ഞെട്ടിച്ച് അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ആംറുള്ള സലേ, കെയര്‍ ടേക്കര്‍ പ്രസിഡന്റായി പ്രഖ്യാപിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമ്പരിപ്പിച്ച പ്രഖ്യാപനവുമായി വൈസ് പ്രസിഡന്റ് ആംറുള്ള സലേ. അദ്ദേഹം സ്വയം അഫ്ഗാനിലെ കെയര്‍ ടേക്കര്‍ പ്രസിഡന്റായി പ്രഖ്യാപിച്ചിരിക്കുകയാണ്. താലിബാന്‍ രാജ്യം പിടിച്ചിരിക്കുന്ന സാഹചര്യത്തിലും പതറാതെയുള്ള പ്രഖ്യാപനമാണ് സലേ നടത്തിയിരിക്കുന്നത്. അതേസമയം അഷ്‌റഫ് ഗനിയെ പോലെ താന്‍ രാജ്യം വിടാനില്ലെന്നും സലേ പ്രഖ്യാപിച്ചിരുന്നു. താലിബാന്‍ ആംറുള്ള സലേയ്‌ക്കെതിരെ എന്ത് നടപടിയെടുക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. താലിബാനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ തടങ്കലിലാക്കുമോ തൂക്കിക്കൊല്ലുമോ എന്നൊക്കെ ചോദ്യങ്ങളും ശക്തമാണ്.

അഫ്ഗാനിസ്ഥാനിലെ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ നിലവിലെ വൈസ് പ്രസിഡന്റിന് അധികാരമേല്‍ക്കാം. ഇപ്പോള്‍ ഞാന്‍ രാജ്യത്തിനുള്ളില്‍ തന്നെയുണ്ട്. അതുകൊണ്ട് കെയര്‍ ടേക്കര്‍ പ്രസിഡന്റാവാന്‍ ഞാന്‍ തന്നെയാണ് എന്തുകൊണ്ടും അര്‍ഹന്‍. എല്ലാ നേതാക്കളെയും കണ്ട് സമവായത്തിലെത്താനാണ് എന്റെ തീരുമാനം. അവരുടെ പിന്തുണയോടെ തന്നെ കെയര്‍ ടേക്കര്‍ പ്രസിഡന്റായി നിലനില്‍ക്കുമെന്നും ആംറുള്ള സലേ പറഞ്ഞു. ഖനി നാടുവിടും മുമ്പ് സലേ പറഞ്ഞിരുന്നത് താലിബാനെ അതിശക്തമായി നേരിടുമെന്നാണ്. സൈന്യത്തെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും പറഞ്ഞിരുന്നു.
നേരത്തെ എന്ത് വന്നാലും താലിബാന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സലേ പറഞ്ഞിരുന്നു. തീവ്രവാദികളെ പേടിച്ച് നാടുവിടാനില്ലെന്നും സലേ വ്യക്തമാക്കിയിരുന്നു. ഞാന്‍ ഒരിക്കലും എന്റെ ഹീറോയും വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ പാരമ്പര്യത്തെ തള്ളിപറയില്ല. എനിക്കൊപ്പം നിന്ന് ജനങ്ങളെയും നിരാശപ്പെടുത്തില്ല. ഒരിക്കലും താലിബാനൊപ്പം ചേരില്ലെന്നും സലേ പറഞ്ഞു. അതേസമയം രാജ്യത്ത് അഷ്‌റഫ് ഗനിക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ താലിബാന് എറിഞ്ഞു കൊടുത്തുവെന്നാണ് വിമര്‍ശനം. ഇത് കൂട്ടി മനസ്സിലാക്കിയുള്ള പ്രതികരണമാണ് ആംറുള്ള സലേ നടത്തിയത്.
അതേസമയം മസൂദിന്റെ മകനുമായി സലേ കൈകോര്‍ത്തുവെന്നാണ് സൂചന. താലിബാന്‍ വിരുദ്ധ പോരാളിയായിരുന്നു അഹമ്മദ് ഷാ മസൂദ്. ഗറില്ല യുദ്ധത്തിന് ഇവര്‍ ഹിന്ദുകുഷ് മേഖലയിലെ പഞ്ച്ഷീറില്‍ പദ്ധതിയൊരുക്കുന്നുവെന്നാണ് സൂചന. പഞ്ച്ഷീര്‍ ഒരിക്കലും താലിബാന്റെ മേഖലയായി മാറിയിരുന്നില്ല. മുമ്പും സോവിയറ്റ് യൂണിയന് അടക്കം ഇതിനെ കീഴടക്കാന്‍ സാധിച്ചിരുന്നില്ല. പഞ്ച്ഷീറില്‍ കടക്കുവാന്‍ താലിബാനെ അനുവദിക്കില്ലെന്ന് ഇവിടെയുള്ള ജനങ്ങളും പറയുന്നു. അനാഥനായിരുന്ന സലേ, ഗറില്ലാ കമാന്‍ഡറായ മസൂദിനൊപ്പം 1990കളിലാണ് ചേര്‍ന്നത്. താലിബാന്‍ പലതവണ സലേയെ പിടികൂടി വധിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
സലേയെ പിടികൂടാനായി സഹോദരിയെ പിടികൂടി ക്രൂരമായി പീഡിപ്പിച്ചിരുന്നു താലിബാന്‍. താലിബാന്‍ ഭീകരരോടുള്ള തന്റെ സമീപനം തന്നെ 1996ല്‍ മാറിയെന്ന് സലേ മുമ്പ് പറഞ്ഞിരുന്നു. സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണത്തിന് ശേഷം സിഐഎ സലേയെ അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ ഉപയോഗിച്ചിരുന്നു. ഇത് അഫ്ഗാനിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയെ നിയന്ത്രിക്കുന്നതിലേക്ക് സലേയെ നയിച്ചു. താലിബാന്റെ ഉള്ളില്‍ തന്നെ ചാരന്മാരെയും വിവരം തരുന്നവരെയും ഉള്‍പ്പെടുത്തി അവരുടെ കഥ കഴിച്ചതും സലേയാണ്.
പാകിസ്താന്‍ സൈന്യം താലിബാനെ പിന്തുണയ്ക്കുന്നുവെന്ന് കണ്ടെത്തിയതും സലേയുടെ ഈ ചാരപ്രവര്‍ത്തനങ്ങളാണ്.അല്‍ഖ്വായിദ നേതാവ് ഒസാമ ബിന്‍ലാദന്‍ പാകിസ്താനില്‍ ഉണ്ടെന്ന് തനിക്ക് ഉറപ്പായിരുന്നു. താലിബാനാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും തനിക്ക് അറിയാമായിരുന്നുവെന്ന് സലേ നേരത്തെ പറഞ്ഞിരുന്നു. ഗോത്ര മേഖലയിലാണ് ലാദന്‍ ഒളിച്ചിരിക്കുന്നതെന്നും ഐഎസ്‌ഐ യുഎസ്സിനെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇത് തെറ്റായിരുന്നു. ഒസാമയെ ഇവിടെങ്ങും കണ്ടെത്താനായില്ല. പകരം ഈ മേഖലയില്‍ തീവ്രവാദികള്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഒടുവില്‍ മന്‍സേരയില്‍ അല്‍ഖ്വായിദയുടെ സേഫ് ഹൗസുകള്‍ കണ്ടെത്തി. അവിടെ ബിന്‍ലാദനും ഉണ്ടായിരുന്നു.
പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പോലും ഭയപ്പെടുത്തുന്നതായി ഈ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ റോയുമായി ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുകയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ എന്നായിരുന്നു മുഷറഫിന്റെ ആരോപണം. എന്നാല്‍ പിന്നീട് മുഷ്‌റഫ് പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. 2010ല്‍ അഫ്ഗാന്‍ ചാരസംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് സലേയെ മാറ്റി. കാബൂള്‍ സമാധാന യോഗത്തില്‍ നടന്ന ആക്രമണത്തെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് രാഷ്ട്രീയ അജ്ഞാതവാസത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ താലിബാനും പാകിസ്താനുമെതിരെ പോരാട്ടം തുടര്‍ന്നു. പലതവണ താലിബാന്‍ സലേയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. സെപ്റ്റംബറില്‍ അദ്ദേഹത്തിനും സുരക്ഷാ സംഘത്തിനുമെതിരെ ആക്രമണം നടന്നിരുന്നു. പത്ത് പേരാണ് മരിച്ചത്.












Click it and Unblock the Notifications