അമേരിക്ക ഇന്ത്യക്കെതിരേയും തിരിയുമോ: റഷ്യന്‍ എണ്ണയുടെ പേരില്‍ യുഎഇക്കും ഹോങ്കോങ്ങിനും പണി കിട്ടി
റഷ്യയുടെ എണ്ണവില പരിധി ലംഘിച്ചതിന് യുഎഇ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്. റഷ്യൻ എണ്ണയുടെ ബാരലിന് 60 ഡോളർ വില പരിധി ഇരു രാജ്യങ്ങളിലേയും സ്ഥാപനങ്ങള്‍ ലംഘിച്ചുവെന്നാണ് അമേരിക്കയുടെ ആരോപണം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സ്ഥാപനങ്ങളെ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
റഷ്യൻ സ്റ്റേറ്റ് ഓപ്പറേറ്റഡ് ഫ്ലീറ്റ് ഓപ്പറേറ്റർ ജോയിന്റ് സ്റ്റോക്ക് കമ്പനി സോവ്‌കോംഫ്ലോട്ടിന്റെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാനമായുള്ള സൺ ഷിപ്പ് മാനേജ്‌മെന്റ് ഡി ലിമിറ്റഡ് ഉൾപ്പെടെ അമേരിക്കയുടെ ഉപരോധത്തിന് വിധേമായിട്ടുണ്ട്. കൂടാതെ, വില പരിധി നയം നടപ്പിലാക്കിയതിന് ശേഷം റഷ്യൻ എണ്ണവ്യാപാരത്തിൽ പങ്കാളിത്തം വിപുലീകരിച്ച ഹോങ്കോംഗ് ആസ്ഥാനമായുള്ള കോവാർട്ട് എനർജി, ഹോങ്കോംഗ് ആസ്ഥാനമായുള്ള ബെലാട്രിക്സ് എനർജി എന്നിവയും ഉപരോധത്തിന് വിധേയമായി.

യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡ് ഓയിലിന് മേല്‍ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഏതെങ്കിലും രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുകയാണെങ്കില്‍ അതിന് ബാരലിന് 60 ഡോളർ എന്ന ഉയർന്ന പരിധി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ കിഴിവുകള്‍ ലഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം കണക്കാക്കാതെ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
വലിയ രീതിയില്‍ കിഴിവുകള്‍ ലഭിച്ചതോടെ അറബ് രാജ്യങ്ങളെ മറികടന്ന് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായും റഷ്യ മാറിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് റഷ്യയില്‍ നിന്നും വില പരിധി മറികടന്നുകൊണ്ട് വ്യാപാരം നടത്തുന്ന കമ്പനികള്‍ക്കുമേല്‍ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നത്. അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നേരേയും അമേരിക്ക തിരിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഉപരോധത്തിലൂടെ കമ്പനികളുടെ അമേരിക്കയിലുള്ള സ്വത്തിലേക്കുള്ള അവരുടെ പ്രവേശനം തടയുകയും ഈ കമ്പനികളുമായി ബിസിനസ്സ് ചെയ്യുന്നതിൽ നിന്ന് യുഎസിലേയും വ്യക്തികളെയും സ്ഥാപനങ്ങളെയും തടയുകയും ചെയ്യുന്നു. അമേരിക്കയ്ക്ക് പുറമെ, യൂറോപ്യൻ യൂണിയൻ, ഗ്രൂപ്പ് ഓഫ് സെവൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നാണ് കഴിഞ്ഞ വർഷം റഷ്യൻ എണ്ണയ്ക്ക് ബാരലിന് 60 ഡോളർ പരിധി ഏർപ്പെടുത്തിയത്.
പരിധിക്ക് മുകളിലുള്ള ഏതൊരു വാങ്ങലും പരിധിയുടെ ലംഘനമായി കണക്കാക്കപ്പെടും. ഉക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നതില്‍ നിന്നും റഷ്യയുടെ വരുമാനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എണ്ണ വിലക്ക് മേലുള്ള ഈ നിയന്ത്രണം. ഇതോടെ റഷ്യൻ ഗവൺമെന്റിനെ ഒന്നുകിൽ വിലക്കുറവിൽ എണ്ണ വിൽക്കാനോ അല്ലെങ്കിൽ ചെലവേറിയ ബദൽ ഷിപ്പിംഗ് ശൃംഖലയ്ക്കായി പണം മാറ്റാനോ നിർബന്ധിതരാക്കി.












Click it and Unblock the Notifications