പ്രതിവര്‍ഷം 10000 ഡോളര്‍; നാട്ടുകാര്‍ക്ക് പണമെറിഞ്ഞ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ട്രംപിന്റെ വിവാദ പദ്ധതി
വാഷിങ്ടണ്‍: യൂറോപ്യന്‍ രാജ്യമായ ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ലാന്‍ഡ് ദ്വീപ് ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ ഇതിനകം വലിയ വിവാദം സൃഷ്ടിച്ചുകഴിഞ്ഞു. ട്രംപിന്റെ മോഹം നടക്കില്ലെന്ന് ഡെന്മാര്‍ക്ക് ഭരണകൂടം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏതുവിധേനയും പിടിച്ചെടുക്കാനാണ് ട്രംപിന്റെ ശ്രമം. ഇപ്പോഴിതാ ഗ്രീന്‍ലാന്‍ഡിലെ നാട്ടുകാര്‍ക്ക് സ്വന്തം നാട്ടില്‍ താമസിക്കാന്‍ വലിയ തുക വാഗ്ദാനം ചെയ്താണ് ട്രംപ് അടുത്ത അടവ് പയറ്റുന്നത്.
60000 ത്തിനടുത്ത് ആളുകളാണ് ഗ്രീന്‍ലാന്‍ഡില്‍ താമസിക്കുന്നത്. ഓരോ ദ്വീപുവാസികള്‍ക്കും 10000 ഡോളര്‍ വീതം വാഗ്ദാനം ചെയ്താണ് ട്രംപ് അവരെ പാട്ടിലാക്കാന്‍ ശ്രമിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ട്രംപിന്റെ വിവാദ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തില്‍ നിന്നും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ വാഗ്ദാനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഡെന്മാര്‍ക്ക് ഗ്രീന്‍ലാന്‍ഡിന് നല്‍കുന്നത് 600 മില്യണ്‍ ഡോളര്‍ സബ്സിഡിയാണ്. അതിന് പകരം ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ക്ക് 10,000 ഡോളര്‍ വാര്‍ഷിക ഗ്രാന്‍ഡ് നല്‍കാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ട്രംപിന്റെ വിവാദപരമായ നിര്‍ദേശം ഇതിനകം ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

എന്നാല്‍ ഗ്രീന്‍ലാന്‍ഡ് വില്‍പനയ്ക്കു വെച്ചിട്ടില്ലെന്നും ആര്‍ക്കും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നും ഡെന്മാര്‍ക്ക് ഭരണകൂടം നേരത്തെ തന്നെ ട്രംപിന് മറുപടി നല്‍കിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡുകാര്‍ക്കും അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗ്രീന്‍ലാന്‍ഡ് ഇപ്പോള്‍ ഭരിക്കുന്നതും കടുത്ത ട്രംപ് വിരുദ്ധരാണ്. അതിനാല്‍ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുക ട്രംപിന് അത്ര എളുപ്പമുള്ള ജോലിയല്ല.
അപൂര്‍വ ധാതുക്കളും ചെമ്പ്, സ്വര്‍ണം, യുറേനിയം, എണ്ണ എന്നിവയുടെ വന്‍ നിക്ഷേപമാണ് ഗ്രീന്‍ലന്‍ഡിലെ ഭൂമിക്കടിയിലുള്ളത്. ഇതാണ് ട്രംപിനെ ഇങ്ങോട്ടേക്ക് മോഹിപ്പിക്കുന്ന ഘടകം. ജനങ്ങള്‍ക്കു നല്‍കുന്ന പണം ഗ്രീന്‍ലാന്‍ഡിലെ സമ്പന്നമായ പ്രകൃതിവിഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന വന്‍ ലാഭം കൊണ്ട് നികത്താമെന്ന കണക്കുകൂട്ടലിലാണ് ട്രംപ് ഭരണകൂടം.
സൈനികമായും യുഎസിന് ഏറെ പ്രാധാന്യമുള്ള ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. ദ്വീപില്‍ യു.എസിന് സൈനിക താവളമുണ്ട്. കഴിഞ്ഞ മാസം യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഗ്രീന്‍ലാന്‍ഡില്‍ സന്ദര്‍ശനം നടത്തിയത് ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗ്രീന്‍ലന്‍ഡിലെ പല ബിസിനസ് സംരംഭങ്ങളിലും ചൈനയ്ക്ക് പങ്കാളിത്തമുണ്ട്. ഇതാണ് അമേരിക്കയെ അസ്വസ്ഥതപ്പെടുത്തുന്നത്. ആര്‍ട്ടിക് മേഖലയിലെ ചൈനയുടെയും റഷ്യയുടെയും കടന്നുകയറ്റം തടയാനും ലക്ഷ്യമിട്ടാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള പല അടവുകള്‍ ട്രംപ് പയറ്റുന്നത്.












Click it and Unblock the Notifications