ചെങ്കടലില്‍ യുഎഇ കപ്പല്‍ 'പൊക്കി' ഹൂത്തികള്‍; അമേരിക്കയെ വിറപ്പിച്ച് ഇറാന്‍, ഗള്‍ഫില്‍ ദുരൂഹ നീക്കം
ദുബായ്: ഗള്‍ഫ് മേഖലയില്‍ വീണ്ടും ആശങ്കയുടെ കരിനിഴല്‍. സംഘര്‍ഷ സാഹചര്യമൊരുക്കി മൂന്ന് നീക്കങ്ങള്‍. യുഎഇയുടെ കപ്പല്‍ യമനിലെ ഹൂത്തികള്‍ പിടിച്ചെടുത്തു. ആയുധങ്ങളുമായെത്തിയ കപ്പലാണ് പിടിച്ചതെന്നും അതല്ല, മരുന്നുകളുമായി എത്തിയ കപ്പലാണ് പിടിച്ചതെന്നും രണ്ടുതരം വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. യുഎഇക്കെതിരായ ഹൂത്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സൗദിയും ജോര്‍ദാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നു.
അതിനിടെ, അമേരിക്കക്ക് ശക്തമായ താക്കീതുമായി ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനമുണ്ടായി. സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രതികാരം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഗള്‍ഫില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഇറാന്റെ സൈനിക കമാന്ററായിരുന്നു ഖാസിം സുലൈമാനി. അമേരിക്കന്‍ സൈന്യം ഇദ്ദേഹത്തെ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത് 2020 ജനുവരി ആദ്യത്തിലാണ്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ സന്ദര്‍ശനത്തിന് എത്തിയ വേളയിലായിരുന്നു ആക്രമണം. രണ്ടാം വാര്‍ഷികത്തില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി നല്‍കിയത്. തൊട്ടുപിന്നാലെയാണ് യുഎഇ കപ്പല്‍ റാഞ്ചിയത്. ഇനിയും കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകുമെന്നാണ് സൂചനകള്‍.

ഇറാന്റെ ഏറ്റവും മുതിര്‍ന്ന സൈന്യാധിപനെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തയതിനെതിരെ പ്രതികാരം ചെയ്യണമെന്നാണ് ഷിയാ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനിലും ഇറാഖിലും ലബ്‌നാനിലും അമേരിക്കന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. തൊട്ടുപിന്നാലെയാണ് ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണ ശ്രമമുണ്ടായത്. ബഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണവുമുണ്ടായി. യുഎഇ കപ്പല്‍ റാഞ്ചല്‍, ബഗ്ദാദിലെ ആക്രമണം എന്നിവയ്ക്ക് പുറമെ ഇസ്രായേല്‍ മാധ്യമത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നിലും ഷിയാ സംഘങ്ങളാണ് എന്നാണ് പ്രചാരണം.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വേളയിലാണ് ഖാസിം സുലൈമാനിയെ സൈന്യം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത്. ട്രംപിനെ വിചാരണ ചെയ്യണമെന്നും വധിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി ആവശ്യപ്പെട്ടു. ശക്തമായ നടപടി ട്രംപിനെതിരെയും മറ്റു പ്രതികള്‍ക്കെതിരെയും ഉണ്ടായില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് അമേരിക്കന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ നേരിട്ട് അമേരിക്കയെ ആക്രമിക്കില്ല. എന്നാല്‍ അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ക്കാണ് ഇറാന്റെ ഭീഷണി വെല്ലുവിളിയാകുക.

ലോക കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ചെങ്കടലിലൂടെയുള്ള വഴി. മറ്റൊന്ന് മധ്യധരണ്യാഴിയിലെ ഹോര്‍മുസ് കടലിടുക്കാണ്. ഇവ രണ്ടും ഇറാന് കൈയ്യെത്തി പിടിക്കാവുന്ന ദൂരത്തിലാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരായ നീക്കത്തിന് ഇറാന് വലിയ പ്രയാസമുണ്ടാകില്ല. ചെങ്കടലില്‍ നിന്നാണ് യുഎഇയുടെ റാബി കപ്പല്‍ തിങ്കളാഴ്ച രാത്രി ഹൂത്തികള്‍ റാഞ്ചിയത്. ഇറാന്റെ പിന്തുണയുള്ള യമനിലെ ഷിയാ സായുധരാണ് ഹൂത്തികള്‍. യമനിലെ വലിയൊരു ഭാഗം ഇവരുടെ നിയന്ത്രണത്തിലാണ്.

യമനിലെ ഹുദൈദ തുറമുഖത്തിന് അടുത്തു നിന്നാണ് യുഎഇ കപ്പല്‍ ഹൂത്തികള്‍ പിടിച്ചത്. സൗദിയുടെ എണ്ണ ടാങ്കറുകള്‍ യൂറോപ്പിലേക്കും മറ്റും കൊണ്ടുപോകുന്ന പാതയാണിത്. യുഎഇ കപ്പല്‍ പിടികൂടിയ സാഹചര്യത്തില്‍ ഹൂത്തികള്‍ സൗദിയുടെ കപ്പലുകളും പിടിക്കുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. നേരത്തെ ചെങ്കടലില്‍ വച്ച് സൗദിയുടെ ചരക്കു കപ്പല്‍ ഹൂത്തികള്‍ ആക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ചരക്കു ഗതാഗതം സൗദി ദിവസങ്ങളോളം നിര്‍ത്തിവയ്ക്കുകയും ആഗോള തലത്തില്‍ എണ്ണവില ഉയരുകയും ചെയ്തിരുന്നു. സൗദി എണ്ണ വിതരണം നിര്‍ത്തിയാല്‍ ആഗോള സമൂഹത്തെ തന്നെ അത് ബാധിക്കുമെന്നതിനാല്‍ ലോക രാജ്യങ്ങള്‍ ത്വരിതഗതിയില്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

യുഎഇ കപ്പല്‍ ഹൂത്തികള്‍ പിടിച്ച കാര്യം ആദ്യം ബ്രിട്ടീഷ് സൈന്യമാണ് അറിഞ്ഞത്. പിന്നീട് സൗദി സഖ്യസേനയും ഇക്കാര്യം സ്ഥിരീകരിച്ചു. കപ്പല്‍ പിടികൂടിയ കാര്യം ഹൂത്തികള്‍ പരസ്യമാക്കുകയും ചെയ്തു. സൊകോത്ര ദ്വീപിലെ സൗദിയുടെ ആശുപത്രിയിലേക്ക് മരുന്നുകളുമായി പോകുകയായിരുന്ന കപ്പലാണ് പിടിച്ചതെന്ന് സഖ്യസേന പറയുന്നു. അതേസമയം, കപ്പലില്‍ സൈനിക ഉപകരണങ്ങളാണുള്ളതെന്ന് ഹൂത്തികള്‍ പറഞ്ഞു. അവര്‍ വീഡിയോ പുറത്തുവിടുകയും ചെയ്തു. ആയുധങ്ങള്‍ ഹൂത്തികളുടെ കൈവശമെത്തുന്നത് സഖ്യസേനയ്ക്ക് കനത്ത തിരിച്ചടിയാകും.












Click it and Unblock the Notifications