അഹ്‌ലന്‍ മോദി പ്രോഗ്രാം യുഎഇയില്‍; അബുദാബി ക്ഷേത്ര ഉദ്ഘാടനത്തിന് തൊട്ടുമുമ്പ്
വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് യുഎഇയും ഇന്ത്യയും വേദിയാകാന്‍ പോകുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഇന്ത്യയിലേക്ക് വരികയാണ്. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലുമെത്തും. യുഎഇ പ്രസിഡന്റ് മോദിക്കൊപ്പം ഗുജറാത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ആദ്യമായിട്ടാകും ഇത്തരമൊരു പരിപാടി ഇന്ത്യയില്‍ നടക്കുന്നത്.
അതേസമയം, അഹ്‌ലന്‍ മോദി എന്ന പേരില്‍ അബുദാബിയില്‍ വമ്പന്‍ പരിപാടിയാണ് അടുത്ത മാസം പദ്ധതിയിടുന്നത്. അബുദാബിയിലെ ക്ഷേത്ര ഉദ്ഘാടനത്തിന് തൊട്ടുമുമ്പായിരിക്കും മോദിയെ സ്വാഗതം ചെയ്തുള്ള കൂറ്റന്‍ സമ്മേളനം. ഈ മാസം 22ന് അയോധ്യയിലെ രമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ യുഎഇയില്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതും മോദിയുടെ വിജയമായി ബിജെപി ഉയര്‍ത്തിക്കാട്ടിയേക്കും.

ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറില്‍ ഈ മാസം 10 മുതല്‍ 12 വരെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടി നടക്കുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ എത്തുന്നതാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ചൊവ്വാഴ്ച ശൈഖ് മുഹമ്മദും മോദിയും ഒരുമിച്ച് അഹമ്മദാബാദില്‍ റോഡ് ഷോ നടത്തുമെന്നാണ് വാര്‍ത്ത. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെയാണത്രെ റോഡ് ഷോ.
ശൈഖ് മുഹമ്മദിനെ സ്വീകരിക്കാന്‍ മോദി നേരിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് ശൈഖ് മുഹമ്മദ് സബര്‍മതി ആശ്രമത്തിലേക്ക് പോകും. മഹാത്മാ ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കുന്നതിനാണ് ശൈഖ് മുഹമ്മദ് ആശ്രമത്തിലെത്തുന്നത്. ഈ യാത്ര റോഡ് ഷോ ആക്കി മാറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, നരേന്ദ്ര മോദി യുഎഇയിലേക്ക് പോകുന്നത് അടുത്ത മാസമാണ്. അബുദാബിയില്‍ നിര്‍മാണം പൂര്‍ത്തിയായ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനാണ് മോദി യുഎഇയിലെത്തുക. ഉദ്ഘാടനത്തിനുള്ള ക്ഷണം മോദി സ്വീകരിച്ചുകഴിഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. ഈ വേളയിലാണ് അഹ്‌ലന്‍ മോദി എന്ന പരിപാടി സംഘടിപ്പിക്കുക.
ഫെബ്രുവരി 13നാണ് അബുദാബിയില്‍ അഹ്‌ലന്‍ മോദി പ്രോഗ്രാം. 50000ത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം ക്ഷേത്ര ഉദ്ഘടാനത്തിന് ശേഷമാകും മോദി നാട്ടിലേക്ക് തിരിക്കുക. യുഎഇ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പദ്ധതിയിടുന്നു എന്നാണ് സൂചന.
ബാപ്‌സ് ഓര്‍ഗനൈസേഷന്റെ സ്വാമി ഈശ്വരചരണ്‍ദാസ്, സ്വാമി ബ്രഹ്മവിഹരിദാസ് എന്നിവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഫെബ്രുവരി 14ന് നടക്കുന്ന ക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചു. താമരയുടെ മാതൃകയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ 30, ഡിസംബര്‍ ഒന്ന് തിയ്യതികളില്‍ മോദി ദുബായ് സന്ദര്‍ശിച്ചിരുന്നു. അതുകഴിഞ്ഞ് മൂന്നാം മാസമാണ് അടുത്ത സന്ദര്‍ശനം വരുന്നത്.












Click it and Unblock the Notifications