ബുച്ച കൂട്ടക്കുരുതി: റഷ്യക്കെതിരെ യുഎന്‍ നടപടി, മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പുറത്ത്
ജനീവ: യുക്രൈനിലെ ബുച്ചയില്‍ റഷ്യയുടെ കൂട്ടക്കുരുതിയില്‍ കടുത്ത നടപടിയുമായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി. റഷ്യയെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് റഷ്യ. ബുച്ചയില്‍ റഷ്യന്‍ സൈന്യത്തിന്റെ കിരാത നടപടികള്‍ക്ക് തെളിവുണ്ടെന്നാണ് ജനറല്‍ അസംബ്ലി കരുതുന്നത്. യുക്രൈന്‍ നേരത്തെ തന്നെ റഷ്യ നടത്തുന്ന വംശീയ ഉന്മൂലനമാണിതെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നും ബുച്ചയില്‍ നടക്കുന്നില്ലെന്നായിരുന്നു റഷ്യയുടെ വാദം. ബുച്ചയിലെ കൊടുംക്രൂരത അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമായിരുന്നു. റഷ്യക്കെതിരെ കടുത്ത നടപടികള്‍ ലോകരാജ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.

ജനറല്‍ അസംബ്ലിയില്‍ കൊണ്ടുവന്ന പ്രമേയത്തെ 197 അംഗങ്ങളില്‍ 93 പേര്‍ പിന്തുണച്ചു. 24 പേര്‍ എതിര്‍ത്തു. ഇന്ത്യ അടക്കം 58 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എന്തുകൊണ്ടാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധിയായ ടിഎസ് തിരുമൂര്‍ത്തി വ്യക്തമാക്കി. യുക്രൈനിലെ യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യ സമാധാനം, ചര്‍ച്ചകള്‍, നയതന്ത്രജ്ഞത എന്നിവയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. രക്തച്ചൊരിച്ചിലൂടെയും സാധാരണക്കാരുടെ ജീവന്‍ നഷ്ടമാക്കികൊണ്ടും ഒന്നും പരിഹരിക്കാനാവില്ല. സമാധാനത്തിന്റെയും അക്രമത്തെ ഇല്ലായ്മ ചെയ്യുന്നതിന്റെയും പക്ഷത്താണ് ഇന്ത്യ നിലനില്‍ക്കുകയെന്നും തിരുമൂര്‍ത്തി പറഞ്ഞു.
യുക്രൈനിലെ സാഹചര്യങ്ങള്‍ വഷളാവുന്നതില്‍ ഇന്ത്യക്ക് വലിയ ആശങ്കയുണ്ട്. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. മനുഷ്യജീവിതം പ്രതിസന്ധിയിലാവുമ്പോള്‍ പരസ്പരമുള്ള ചര്‍ച്ചയും നയതന്ത്ര ചാരുതയുമാണ് ഗുണം ചെയ്യുകയെന്ന് തിരുമൂര്‍ത്തി പറയുന്നു. മനുഷ്യാവകാശം സംരക്ഷിക്കുന്നതിന്റെ മുന്‍നിരയില്‍ ഇന്ത്യയുണ്ടായിട്ടുണ്ട്. ആഗോള മനുഷ്യാവകാശ പ്രമേയം കൊാണ്ടുവരുന്ന സമയത്തും അത് അങ്ങനെയായിരുന്നു. എന്ത് തീരുമാനവും പരസ്പരം ചര്‍ച്ച ചെയ്താണ് തീരുമാനിക്കേണ്ടത്. എല്ലാവരും അതില്‍ പങ്കാളികളാവണമെന്നും ഇന്ത്യ പറഞ്ഞു.
യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലില്‍ 47 അംഗരാജ്യങ്ങളാണ് ഉള്ളത്. ജനറല്‍ അസംബ്ലിയിലെ അംഗങ്ങള്‍ നേരിട്ടും വ്യക്തിപരമായും രഹസ്യ ബാലറ്റിലൂടെയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. ജനറല്‍ അസംബ്ലിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ കൗണ്‍സില്‍ അംഗങ്ങളുടെ അംഗത്വം റദ്ദാക്കാം. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തിയാലാണ് ഇത്തരം നടപടികളുണ്ടാവുക. അതേസമയം റഷ്യയെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയ നടപടി മഹത്തരമാണെന്ന് യുക്രൈന്‍ വിശേഷിപ്പിച്ചു. യുഎന്‍ സമിതികളില്‍ യുദ്ധക്കുറ്റവാളികള്‍ക്ക് ഇടമില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു. യുഎന്‍ജിഎ പ്രമേയത്തെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications