ഖത്തറിന് പുറത്ത് കാത്തിരുന്നു... വല വിരിച്ചത് ഇറാനില്‍; ആരാണ് ഇസ്മാഈല്‍ ഹനിയ്യ, മൂന്നിടത്ത് സംഭവിച്ചത്
സമീപകാലത്ത് കൊല്ലപ്പെടുന്ന പലസ്തീനിലെ ഹമാസിന്റെ മുതിര്‍ന്ന നേതാവാണ് ഇസ്മാഈല്‍ ഹനിയ്യ. ഗാസയില്‍ യുദ്ധം നടക്കുമ്പോഴും ഖത്തര്‍ കേന്ദ്രമായി നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. ഹനിയ്യയുടെ കൊലപാതകം പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ ഇനിയും വൈകുമെന്ന വ്യക്തമായ സൂചനയാണ്.
ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്‌റാനിലെത്തിയതായിരുന്നു ഹനിയ്യ. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ടെഹ്‌റാനിലെ താമസ സ്ഥലത്ത് വച്ചാണ് ഹനിയ്യക്ക് നേരെ ആക്രമണമുണ്ടായതെന്ന് ഹമാസും ഇറാന്‍ സൈന്യവും അറിയിച്ചു. ഹനിയ്യയുടെ അംഗ രക്ഷകനും കൊല്ലപ്പെട്ടു.

ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസും ഇറാനും ആരോപിക്കുന്നു. വിദേശ നേതാവിനെ തങ്ങളുടെ മണ്ണില്‍ വച്ച് കൊലപ്പെടുത്തിയത് അഭിമാന പ്രശ്‌നമായി ഇറാന്‍ കാണുന്നു. ഇറാന്‍ ആത്മീയ നേതാവും വിപ്ലവ ഗാര്‍ഡിലെ മുതിര്‍ന്ന കമാന്റര്‍മാരും പങ്കെടുക്കുന്ന യോഗം നടക്കുകയാണ്. അപൂര്‍വമായേ ഈ യോഗം വിളിച്ചു ചേര്‍ക്കാറുള്ളൂവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരാണ് ഇസ്മാഈല്‍ ഹനിയ്യ
പശ്ചിമേഷ്യയിലെ പ്രധാന പലസ്തീന്‍ നേതാവാണ് ഹനിയ്യ. ഹമാസിന്റെ രാഷ്ട്രീയ വിഭാഗം അധ്യക്ഷനാണ്. 1963ല്‍ ഗാസയിലെ ഷാത്തി അഭയാര്‍ഥി ക്യാംപില്‍ ജനിച്ച ഹനിയ്യ യുഎന്‍ നടത്തുന്ന സ്‌കൂളിലും ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലുമാണ് പഠിച്ചത്. 1987ല്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഹമാസില്‍ ചേര്‍ന്നത്. ഒന്നാം ഇന്‍തിഫാദയില്‍ പങ്കെടുത്ത അദ്ദേഹത്തെ ഇസ്രായേല്‍ സൈനിക കോടതി ജയിലലടച്ചിരുന്നു.
ജയില്‍ മോചന ശേഷം ഇസ്രായേല്‍ സൈന്യം ഹനിയ്യയെ ലബ്‌നാനിലേക്ക് നാടുകടത്തി. ഹമാസിന്റെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ അസീസ് റന്‍തീസിയും ഈ വേളയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1997ലാണ് ഹനിയ്യ ഹമാസിന്റെ നേതൃത്വത്തിലേക്ക് എത്തിയത്. 2006ല്‍ പലസ്തീനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതോടെ പലസ്തീന്റെ പ്രധാനമന്ത്രിയായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തെ പുറത്താക്കി.

പ്രധാനമന്ത്രിയായിരിക്കെ ആദ്യ വിദേശ പര്യടനത്തിന് പോയി തിരിച്ചുവരവെ ഹനിയ്യക്ക് ഗാസയിലേക്ക് പ്രവേശന അനുമതി ലഭിച്ചില്ല. പിന്നീട് ഹമാസിന്റെ വിദേശ രാജ്യങ്ങളിലെ പ്രതിനിധി ഹനിയ്യയാണ്. ഖത്തറിലും ലബ്‌നാനിലുമായിട്ടായിരുന്നു താമസം. റഷ്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പലസ്തീന്റെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് ഹനിയ്യ സന്ദര്‍ശനം നടത്തിയിരുന്നത്.
മറുപടി നല്‍കുമെന്ന് ഹമാസ്
ഹമാസിന്റെ സ്ഥാപക നേതാക്കളായ ശൈഖ് അഹമ്മദ് യാസീനും റന്‍തീസിയും ഗാസയില്‍ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വിദേശത്ത് വച്ചും നിരവധി ഹമാസ് നേതാക്കളെ ഇസ്രായേല്‍ ചാരന്മാര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ മൊസാദ് നടത്തിയ ഇത്തരം നീക്കം വലിയ വിവാദമായിരുന്നു. ഹമാസിന്റെ മറ്റൊരു നേതാവ് ഖാലിദ് മിശ്അലിനെ ജോര്‍ദാനില്‍ വച്ച് കൊലപ്പെടുത്താനും ശ്രമം നടന്നു.
കഴിഞ്ഞ കുറച്ചുകാലമായി ഖത്തറില്‍ സ്ഥിരതാമസമാക്കിയ ഹനിയ്യ അടുത്തിടെ സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടി റഷ്യയും ഈജിപ്തും സന്ദര്‍ശിച്ചിരുന്നു. ഇറാനിലെത്തിയ വേളയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഹനിയ്യയുടെ കൊലപാതകത്തിനെതിരെ റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഇറാനും ഹമാസും ഏത് രീതിയില്‍ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
ഹനിയ്യയുടെ രക്തസാക്ഷിത്വത്തിന് മറുപടി നല്‍കുമെന്നാണ് ഹമാസ് നേതാവ് മൂസ അബു മര്‍സൂഖ് പ്രതികരിച്ചത്. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണ് എന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗറി പറഞ്ഞു. അതിനിടെ ഇറാഖില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. ഇറാനെ പിന്തുണയ്ക്കുന്നവരാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്ക അവകാശപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായിട്ടാണ് ഇറാഖില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തുന്നത്. ഒരു വര്‍ഷത്തിനകം അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് അടുത്തിടെ ഇറാഖ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ലബ്‌നാനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല കമാന്റര്‍ ഫുവാദ് സുകുര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഹിസ്ബുല്ല നിഷേധിച്ചു. ഹനിയ്യയുടെ വധത്തോടെ മേഖലയില്‍ യുദ്ധഭീതി നിറഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications