ഒടുവില്‍ ട്രംപിന് നൊബേല്‍ സമ്മാനം 'ലഭിച്ചു'; വെനസ്വേലന്‍ നേതാവിന്റെ ഈ നീക്കത്തിന് പിന്നില്‍?
വാഷിങ്ടണ്‍: ലോകത്തിലെ വിവിധ യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിന്റെ പേരില്‍ തനിക്ക് നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടാന്‍ തുടങ്ങിയിട്ട് നാേളറെയായി. പല പൊതുവേദികളും ട്രംപ് ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുമുണ്ട്. അതേസമയം നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രംപിന്റെ ഈ വാദം അംഗീകരിച്ചിരുന്നില്ല. പോയ വര്‍ഷം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
ഇപ്പോഴിതാ, വളരെ നാടകീയമായ നീക്കവുമായി മരിയ കൊറീന മച്ചാഡോ അമേരിക്കയിലെത്തി തനിക്ക് ലഭിച്ച നൊബേല്‍ സമ്മാനം ട്രംപിന് സമര്‍പ്പിച്ചിരിക്കുകയാണ്. പുരസ്‌കാരം മറ്റൊരാള്‍ക്ക് കൈമാറാനോ പങ്കുവെക്കാനോ പാടില്ലെന്ന നിയമം നിലനില്‍ക്കേയാണ് മരിയ തന്റെ പുരസ്‌കാരം യുഎസ് പ്രസിഡന്റിനു നല്‍കിയത്. ട്രംപ് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പുരസ്‌കാരമാണ് മരിയയുടെ കൈകളിലൂടെ ട്രംപിന് ലഭിച്ചിരിക്കുന്നത്. അതേസമയം, മെഡല്‍ കൈമാറാന്‍ സാധിക്കുമെങ്കിലും 'നോബല്‍ ജേതാവ്' എന്ന പദവി ട്രംപിന് ലഭിക്കില്ല.

വൈറ്റ് ഹൗസില്‍ ട്രംപുമായി നടത്തിയ രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മച്ചാഡോ പുരസ്‌കാരം കൈമാറിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വെനിസ്വേലയുടെ സ്വാതന്ത്ര്യത്തിനായി ട്രംപ് നല്‍കുന്ന പിന്തുണയ്ക്കും സ്വേച്ഛാധിപത്യ ഭരണകൂടത്തെ പുറത്താക്കാന്‍ കാണിച്ച ധീരതയ്ക്കുമുള്ള നന്ദിസൂചകമായാണ് മെഡല്‍ നല്‍കുന്നതെന്നാണ് മച്ചാഡോ പറയുന്നത്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഈ സമ്മാനത്തിന് മച്ചാഡോയ്ക്ക് നന്ദി അറിയിച്ചു. ഇത് പരസ്പര ബഹുമാനത്തിന്റെ ഉദാത്തമായ അടയാളമാണെന്ന് അദ്ദേഹം കുറിച്ചു. മച്ചാഡോയെ ധീരയായ വനിതയെന്നും ട്രംപ് വിശേഷിപ്പിച്ചു.
വെനസ്വേലന്‍ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം സൈനിക നടപടിയിലൂടെ പിടികൂടിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത് എന്നതാണ് ശ്രദ്ധേയം.
മച്ചാഡോയുടെ ഈ നീക്കം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
നിലവില്‍ മഡൂറോയുടെ വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസിനെയാണ് വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ട്രംപ് അംഗീകരിച്ചിരിക്കുന്നത്. നോബല്‍ സമ്മാനം ട്രംപിന് കൈമാറിയതിലൂടെ വെനസ്വേലയുടെ പുതിയ ഭരണനേതൃത്വത്തിലേക്ക് ട്രംപിന്റെ പിന്തുണ ഉറപ്പാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് മച്ചാഡോയ്ക്കുള്ളതെന്ന് നിരീക്ഷകര്‍ കരുതുന്നു. ട്രംപ് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പുരസ്‌കാരം അദ്ദേഹത്തിന് നല്‍കുന്നതിലൂടെ അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കാന്‍ മച്ചാഡോ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വെനിസ്വേലയുടെ താല്‍ക്കാലിക ഭരണകൂടവുമായി ട്രംപ് നിലവില്‍ സഹകരിക്കുന്നുണ്ടെങ്കിലും, മച്ചാഡോയെ പൂര്‍ണമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ വ്യക്തമായ നിലപാട് എടുത്തിട്ടുമില്ല.
ലോകത്തെ ഏറ്റവും മൂല്യമുള്ളതായി കരുതപ്പെടുന്ന നൊബേല്‍ സമ്മാനം സാധാരണയായി നോബല്‍ ജേതാക്കള്‍ മറ്റൊരാള്‍ക്ക് നല്‍കാറില്ല. എന്നാല്‍ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ വിപ്ലവ നേതാവായ ജനറല്‍ ലഫായെറ്റ്, ലാറ്റിനമേരിക്കന്‍ വിമോചന നായകന്‍ സൈമണ്‍ ബൊളിവറിന് മെഡല്‍ സമ്മാനിച്ചിരുന്നു. ആ ചരിത്രപരമായ സാഹോദര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ഈ മെഡല്‍ കൈമാറ്റമെന്ന് മച്ചാഡോ വിശേഷിപ്പിച്ചു.












Click it and Unblock the Notifications