ഇബ്രാഹിം റെയ്‌സി എവിടെ? രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തെത്താനായില്ല, അടിയന്തരയോഗം വിളിച്ച് അമേരിക്ക
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവസ്ഥലത്തേക്ക് എത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. കനത്ത മഴയും മോശം കാലാവസ്ഥയും സ്ഥലത്തെത്താനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തടസപ്പെടുത്തുകയാണ്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ആംബുലന്‍സുകളും റെസ്‌ക്യൂ ടീമുകളും അയച്ചിട്ടുണ്ട്.
അപകടസാധ്യതയുള്ള സ്ഥലത്തിന് സമീപം തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം സംഘം എത്തിയതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി മേധാവി പിര്‍ഹോസിന്‍ കോളിവാന്‍ഡ് അറിയിച്ചു. രാജ്യത്തെ സായുധ സേനയും തിരച്ചില്‍ ഓപ്പറേഷനില്‍ ചേര്‍ന്നതായി ഇറാന്‍ സായുധ സേനാ മേധാവി അറിയിച്ചു. അതേസമയം, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തര യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

റെയ്‌സിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നേരത്തെ, തകര്‍ന്ന ഹെലികോപ്റ്ററിനായുള്ള തിരച്ചിലിനിടെ സംഘത്തിലെ രക്ഷാപ്രവര്‍ത്തകരില്‍ മൂന്ന് പേരെ കാണാതായതായി റെഡ് ക്രസന്റ് വക്താവ് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആരെയും കാണാതായിട്ടില്ലെന്നാണ് സംഘടന ഇപ്പോള്‍ പറയുന്നത്.
ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനും മറ്റ് ഉദ്യോഗസ്ഥരും റെയ്‌സിക്കൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ വടക്കുപടിഞ്ഞാറന്‍ അസര്‍ബൈജാനുമായുള്ള അതിര്‍ത്തി സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു എന്നാണ് വിവരം. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് അസര്‍ബൈജാന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തിയിലുള്ള ജോല്‍ഫ എന്ന നഗരത്തിന് സമീപമാണ് സംഭവം നടന്നത്. സംഭവം നടന്ന പ്രദേശത്തെ 'വനം' എന്നാണ് ഐആര്‍എന്‍എ വിശേഷിപ്പിച്ചത്. എന്നാല്‍ ഇറാന്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതിനിടെ ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച തന്റെ അവധിക്കാലം റദ്ദാക്കി അടിയന്തര യോഗത്തിനായി വൈറ്റ് ഹൗസിലേക്ക് മടങ്ങി. ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇബ്രാഹിം റെയ്സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി.
റെയ്സിയുടെ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ അഗാധമായ ആശങ്കയുണ്ട് എന്നും ഈ ദുരിതസമയത്ത് തങ്ങള്‍ ഇറാനിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ പരിവാരങ്ങളുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നും മോദി പറഞ്ഞു.












Click it and Unblock the Notifications