മൂന്ന് ലക്ഷ്യങ്ങള്‍: സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയില്‍, അഞ്ച് വർഷത്തിനിടയില്‍ ആദ്യം
ബീജിങ്: യുഎസ്-ചൈന തർക്കങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബീജിങ്ങിൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ഉന്നത യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ നടത്തുന്ന ആദ്യ ചൈന സന്ദർശനമാണിത്. ഇത്തരമൊരു സന്ദർശനം നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നെങ്കിലും ചാരബലൂൺ വിവാദത്തെ തുടര്‍ന്ന് ഫെബ്രുവരിയിൽ നടക്കേണ്ട സന്ദര്‍ശനം ബ്ലിങ്കൻ മാറ്റിവെക്കുകയായിരുന്നു.
സമീപകാലത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലായി വർധിച്ച് വന്ന സംഘർഷ സാധ്യതകള്‍ക്ക് ചർച്ചയിലൂടെ പരിഹാരം കാണുകയെന്ന ലക്ഷ്യവുമായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനയിലെത്തിയിരിക്കുന്നത്. അമേരിക്കന്‍ വ്യോമാതിർത്തിയില്‍ ചൈനയുടെ ചാരബലൂണുകള്‍ കണ്ടെത്തിയത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ചൈനയുടെ അവകാശവാദം.

ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് ശേഷം ചൈന സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന യുഎസ് ഉദ്യോഗസ്ഥനാണ് ബ്ലിങ്കന്‍. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സന്ദർശനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി എന്നിവരുമായി യുഎസ് പ്രതിനിധി ചർച്ചകള്‍ നടത്തും. പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്താനും ബ്ലിങ്കന്‍ ശ്രമിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് ചൈനയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയാണ് ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കിയത്. 'തീവ്രമായ മത്സരത്തിന്, മത്സരം ഏറ്റുമുട്ടലിലേക്കോ സംഘട്ടനത്തിലേക്കോ നീങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ സുസ്ഥിരമായ നയതന്ത്രം ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു.
'പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് യാത്രയ്ക്കുള്ളത്. പ്രതിസന്ധികള്‍ കൈകാര്യം ചെയ്യല്‍, അമേരിക്കയുടേയും സഖ്യകക്ഷികളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുക, ആശങ്കകളെക്കുറിച്ച് നേരിട്ട് തുറന്ന് സംസാരിക്കുക' ബ്ലിങ്കന്‍ വ്യക്തമാക്കി. അതേസമയം, ജപ്പാന്‍ , ദക്ഷിണ കൊറിയ ഉദ്യോഗസ്ഥരുമായി ബ്ലിങ്കൻ ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു. ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവൻ ജപ്പാനും ദക്ഷിണ കൊറിയയും ഫിലിപ്പൈൻസും ഉൾപ്പെടുന്ന പ്രത്യേക ത്രിതല യോഗങ്ങൾക്കായി ടോക്കിയോയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞയാഴ്ച സൗദി സന്ദർശനം നടത്തിയ ബ്ലിങ്കന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചർച്ച നടത്തിയിരുന്നു. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ നടത്തിയ കൂടികാഴ്ചയില്‍ സാമ്പത്തിക, സുരക്ഷാ സഹകരണമുള്‍പ്പെടെുള്ള വിഷയങ്ങള്‍ ചർച്ചയായി. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് ഇരു നേതാക്കളും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications