ഇന്ത്യൻ വിദ്യാർത്ഥിയുടെ അപകട മരണത്തിൽ പൊട്ടിച്ചിരിച്ച് യുഎസ് പോലീസ്; നടപടി ആവശ്യപ്പെട്ട് ഇന്ത്യ
വാഷിങ്ടൺ: ഇന്ത്യൻ വംശജയായ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസ് പോലീസ് ഉദ്യോഗസ്ഥൻ പരിഹസിച്ച് ചിരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യൻ വംശജയായ ജാഹ്നവി കണ്ടുലയാണ് പോലീസിന്റെ പട്രോൾ വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്. ഇതിനെ കളിയാക്കി കൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ ചിരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.
നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ ജാഹ്നവി. ഇക്കഴിഞ്ഞ ജനവരിയിലായിരുന്നു യുവതി പട്രോളിംഗ് വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്. കെവിൻ ഡേവ് എന്ന പോലീസുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്. സംഭവ ശേഷം ഡാനിയൽ ഓഡറർ എന്ന ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സിയാറ്റിൽ പോലീസ് ഓഫീസേഴ്‌സ് വൈസ് പ്രസിഡന്റായ ഡാനിയൽ പ്രസിഡന്റുമായി പോലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നതാണ് വീഡിയോ. പെൺകുട്ടി മരിച്ചതായി വീഡിയോയിൽ പറയുന്നുണ്ട്. 23 കാരിയാണെന്നും സാധാരണ പെൺകുട്ടിയാണെന്നുമാണ് ഉദ്യോഗസ്ഥനോട് പറയുന്നത്. ഇതിനിടിൽ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
പൊട്ടിച്ചിരിച്ചുകൊണ്ട് പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു. 'ഈ കേസിൽ ഉൾപ്പെട്ടവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും സിയാറ്റിൽ & വാഷിംഗ്ടൺ സ്റ്റേറ്റിലെ പ്രാദേശിക അധികാരികളോടും വാഷിംഗ്ടൺ ഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്', കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു .കോൺസുലേറ്റും എംബസിയും ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും ആശയവിനിമയും തുടരുമെന്നും ട്വീറ്റിൽ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥന്റെ അമിത വേഗതയായിരുന്നു ജാഹ്നവിയുടെ കൊലപാതകത്തിന് കാരണം. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ഡേവ് അന്ന് കാറോടിച്ചിരുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ജാഹ്നവിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനം ഇടിച്ചതോടെ ഏകഗേളം 30 മീറ്റര്‍ അകലെയായി ജാന്‍വി തെറിച്ച് വീഴുകയായിരുന്നു.












Click it and Unblock the Notifications