'മുട്ടുമടക്കില്ല, ഞങ്ങൾ രാജ്യസ്നേഹികൾ.. റഷ്യക്ക് ഉടൻ പുതിയ പ്രസിഡന്റ് ഉണ്ടാകും'; മറുപടിയുമായി വാഗ്നർ സേന
മോസ്കോ: വാഗ്നർ ഗ്രൂപ്പിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന റഷ്യൻ പ്രസിന്റ് വ്ളാഡിമർ പുടിന്റെ മുന്നറിയിപ്പിന് പിന്നാലെ മറുപടിയുമായി വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗെനി പ്രിഗോസിൻ. പുടിന്റേത് തെറ്റായ തീരുമാനമായിപ്പോയെന്നും രാജ്യത്തിന് ഉടൻ തന്നെ പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്നും പ്രിഗോസിൻ പറഞ്ഞു. ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പ്രിഗോസിന്റെ പ്രതികരണം.
'ഞങ്ങൾ സ്വയം പിന്തിരിഞ്ഞ് പോകില്ല. അഴിമതിയും സ്വേഛാധിപത്യവും കൊടികുത്തിവാഴുന്ന രാജ്യത്ത് ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ രാജസ്നേഹികളാണ്. പുടിൻ വല്ലാതെ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു',യെവ്ഗെനി പ്രിഗോസിൻ പറഞ്ഞു.

രാജ്യത്തേയും ജനങ്ങളേയും പിന്നിൽ നിന്ന് കുത്തുകയാണ് വാഗ്നർ സേന ചെയ്തതെന്നും വിശ്വാസ വഞ്ചനയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നുമായിരുന്നു പുടിൻ വ്യക്തമാക്കിയത്. സൈന്യത്തിനെതിരെ ആയുധമെടുത്തവർ രാജ്യദ്രോഹികളാണെന്നും പുടിൻ കുറ്റപ്പെടുത്തിയിരുന്നു. സൈനിക അട്ടിമറിക്ക് തയ്യാറെടുത്തവർ റഷ്യൻ ജനതയേയും രാജ്യത്തേയും ഒറ്റിക്കൊടുത്തു. വഞ്ചനയ്ക്കുള്ള മറുപടി അവർക്ക് ലഭിക്കുമെന്നും പുടിൻ പറഞ്ഞിരുന്നു.
അതേസമയം റോസ്തോവ് ഓൺ ഡോൺ, വൊറോണേസ് എന്നീ തെക്കൻ റഷ്യൻ നഗരങ്ങളുടെ നിയന്ത്രണം വാഗ്നർ സേന ഏറ്റെടുത്തെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ സേനയുടെ ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടതായും വാഗ്നർ ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ട്.. ഈ നഗരങ്ങളിൽ ഉണ്ടായിരുന്ന നാഷണൽ ഗാർഡിന്റെ സൈനികർ തങ്ങളെ എതിർത്തില്ലെന്നും സൈനികർ തങ്ങൾക്കൊപ്പം ചേരുകയാണെന്നും വാഗ്നർ ഗ്രൂപ്പ് അവകാശപ്പെട്ടു.
അതിനിടെ വാഗ്നർ ഗ്രൂപ്പിന്റെ കലാപനീക്കം അടിച്ചമർത്താനുള്ള ശ്രമങ്ങൾ റഷ്യൻ സൈന്യവും ആരംഭിച്ചു. മോസ്കോയിൽ സൈന്യം ഇറങ്ങിയതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംഫോർ ഹൈവേയിൽ സ്ഥാപിച്ചിരുന്ന വാഗ്നർ വാഹനങ്ങൾ റഷ്യൻ വ്യോമസേന ബോംബിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വാഗ്നർ സൈന്യം നിയന്ത്രണം ഏറ്റെടുത്ത വെറോണസിന് സമീപത്താണ് ഹൈവേ.
അതിനിടെ വാഗ്നര്‍ ഗ്രൂപ്പിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഓഫീസില്‍ റെയ്ഡ് നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെവ്ഗനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് പരിശോധനയുണ്ടായത്.
വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണു വാഗ്നർ ഗ്രൂപ്പ്. ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിന്‍ അടുത്തിടെ പ്രതിരോധ മന്ത്രാലയവുമായി കടുത്ത അകൽച്ചയിലായിരുന്നു. സൈന്യത്തിനെ തകർക്കാൻ ഏതറ്റം വരേയും പോകുമെന്നാണ് ഇപ്പോൾ പ്രിഗോസിൻ ഉയർത്തുന്ന ഭീഷണി.












Click it and Unblock the Notifications