ഡൊണാള്‍ഡ് ട്രംപോ കമല ഹാരിസോ? അമേരിക്കയെ ഇനി ആര് നയിക്കും: വോട്ടെടുപ്പിന് ഇന്ന് തുടക്കം
ന്യൂയോർക്ക്: അമേരിക്കയെ അടുത്ത നാല് പർഷം ആര് ഭരിക്കും എന്ന് അറിയാനുള്ള തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയ്ക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസും റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിയായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണ് മത്സരിക്കുന്നത്. അവസാന നിമിഷം വരെ വാശിയേറിയ പ്രചരണമാണമായിരുന്നു ഇരുവരും നയിച്ചത്.
47-ാമത്തെ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നാളെ പുലർച്ചെ അഞ്ചരവരെ തുടരും. അതിന് ശേഷം വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യഫല സൂചനകള്‍ രാവിലെ പത്ത് മണിയോടെ തന്നെ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാശിയേറിയ മത്സരം
അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രവചനാതീതമായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അഭിപ്രായ സർവേകളിൽ ഇരു സ്ഥാനാർത്ഥികളും ഒപ്പത്തിന് ഒപ്പമായിരുന്നു. ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയാമെന്ന് ചുരുക്കം. വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസം ഇരു ക്യാമ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമായിരിക്കില്ല.
തിരഞ്ഞെടുപ്പ് എങ്ങനെ
മത്സരിക്കുന്നത് ഡൊണാള്‍ഡ് ട്രംപും കമല ഹാരിസുമാണെങ്കിലും 24 കോടിയിലധികമുള്ള അമേരിക്കന്‍ വോട്ടര്‍മാര്‍ ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് നേരിട്ടുള്ള വോട്ടിങ്ങിലൂടെയല്ല എന്നതാണ് പ്രത്യേകത. 50 സംസ്ഥാനങ്ങളില്‍ നിന്നായുള്ള 538 അംഗ ഇലക്ടറല്‍ കോളജാണ് അമേരിക്ക ആര് ഭരിക്കണം എന്ന് തീരുമാനിക്കുക. അതായ് 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷമായ 270 സീറ്റ് ലഭിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി അടുത്ത പ്രസിഡന്റാകും.
ജനങ്ങളുടെ പോപ്പുലർ വോട്ടിലൂടെയാണ് ഒരോ സംസ്ഥാനത്തേയും ഇലക്ടറല്‍ വോട്ട് ഏത് പാർട്ടിക്കാണെന്ന് നിശ്ചയിക്കുക. മെയ്ൻ, നെബ്രാസ്ക എന്നീ 2 സംസ്ഥാനങ്ങൾ ഒഴികെയുള്ളവയില്‍ പോപ്പുലർ വോട്ടില്‍ മുന്നില്‍ എത്തുന്ന സ്ഥാനാർത്ഥിക്ക് ആ സംസ്ഥാനത്തെ മുഴുവന്‍ ഇലക്ടറല്‍ കോളജ് വോട്ടും ലഭിക്കും. ഈ ഒരു സാഹചര്യത്തില്‍ പോപ്പുലർ വോട്ടില്‍ രാജ്യത്ത് മുന്നില്‍ എത്തുന്ന സ്ഥാനാർത്ഥി തന്നെ അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നില്ലെന്ന് സാരം. 2016 ലെ തിരഞ്ഞെടുപ്പാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. അന്ന് ഹിലരി ക്ലിന്റന് ട്രംപിനേക്കാള്‍ 29 ലക്ഷത്തോടെ വോട്ടുകള്‍ അധികം പോപ്പുലർ വോട്ടുകള്‍ ലഭിച്ചെങ്കിലും കൂടുതൽ ഇലക്ടറൽ കോളജ് വോട്ടുകൾ നേടിയ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
.












Click it and Unblock the Notifications