ജമ്മു കശ്മീര്‍ വിഷയം: പാകിസ്താന് യുഎസ് താക്കീത് : ഇന്ത്യയ്ക്കെതിരെ തിരിച്ചടി വേണ്ടെന്ന്!!
വാഷിംഗ്ടണ്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതില്‍ തിരിച്ചടിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്നതിന് പകരം പാക് മണ്ണില്‍ വളരുന്ന ഭീകരവാദത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് അമേരിക്ക പാകിസ്താന് നല്‍കിയ ശക്തമായ സന്ദേശം. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറക്കുകയാണെന്ന പാക് പ്രഖ്യാപനത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍റെ ഭാഗത്തുനിന്നുള്ള നീക്കം. എന്നാല്‍ ജമ്മു കശ്മീര്‍ വിഷയം തികച്ചും ആഭ്യന്തര കാര്യമായാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും അമേരിക്ക ചൂണ്ടിക്കാണിച്ചു. ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങളെ അടുത്ത് നിന്ന് വീക്ഷിക്കുന്നതായും അമേരിക്ക വ്യക്തമാക്കി. അമേരിക്കന്‍ വിദേശകാര്യ കമ്മറ്റി വിഷയത്തില്‍ പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

പാകിസ്താന് മുന്നറിയിപ്പ്
ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പാകിസ്താന്‍ വിട്ടുനില്‍ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. നിയന്ത്രണ രേഖ വഴിയുള്ള നുഴഞ്ഞുകയറ്റം പിന്തുണയ്ക്കരുതെന്നും ഭീകരര്‍ക്കെതിരെ പാക് മണ്ണില്‍ പ്രത്യക്ഷമായ നടപടികള്‍ സ്വീകരിക്കണമെന്നും പാകിസ്താനോട് ആവശ്യപ്പെട്ടുന്നു. ജമ്മു കശ്മീരില്‍ നടക്കുന്ന നീക്കങ്ങള്‍ അടുത്തുനിന്ന് വീക്ഷിക്കുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്ക് എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം നല്‍കി സംരക്ഷിക്കാനുള്ള അവസരമാണ് ഉണ്ടായിട്ടുള്ളത്. കൂട്ടിച്ചേരാനുള്ള സ്വാതന്ത്ര്യം, വിവരങ്ങള്‍ ലഭിക്കാനും നിയമയത്തിന് കീഴില്‍ തുല്യ പരിരക്ഷ ലഭിക്കാനുമുള്ള സാഹചര്യം കൈവന്നിരിക്കുന്നുവെന്നും നിയമ നിര്‍മാതാക്കള്‍ നിരീക്ഷിച്ചു. സുതാര്യതയും രാഷ്ട്രീയ പ്രാതിനിധ്യവുമാണ് ജനാധിപത്യത്തിന്റെ മൂലക്കല്ലുകള്‍. ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ ചട്ടങ്ങളെല്ലാം ജമ്മുകശ്മീരില്‍ സുസ്ഥിരമായി നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധമറിയിച്ച് പാകിസ്താന്‍
ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ജമ്മു കശ്മീരിന് പ്രത്യേത പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു ആന്‍ഡ് കശ്മീര്‍ ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നത്. ജമ്മു കശ്മീരിലെ ജമ്മു കശ്മീര്‍- ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ജമ്മു ആന്‍ഡ് കശ്മീര്‍ ബില്ലും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിരുന്നു. ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭ്രണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവുമായിരിക്കും.
പ്രതിഷേധമെന്നോണം പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയിരുന്നു. ഇതിന് പുറമേ പാക് വ്യോമ പാതയും അടച്ചിട്ടിരുന്നു. ബാലക്കോട്ട് ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ട വ്യോമപാത ജൂലൈയിലാണ് തുറന്നത്. ഇനിതിടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ഒന്നും അറിയിച്ചിരുന്നില്ല
ഇന്ത്യ ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുന്ന കാര്യം അറിയിച്ചില്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ പദവി നീക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കുകയോ ആലോചനകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും മാധ്യമറിപ്പോര്‍ട്ടുകളില്‍ നിന്ന് അറിഞ്ഞതുകൊണ്ടാണ് പ്രതികരണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. വിഷയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചര്‍ച്ച ചെയ്തെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ വിശദീകരണം.












Click it and Unblock the Notifications