അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍; കുടുംബാംഗങ്ങളെ കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി?
വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍. ന്യൂജേഴ്സിയിലെ പ്ലെയിന്‍സ്ബോറോയില്‍ താമസിക്കുന്ന തേജ് പ്രതാപ് സിംഗിനേയും കുടുംബത്തേയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) ഇവരുടെ 10 വയസുള്ള ആണ്‍കുട്ട, ആറ് വയസുള്ള പെണ്‍കുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിംഗ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകം സംബന്ധിച്ച അന്വേഷണമാണ് നടത്തുന്നത് എന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

എപ്പോഴാണ് മരണം സംഭവിച്ചതെന്നും വ്യക്തമായിട്ടില്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ടെക്നോളജി എക്സിക്യൂട്ടീവായിരുന്നു തേജ് പ്രതാപ് സിംഗ്. ലോക്കല്‍ എലിമെന്ററി സ്‌കൂള്‍ പിടിഎ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗഹാര്‍ദ്ദപൂര്‍വം ഇടപെട്ട കുടുംബമായിരുന്നു തേജ് പ്രതാപ് സിംഗിന്റേത് എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. പലപ്പോഴും നാല് പേരും ഒന്നിച്ച് നടക്കാനിറങ്ങാറുണ്ടായിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി കുടുംബവുമായി സൗഹൃദത്തിലായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത അയല്‍വാസി പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഒരുമിച്ച് സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പില്‍ വെച്ച് ഇളയ മകളെ കാണാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി എത്തിയിരുന്നില്ലെന്നും അത് തന്നെ സംബന്ധിച്ച് വിചിത്രമായിരുന്നെന്നും അവര്‍ പറഞ്ഞു. അന്ന് രാവിലെ സോണാല്‍ പരിഹാറിന് മെസേജ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അയല്‍വാസി പറഞ്ഞു.












Click it and Unblock the Notifications