യുദ്ധത്തിന്റെ ദൈർഘ്യം ആർക്കും പ്രവചിക്കാൻ കഴിയില്ലെന്ന് യുക്രൈൻ പ്രസിഡന്റ്
കിയെവ്; യുദ്ധത്തിൻ ദൈർഘ്യം ആർക്കും പ്രവചിക്കാൻ കഴിയില്ലെന്ന് യുക്രൈൻ പ്രസിഡവന്റ് വോളോഡിമർ സെലെൻസ്‌കി. രാജ്യത്തെ പൗരൻമാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ രാത്രികാല വീഡിയോ പ്രസംഗത്തിലാണ് സെലെൻസ്‌കി ഇക്കാര്യം പറഞ്ഞത്. "യുദ്ധത്തിൻ ദൈർഘ്യം ആർക്കും പ്രവചിക്കാൻ കഴിയില്ല. രാജ്യത്തിനായി പരമാവധി പരിശ്രമിക്കുന്ന പൗരൻമാരെയും നമ്മുടെ പങ്കാളികളായ യൂറോപ്യൻ രാജ്യങ്ങളെയും മുഴുവൻ സ്വതന്ത്രലോകത്തെയും എല്ലാം ആശ്രയിച്ചായിരിക്കും യുദ്ധത്തിൻ ദൈർഘ്യം." എന്നായിരുന്നു സെലെൻസ്‌കിയുടെ വാക്കുകൾ.
നിലവിൽ യുദ്ധം ആരംഭിച്ച് പന്ത്രണ്ടോളം ആഴ്ചകൾ കഴിഞ്ഞു. ഫെബ്രുവരി 24 നാണ് റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചത്. മോസ്‌കോയെ ഭീഷണിപ്പെടുത്താൻ അമേരിക്ക യുക്രൈനെ ഉപയോഗിക്കുന്നതിനാലും. റഷ്യൻ സംസാരിക്കുന്ന ജനങ്ങളെ യുക്രൈൻ പീഡിപ്പിക്കുന്നതിനാലും ഇവിടെ റഷ്യയുടെ പ്രത്യേക സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അധിനിവേശത്തിന് തുടക്കം കുറിച്ചത്. അതേ സമയം യുദ്ധത്തിൽ യുക്രൈനിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ റഷ്യ വിമർശനം നേരിടുന്നുണ്ട്. സംഭവത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ രാജ്യത്തിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും റഷ്യൻ സൈന്യത്തിൽ നിന്ന് തിരിച്ചുപിടിച്ചതായി സെലെൻസ്കി വെള്ളിയാഴ്ച പറഞ്ഞു. വൈദ്യുതി, ജല വിതരണം, ടെലിഫോൺ ആശയവിനിമയങ്ങൾ, സാമൂഹിക സേവനങ്ങൾ എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോൺബാസ് മേഖലയിലെ ഒരു നദി മുറിച്ചുകടക്കാൻ ശ്രമിച്ച റഷ്യൻ കവചിത നിരയെ യുക്രൈൻ സൈന്യം നശിപ്പിക്കുന്നതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് കിഴക്ക് 40 കിലോമീറ്റർ അകലെയുള്ള സിവർസ്‌കി ഡൊനെറ്റ്‌സ് നദി വരെ നീളുന്ന പ്രദേശം ഇപ്പോൾ യുക്രൈൻ ആണ് നിയന്ത്രിക്കുന്നത്.
അതിനിടെ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു വെള്ളിയാഴ്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിച്ചു. യുക്രൈനിലെ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ സംഭാഷണമാണിത്. റഷ്യയുടെ ആക്രമണത്തിൽ എന്തെങ്കിലും മാറ്റത്തെ സൂചിപ്പിക്കുന്നതായി സംഭാഷണത്തിൽ ഒന്നും നടന്നില്ല എന്ന് വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. അതേ സമയം യൂറോപ്യൻ യൂണിയൻ യുക്രൈന് സൈനിക സഹായമായി അര ബില്യൺ ഡോളർ കൂടി വാഗ്ദാനം ചെയ്തു. ഇതിൽ ഇഎന്നിന് നന്ദി അറിയിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് പറഞ്ഞു. റഷ്യൻ പരമാധികാര സ്വത്തുക്കൾ പിടിച്ചെടുത്ത് യുക്രൈന് നൽകുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും നടപ്പിലാക്കാൻ നിയമനിർമ്മാണം നടത്താൻ ജി-7 രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.












Click it and Unblock the Notifications