ഇസ്രായേലിനെ അവര്‍ വെറുക്കുന്നു, 2 വര്‍ഷത്തിനുള്ളില്‍ രാജ്യം തന്നെ ഇല്ലാതാവും; കമലയ്ക്കെതിരെ ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തുടര്‍ന്നിരുന്നുവെങ്കില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ഒരിക്കലും ഉണ്ടാവുമായിരുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. കമല ഹാരിസ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇസ്രായേല്‍ എന്ന രാജ്യം ഉണ്ടാവില്ല. കമല അത്രയധികം ഇസ്രായേലിനെ വെറുക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസുമായുള്ള മുഖാമുഖ സംവാദത്തിലാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ട്രംപ് ഉന്നയിച്ചത്. കമല ഇസ്രായേലിനെ വെറുക്കുന്നു. അവര്‍ പ്രസിഡന്റായാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ ഇല്ലാതാവുമെന്നും ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച്ച രാത്രിയില്‍ ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു ട്രംപ്-കമല ഹാരിസ് സംവാദം. ഇരുവരും തമ്മിലുള്ള ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ സംവാദം കൂടിയാണിത്.അറബ് രാജ്യങ്ങളെയും ജനങ്ങളെയും കമല ഇഷ്ടപ്പെടുന്നില്ല. ഞാന്‍ പ്രസിഡന്റായിരുന്നപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ താരതമ്യേന കുറവായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
എന്റെ പ്രസിഡന്റ് കാലയളവില്‍ ഇറാന്‍ തകര്‍ന്നുപോയിരുന്നു. ഇന്ന് ഇറാന് 300 ബില്യണാണ് ഉള്ളത്. കാരണം അവര്‍ക്കെതിരെ ഞാന്‍ ചുമത്തിയ എല്ലാ ഉപരോധങ്ങളും യുഎസ് ഒഴിവാക്കി. ഇറാന് ഹമാസിനോ ഹിസ്ബുള്ളയ്‌ക്കോ മറ്റേതെങ്കിലും ഗ്രൂപ്പിനോ തീവ്രവാദ പ്രവര്‍ത്തനം നടത്താനായി പണമില്ലായിരുന്നു. ഇനിയും ആ രീതി പിന്തുടരാന്‍ അറിയാം. അതും വേഗത്തില്‍ തന്നെ നടപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം കുടിയേറ്റക്കാര്‍ക്കെതിരെയും വിവാദ പരാമര്‍ശം ട്രംപില്‍ നിന്നുണ്ടായി. രാജ്യത്തേക്ക് പുതുതായി എത്തിയ ഹെയ്തിയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഒഹായോവില്‍ നേരത്തെയുള്ള ആളുകളുടെ വളര്‍ത്തുമൃഗങ്ങളായ പൂച്ചകളെ ഭക്ഷിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
നേരത്തെ തന്നെ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരുന്നു. സ്പ്രിങ്ഫീല്‍ഡില്‍ അവര്‍ നായകളെ ഭക്ഷിക്കുന്നു. ജനങ്ങളുടെ വളര്‍ത്തുമൃഗങ്ങളെയാണ് അവര്‍ കൊന്നുതിന്നുന്നത്. ഈ രാജ്യത്ത് നടക്കുന്നതാണ് ഇക്കാര്യമെന്നും ട്രംപ് പറഞ്ഞു. സ്പ്രിങ്ഫീല്‍ഡ് സിറ്റി മാനേജര്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിരുന്നു.
ട്രംപിന്റെ വാദങ്ങളെ കമല ഹാരിസ് തള്ളി. എല്ലാവരെയും വിഭജിക്കാനും, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ട്രംപ് ശ്രമിക്കുന്നതെന്ന് കമല ആരോപിച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. നമുക്കെല്ലാവര്‍ക്കും അറിയാം ഈ യുദ്ധം അവസാനിക്കേണ്ടതുണ്ട്. എത്ര വേഗം തന്നെ അത് സാധ്യമാകണം. അതിനായി വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യമാണ്. ബന്ദികളെ രക്ഷിക്കേണ്ടതുണ്ടെന്നും കമല പറഞ്ഞു.
എല്ലാവര്‍ക്കും അറിയാം ട്രംപ് ഏകാധിപതികളെയാണ് ഇഷ്ടപ്പെടുന്നത്, അവരെ പോലെയാവാനാണ് ട്രംപിന്റെ ശ്രമം. സൈനിക നേതാക്കളുമായി ഞാന്‍ സംസാരിച്ചിരുന്നു. അവരില്‍ ചിലര്‍ നിങ്ങളുമായി സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് നിങ്ങള്‍ എല്ലാവര്‍ക്കും അപമാനമാണ് എന്നാണെന്നും കമല ഹാരിസ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ യുക്രൈന്‍-റഷ്യ യുദ്ധം 24 മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ലക്ഷകണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. ബൈഡനും കമലയ്ക്കും ചില കാര്യങ്ങള്‍ ചോദിക്കാനുള്ള ധൈര്യമില്ല. ഞാന്‍ നാറ്റോയെ ഉപയോഗിച്ചത് പോലെ അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ അറിയില്ല. വ്‌ളാദിമിര്‍ പുടിനുമായും സെലിന്‍സ്‌കിയുമായും നല്ല ബന്ധമാണ് ഉള്ളത്. പ്രസിഡന്റാവുന്നതിന് മുമ്പ് തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കുന്നതാണ് യുഎസിന്റെ താല്‍പര്യം. അതിനായി ചര്‍ച്ചകള്‍ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. 90 മിനുട്ടാണ് ഇരുവരും തമ്മില്‍ സംവാദം നടന്നത്.












Click it and Unblock the Notifications