വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്, 'മുന്നേറിയ ഇടങ്ങളിൽ ലീഡ് കുറയുന്നത് വിചിത്രം'
വാഷിംഗ്ടണ്‍: രണ്ടാം വട്ടവും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. മിഷിഗണില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലെത്തിയതോടെയാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും വഴിത്തിരിവുണ്ടായിരിക്കുന്നത്. ഇനി 7 ശതമാനം വോട്ടുകള്‍ മാത്രമാണ് മിഷിഗണില്‍ എണ്ണാനുളളത്.
ഏറെ നിര്‍ണായകമായ സ്വിംഗ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന മിഷിഗണില്‍ ട്രംപിനെതിരെ ബൈഡന്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ട്രംപിനേക്കാളും 32565 വോട്ടുകള്‍ക്ക് മുന്നിലാണ് ജോ ബൈഡന്‍. ബൈഡന്‍ മിഷിഗണില്‍ മുന്നില്‍ എത്തിയതിന് പിന്നാലെ വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരിക്കുകയാണ്.

തന്റെ ലീഡ് കുറഞ്ഞത് അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ ട്വീറ്റ്. കഴിഞ്ഞ രാത്രി താന്‍ നിരവധി പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ലീഡ് ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ പൊടുന്നനെ ലീഡ് കുറഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി. തന്റെ ലീഡ് നിലയിലെ മാറ്റം വിചിത്രമാണെന്നും മുന്നേറിയ സീറ്റുകളിലെ പിന്നോട്ട് പോക്ക് അംഗീകരിക്കില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന കാരണത്താല്‍ ഈ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുകയാണ്.
പെന്‍സില്‍വാനിയയിലും വിസ്‌കോണ്‍സിനിലും മിഷിഗണിലുമെല്ലാം അവര്‍ ജോ ബൈഡന്റെ വോട്ടുകള്‍ കണ്ടെത്തുകയാണ് എന്നും ഇത് രാജ്യത്തിന് ദോഷകരമാണ് എന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പെന്‍സില്‍വാനിയയിലെ 500,000 വോട്ടുകളുടെ മുന്‍തൂക്കം ഇല്ലാതാക്കാന്‍ ്അവര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് എന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. താന്‍ പെന്‍സില്‍വാനിയയില്‍ കൂറ്റന്‍ വിജയം നേടാനിരിക്കുകയായിരുന്നുവെന്നും ആ ഘട്ടത്തില്‍ ആണ് ലക്ഷക്കണക്കിന് ബാലറ്റുകള്‍ ഇനിയും എണ്ണാനുണ്ടെന്ന് പറയുന്നത് എന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ താന്‍ ലീഡ് ചെയ്യുമ്പോള്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെയ്ക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. തന്റെ വിജയവും ട്രംപ് വോട്ടെണ്ണി തീരുന്നതിന് മുന്‍പേ പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതിയില്‍ പോയാലും ട്രംപ് ദയനീയമായി പരാജയപ്പെടുമെന്ന് ബൈഡന്‍ ക്യാംപ് പ്രതികരിച്ചു. ഓരോ വോട്ടും എണ്ണണമെന്ന് കമല ഹാരിസ് അടക്കമുളളവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications