ലൈവ് ഇന്റര്‍വ്യൂവിനിടെ ഉര്‍ദുഗാന് വയറ് വേദന; പിന്നീട് സംഭവിച്ചത് ഇങ്ങനെ... വീഡിയോ വൈറല്‍
അങ്കാറ: തുര്‍ക്കിയിലെ ശക്തനായ പ്രസിഡന്റായിട്ടണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയപ്പെടുന്നത്. അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് നേരിടുകയാണ്. തുര്‍ക്കിയില്‍ അടുത്ത മാസമാണ് പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ശക്തമായ വെല്ലുവിളിയാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതിനിടെ ഉര്‍ദുഗാന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഒരു ദിവസം തന്നെ ഉര്‍ദുഗാന്‍ നിരവധി തിരഞ്ഞെടുപ്പ് റാലികളിലാണ് സംബന്ധിക്കുന്നത്. 69കാരനായ അദ്ദേഹം ആരോഗ്യം നോക്കാതെയുള്ള പ്രചാരണത്തിലാണ്. അതുകൊണ്ടുതന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അദ്ദേഹം രണ്ട് മാധ്യമങ്ങള്‍ക്ക് ഒരേസമയം ഇന്റര്‍വ്യൂ നല്‍കി. ഈ വേളയിലെ വീഡിയോ ആണ് വൈറല്‍.

മെയ് 14നാണ് തുര്‍ക്കിയില്‍ പൊതു തിരഞ്ഞെടുപ്പ്. ഒട്ടേറെ പ്രചാരണ പരിപാടികളില്‍ ഒരേ ദിവസം തന്നെ ഉര്‍ദുഗാന്‍ പങ്കെടുക്കുന്നുണ്ട്. എകെ പാര്‍ട്ടിയുടെ പ്രധാന പ്രചാരകനും ഉര്‍ദുഗാന്‍ തന്നെയാണ്. കഴിഞ്ഞ ദിവസം ഉല്‍ക്കി ടിവി, കനല്‍ 7 എന്നീ മാധ്യമങ്ങള്‍ക്ക് ഉര്‍ദുഗാന്‍ ലൈവ് ഇന്റര്‍വ്യൂ നല്‍കി. ഈ വേളയില്‍ അദ്ദേഹത്തിന് ശക്തമായ വയറ് വേദന അനുഭവപ്പെടുകയായിരുന്നു.
അഭിമുഖം 90 മിനുട്ട് പിന്നിടവെ പൊടുന്നനെ ദൃശ്യം കട്ടായി. ഉര്‍ദുഗാനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വീഡിയോ കട്ടായത്. ക്യാമറ ഇളകുകയും മാധ്യമ പ്രവര്‍ത്തകന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയും ചെയ്തു. തല്‍സമയ സംപ്രേഷണം കട്ടായ വേളയിലാണ് ഇത് സംഭവിച്ചത്. ഓഹ്... എന്ന് ഒരാള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു.
അതേസമയം, ലൈവ് ഇന്റര്‍വ്യൂവിനിടെ എഴുന്നേറ്റ് പോയ ഉര്‍ദുഗാന്‍ അല്‍പ്പ നേരം കഴിഞ്ഞ ശേഷം തിരിച്ചെത്തി. 15 മിനുട്ടോളം കഴിഞ്ഞ ശേഷമാണ് തിരിച്ചുവന്നത്. ഉടനെ അദ്ദേഹം ക്ഷമ ചോദിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഭാരിച്ച ജോലിയായിരുന്നു. അതായിരിക്കാം വയറുവേദനയ്ക്ക് കാരണം എന്ന് ഉര്‍ദുഗാന്‍ പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പെട്ടെന്ന് പ്രോഗ്രാം റദ്ദാക്കിയോ എന്ന് ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നത്. പ്രേക്ഷകരോട് മാപ്പ് ചോദിക്കുന്നുവെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു. വളരെ ക്ഷീണിതനായിട്ടാണ് അദ്ദേഹം തിരിച്ചുവന്നത്. കണ്ണില്‍ വെള്ളം നിറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉര്‍ദുഗാന്‍ നേരിടുന്നുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ 20 വര്‍ഷമായി തുര്‍ക്കി രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നേതാവാണ് ഉര്‍ദുഗാന്‍. ഇസ്ലാമിക രാഷ്ട്രീയ നിലപാടാണ് അദ്ദേഹത്തിനുള്ളത്. ഉര്‍ദുഗാന്‍ അധികാരത്തിലെത്തിയ ശേഷം തുര്‍ക്കി ഏറെ മെച്ചപ്പെട്ടുവെങ്കിലും നിരവധി വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. ഇത്തവണ ശക്തമായ വെല്ലുവിളി പ്രതിപക്ഷം ഉയര്‍ത്തുന്നു. കമാല്‍ കിലിജ്ദരോഗ്ലുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications