യുഎഇയെ മാത്രമല്ല, സൗദിയേയും മറികടക്കുമോ ആ തെക്കെ അമേരിക്കന്‍ രാജ്യം: ഇന്ത്യയില്‍ പുതിയ കളികള്‍
അമേരിക്കന്‍ ഉപരോധം നീങ്ങിയതോടെ വെനസ്വേലയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ഓയില്‍ കമ്പനികള്‍. ഫെബ്രുവരിയിൽ തെക്കേ അമേരിക്കൻ രാജ്യത്ത് നിന്ന് പ്രതിദിനം 1,75,000 ബാരലിലധികം (ബി/ഡി) അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓയില്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ വെനസ്വേല അഞ്ചാമതായി.
മാർച്ചിലും ഇറക്കുമതി മികച്ച വേഗത്തിലാണ് തുടരുന്നതെന്നും എന്നാൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണെന്നും വ്യാപാര സ്രോതസ്സുകളും റിഫൈനർമാരും വ്യക്തമാക്കുന്നു. 2023 ഒക്‌ടോബർ 18 മുതൽ ആറ് മാസത്തേക്ക് വെനസ്വേലയ്‌ക്കെതിരായ ഉപരോധം യുഎസ് നീക്കിയതോടെ, മൂന്ന് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2023 ഡിസംബർ മുതൽ ഇന്ത്യ വെനസ്വേലയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.

എനർജി ഇൻ്റലിജൻസ് സ്ഥാപനമായ കെപ്ലർ പറയുന്നതനുസരിച്ച്, ലോകത്തിലെ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരായ ഇന്ത്യ ജനുവരിയിൽ 2,54,000 ബിപിഡിയില്‍ അധികവും 2023 ഡിസംബറിൽ 1,91,000 ബിപിഡിയില്‍ അധികവും വെനസ്വേലയന്‍ എണ്ണ ഇറക്കുമതി ചെയ്തു. 2019 വരെ യുഎസിനും ചൈനയ്ക്കും ശേഷം വെനസ്വേലയുടെ മൂന്നാമത്തെ വലിയ ഇടപാടുകാരായും ഇന്ത്യ മാറി.
അതേസമയം ഫെബ്രുവരിയില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നാണ്. ഫെബ്രുവരിയിൽ ജനുവരിയിലെ അളവുകളേക്കാൾ 1.4 ശതമാനം വർധിച്ച് 1.55 ദശലക്ഷം ബിപിഡി റഷ്യൻ ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്തു. മെയ്-ജൂലൈ മാസങ്ങളിൽ 2 മില്യൺ ബിപിഡി ആയി ഉയർന്ന റഷ്യൻ എണ്ണ ഇറക്കുമതി ഓഗസ്റ്റ്-ഫെബ്രുവരി മാസങ്ങളിൽ ശരാശരി 1.6 ദശലക്ഷം ബിപിഡി ആയും ഉയർന്നിരുന്നു. ഫെബ്രുവരിയിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 32.5 ശതമാനവും റഷ്യയില്‍ നിന്നുമാണ്.
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി മെയ്-ജൂലൈ മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞതോടെ, ഇന്ത്യൻ റിഫൈനർമാർ പശ്ചിമേഷ്യയിലെ തങ്ങളുടെ പരമ്പരാഗത എണ്ണ വിതരണക്കാരിലേക്ക് തിരിയുകയും ഇറക്കുമതി വർധിക്കുകയും ചെയ്തു. ജനുവരിയിൽ ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവിടങ്ങളിൽ നിന്നുള്ള വിതരണത്തിൽ കുതിച്ചുചാട്ടമുണ്ടായപ്പോൾ, ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതിയും വർധിച്ചു.
ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ജനുവരിയെ അപേക്ഷിച്ച് 27 ശതമാനം ഉയർന്ന് ഏകദേശം 900,000 ബിപിഡി ആയി ഉയർന്നു. കഴിഞ്ഞ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റഷ്യ, ഇറാഖ്, സൌദി, യുഎഇ, വെനസ്വേല എന്നിവയാണ് യഥാക്രമം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത്. വെനസേലയ്ക്ക് പകരം നേരത്തെ യുഎസ്എ ആയിരുന്നു അഞ്ചാമത്.












Click it and Unblock the Notifications