ഗ്രീന്‍ലന്‍ഡിന്റെ മണ്ണില്‍ ആശങ്കയുടെവിത്തിട്ട് ക്ഷണിക്കാത്ത അതിഥി; ജെഡി വാന്‍സിന്റെ സന്ദര്‍ശനത്തില്‍ വിമര്‍ശനം
നൂക്ക്: ഗ്രീന്‍ലന്‍ഡ് പിടിച്ചെടുത്ത് അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമാക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ, അര്‍ധ സ്വയം ഭരണാവകാശമുള്ള ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. സാമ്പത്തിക, സൈനിക താല്‍പര്യങ്ങള്‍ ട്രംപിന്റെ ഈ മോഹത്തിന് പിന്നിലുണ്ട്. എന്നാല്‍ ഗ്രീന്‍ലന്‍ഡ് വില്‍പനയ്ക്കുവെച്ചിട്ടില്ലെന്ന് ട്രംപിന് രൂക്ഷമായ ഭാഷയില്‍ മുന്‍ പ്രധാനമന്ത്രി മുറ്റെ ബി ഈഗ്ഡ് മറുപടി നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഗ്രീന്‍ലന്‍ഡിന്റെ മനസില്‍ വീണ്ടും ആശങ്കയുടെ വിത്തുകള്‍ വിതച്ച് ക്ഷണിക്കാത്ത അതിഥിയായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് സന്ദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സിനൊപ്പമാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനം. ദ്വീപിന്റെ വടക്കന്‍ തീരത്തുള്ള പിറ്റുഫിക്കിലെ യുഎസ് വ്യോമതാവളത്തിലാണു സന്ദര്‍ശനം നടത്തുന്നത്.

ഗ്രീന്‍ലന്‍ഡില്‍ ട്രംപ് വിരുദ്ധര്‍ നേതൃത്വം നല്‍കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ കൂട്ടുകക്ഷി സര്‍ക്കാരിനു ധാരണയായി ഏതാനും മണിക്കൂറുകള്‍ക്കകമാണ് വാന്‍സിന്റെ സന്ദര്‍ശനം. മാര്‍ച്ച് 11 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ഗ്രീന്‍ലാന്‍ഡിലെ പുതിയ പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ വാന്‍സിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. ഇത്തരത്തിലുള്ള ബാഹ്യ സമ്മര്‍ദം നേരിടുന്നതില്‍ രാഷ്ട്രീയ ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഗ്രീന്‍ലാന്‍ഡിലെയോ ഡെന്‍മാര്‍ക്കിലെയോ അധികാരികള്‍ ഔദ്യോഗികമായി ഇരുവരെയും ക്ഷണിച്ചിട്ടില്ല. യുഎസ് പ്രതിനിധി സംഘത്തില്‍ വാന്‍സിന്റെ ഭാര്യ ഉഷ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് എന്നിവരുമുണ്ടായിരുന്നു.
രാജ്യതലസ്ഥാനമായ നൂക്കിലെ പ്രസിദ്ധമായ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉഷ വാന്‍സ് പദ്ധതിയിട്ടിരുന്നു. ഇക്കാര്യം യുഎസ് അധികൃതര്‍ ഗ്രീന്‍ലന്‍ഡ് അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ പരിപാടികള്‍ റദ്ദാക്കി. സന്ദര്‍ശനം സൈനിക താവളത്തില്‍ മാത്രമാക്കി പരിമിതപ്പെടുത്തി.
1951 ലെ കരാര്‍ പ്രകാരം, ഗ്രീന്‍ലന്‍ഡിനെയും ഡെന്‍മാര്‍ക്കിനെയും മുന്‍കൂട്ടി അറിയിച്ചാല്‍, യുഎസിന് പിറ്റുഫിക്കിലെ അവരുടെ താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. തന്റെ ആദ്യ ഭരണകാലത്തും ഗ്രീന്‍ലന്‍ഡ് വാങ്ങാന്‍ ട്രംപ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. കോപ്പന്‍ഹേഗനെക്കാള്‍ ന്യൂയോര്‍ക്കിനോട് ഭൂമിശാസ്ത്രപരമായി അടുത്തിരിക്കുന്ന ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. അവിടെയുള്ള ധാതുക്കള്‍, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ സമ്പന്നമായ നിക്ഷേപത്തിലാണ് യുഎസിന്റെ കണ്ണ്.
എന്നാല്‍ ഇപ്പോള്‍ ഗ്രീന്‍ലന്‍ഡില്‍ യുഎസിന്റെ സാന്നിധ്യം കുറവാണ്. അവിടെ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികളും ഓസ്ട്രേലിയന്‍, കനേഡിയന്‍, ബ്രിട്ടീഷ് എന്നിവയാണ്. യുഎസ് സമ്പദ്വ്യവസ്ഥയുടെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന അപൂര്‍വ ധാതുക്കളുടെ ശേഖരമാണ് ഗ്രീന്‍ലന്‍ഡിനുള്ളത്. ഇതാണ് ട്രംപിന്റെ മോഹത്തിന് പിന്നിലെ കാരണം.












Click it and Unblock the Notifications