132 പേരുടെ മരണത്തിനിടയാക്കിയ ചൈനയിലെ വിമാനാപകടം; മനഃപൂർവ്വം ആയിരുന്നെന്ന് യുഎസ്
വാഷിംഗ്ടൺ: മാർച്ചിൽ ചൈനയിൽ നടന്ന ഈസ്റ്റേൺ എയർലൈൻസ് ജെറ്റിന്റെ അപകടം മനഃപൂർവം നിർമ്മിച്ചതാണെന്ന് യുഎസ്. രണ്ട് യുഎസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തലുകളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ആണ് ഈ വിവരം പുറത്ത് വിട്ടത്. ജെറ്റിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്നുള്ള ഫ്ലൈറ്റ് ഡാറ്റ പരിശോധിച്ചതിന് ശേഷമാണ് അപകടം മനഃപൂർവം നിർമ്മിച്ചതാണെന്ന് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ആണ് അപകടത്തിന് പിന്നിൽ എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. 132 പേരായിരുന്നു ഈ അപകടത്തിൽ മരണപ്പെട്ടത്.
പ്രാഥമിക അന്വേഷണത്തിൽ സാങ്കേതിക തകരാറിന്റെ സൂചനകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് ക്രൂവിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സംഭവത്തിൽ ജെറ്റിന്റെ നിർമ്മാതാക്കളായ ബോയിംഗ് കോ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായില്ല. ചൈനീസ് റെഗുലേറ്റർമാരോട് ചോദിക്കാൻ ആയിരുന്നു ഇവർ പറഞ്ഞത്. അതേ സമയം വിഷയത്തിൽ ഇടൻ അഭിപ്രായം പറയില്ലെന്ന് യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും പറഞ്ഞിട്ടുണ്ട്.

കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോകുകയായിരുന്ന ബോയിംഗ് 737 - 800 ജെറ്റ് ആയിരുന്നു മാർച്ചിൽ അപകടപ്പെട്ടത്. ഗുവാങ്‌സിയിലെ പർവതനിരകളിലാണ് ജെറ്റ് തകർന്നുവീണത്. അപകടത്തിൽ 123 യാത്രക്കാരും ഒമ്പത് ജോലിക്കാരും മരണപ്പെടുകയും ചെയ്തു. 28 വർഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും മാരകമായ വ്യോമയാന ദുരന്തമായിരുന്നു ഇത്. അപകടത്തെ തുടർന്ന് ബോയിംഗ് 737 - 800 ജെറ്റ് വിമാനങ്ങൾ ചെറിയ കാലയളവിലേക്ക് ചൈനയിൽ നിരോധിച്ചിരുന്നു. തുടർന്ന് ഏപ്രിൽ പകുതിയോടെയാണ് ഈ വിമാനങ്ങളുടെ ചൈന ഉപയോഗം പുനരാരംഭിച്ചത്. അപകടത്തിൽ ചൈനീസ് റെഗുലേറ്റർമാർ 737 - 800 നെക്കുറിച്ചുള്ള സാങ്കേതിക ശുപാർശകളൊന്നും ചൂണ്ടിക്കാണിച്ചില്ല.
ചൈനീസ് അന്വേഷണത്തെ സഹായിക്കാൻ ബോർഡ് അന്വേഷകരും ബോയിംഗും ചൈനയിലേക്ക് പോയതായി മെയ് 10 ന് റോയിട്ടേഴ്‌സ് അഭിമുഖത്തിൽ എൻടിഎസ്ബി ചെയർ ജെന്നിഫർ ഹോമെൻഡി പറഞ്ഞു. നാളിതുവരെയുള്ള അന്വേഷണത്തിൽ ആവശ്യമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ബോർഡിന് എന്തെങ്കിലും സുരക്ഷാ ആശങ്കകൾ ഉണ്ടെങ്കിൽ അത് അടിയന്തര സുരക്ഷാ ശുപാർശകൾക്ക് നൽകുമെന്ന് ഹോമണ്ടി കൂട്ടിച്ചേർത്തു. അതിനിടെ കഴിഞ്ഞ ആഴ്ചയിൽ ചൈനയിലെ ചോങ്‌കിംഗ് ജിയാങ്ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു വിമാനാപകടം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റിയൻ എയർലൈൻസ് വിമാനത്തിന് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.












Click it and Unblock the Notifications