സൌദിയിൽ നിന്നും സൌദിയിലേക്കുമുള്ള വിമാനങ്ങൾക്ക് ഒരാഴ്ചക്കേത്ത വിലക്ക്: റീ ബുക്കിംഗിന് അവസരമെന്ന് കമ്പനികൾ
അബുദാബി: കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് ബ്രിട്ടനിൽ ഭീതി വിതച്ചുകൊണ്ടിരിക്കെ സൌദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കി യുഎഇ. ഇനി അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാനസർവീസ് നിർത്തിവെച്ചതായാണ് എമിറേറ്റ്സ് എയർലൈൻസും ഇത്തിഹാദ്, എയർ അറേബ്യ എന്നീ വിമാന കമ്പനികളും അറിയിച്ചിട്ടുള്ളത്.
അതേ സമയം ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങിയവർക്ക് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും വിമാന കമ്പനികൾ ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൌദി അധികൃതരുടെ നിർദേശം അനുസരിച്ചുകൊണ്ടാണ് വിമാന സർവീസ് നിർത്തിവെച്ചിട്ടുള്ളതെന്ന് ഇത്തിഹാദ എയർവേയ്സും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് അടുത്ത ഒരാഴ്ചത്തേക്ക് സൌദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയുടെ നീക്കം.

ഈ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മെഡിക്കൽ വിവരങ്ങൾ വ്യക്തമാകുന്നതുവരെ ഒരാഴ്ചത്തെ നിരോധനം തുടരും. ഇതിന് ശേഷം വിമാന നിരോധനം നീട്ടിയേക്കാമെന്നു സൌദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കര, കടൽ തുറമുഖങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചരക്കുവിമാനങ്ങളെയും വിതരണ ശൃംഖലകളെയും ഈ നിയന്ത്രണങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് മടങ്ങിയെത്തുകയോ ബ്രിട്ടൻ വഴി കടന്നുപോകുകയോ ചെയ്തിട്ടുള്ളവർ ഉടൻ തന്നെ കൊറോണ വൈറസ് പരിശോധന നടത്തണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications