെതിരെ കുറ്റം ചുമത്തപ്പെട്ടു. 2004-ൽ കുറ്റം സമ്മതിച്ച അദ്ദേഹത്തിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചു. 13 വർഷം ശിക്ഷ അനുഭവിച്ചതായി ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പിന്നീട് റോയർ തന്റെ തീവ്രവാദ ബന്ധങ്ങൾ ഉപേക്ഷിച്ചതായി അവകാശപ്പെടുകയും, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മുൻകാല ബന്ധങ്ങൾ, പ്രത്യേകിച്ച് ലഷ്കർ - ഇ - ത്വയ്ബയുമായുള്ള ബന്ധം ഇന്ത്യയില്‍ അടക്കം വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.
പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ഷെയ്ഖ് ഹംസ യൂസഫ് അമേരിക്കയിലെ സയ്യന്റ് കോളേജിന്റെ സ്ഥാപകനാണ്. ജിഹാദികളുമായും നിരോധിത ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പുതിയ നിയമനങ്ങള്‍ക്കെതിരെ ട്രംപിന്റെ ക്യാമ്പില്‍ നിന്ന് തന്നെ വലിയ വിമർശനമാണ് ഉയരുന്നത്. ഇസ്മായിലിന്റെ നിയമനത്തെ 'ഭ്രാന്ത്' എന്നാണ് ട്രംപിന്റെ അടുത്ത അനുയായി ആയ ലാറ ലൂമര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ലെങ്കിലും, ഈ നിയമനങ്ങൾ ഇന്ത്യ-അമേരിക്ക ബന്ധങ്ങളിൽ ചെറിയ തോതിൽ ആശങ്കകളും ഉയർത്തിയേക്കാം.












Click it and Unblock the Notifications