Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് ഇടപെടലില്‍ ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കത്തിന് പരിഹാരം? അബ്ബാസ് ബീജിംഗില്‍, ആകാംക്ഷയില്‍ ലോകം

ബീജിംഗ്: പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. 2014 മുതല്‍ സ്തംഭിച്ചിരിക്കുന്ന ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് അബ്ബാസിന്റെ ചൈനീസ് സന്ദര്‍ശനം സഹായകമാകുമോ എന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. നേരത്തെ പലസ്തീന്‍- ഇസ്രായേല്‍ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ നീക്കാന്‍ സഹായിക്കാമെന്ന് ചൈന അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മഹ്‌മൂദ് അബ്ബാസിന്റെ ചൈനീസ് സന്ദര്‍ശനം. അബ്ബാസിന്റെ അഞ്ചാമത്തെ ചൈനീസ് സന്ദര്‍ശനമാണിത്. അതിനിടെ അബ്ബാസ് സന്ദര്‍ശനത്തില്‍ ആരെല്ലാമായി കൂടിക്കാഴ്ച നടത്തും എന്ന് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, പ്രധാനമന്ത്രി ലി ക്വിയാംഗ് എന്നിവരുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തുമെന്നാണ് പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നത്.

abbas

പലസ്തീനിലെ പുതിയ സാഹചര്യം, പരസ്പര ആശങ്കയുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവയെ കുറിച്ച് അബ്ബാസ് ഷി ജിന്‍പിംഗുമായി ചര്‍ച്ച ചെയ്യുമെന്നാണ് വഫ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലും പലസ്തീനും തമ്മില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ച് വന്ന സംഘര്‍ഷം അതിന്റെ ഉന്നതിയിലെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അബ്ബാസിന്റെ സന്ദര്‍ശനം വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

ഇറാനും സൗദി അറേബ്യയും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ചൈനയാണ് ആതിഥേയത്വം വഹിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. അതിനാല്‍ പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കത്തിലും വിജയം കാണാന്‍ ചൈനക്കാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പലസ്തീനും ഇസ്രായേലും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ എത്രയും വേഗം പുനരാരംഭിക്കുന്നതിനെ ചൈന പിന്തുണയ്ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗ് പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ ഫലപ്രദമായ പങ്ക് വഹിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പലസ്തീന്‍ ജനതയുടെ ദേശീയ അവകാശത്തെ ചൈന എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നാണ് അബ്ബാസിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞത്. മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന.

നേരത്തെ ഇവിടെ അമേരിക്കക്ക് കൃത്യമായ ഇടമുണ്ടായിരുന്നു. ഇത് തകര്‍ക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ആദ്യ ചൈന-അറബ് രാജ്യങ്ങളുടെ ഉച്ചകോടിക്കായി ഷി ജിന്‍പിംഗ് കഴിഞ്ഞ ഡിസംബറില്‍ സൗദി അറേബ്യയിലെത്തിയത്. അന്ന് അബ്ബാസിനെ കണ്ട ഷി ജിന്‍പിംഗ് പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തിന് അധികം വൈകാതെ നീതിപൂര്‍വകവും ശാശ്വതവുമായ പരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ചൈന മിഡില്‍ ഈസ്റ്റില്‍ കാലുറപ്പിക്കുന്നത്. ഊര്‍ജ വിപണിയിലെ സ്ഥിരതയാണ് ചൈനയുടെ ഉന്നം. സൗദി - ഇറാന്‍ സൗഹൃദം വഴി അതുറപ്പിക്കാന്‍ ചൈനക്കായിട്ടുണ്ട്. ഇസ്രായേല്‍ - പലസ്തീന്‍ വിഷയത്തിലും ചൈനീസ് ഇടപെടലില്‍ മഞ്ഞുരുകിയാല്‍ അമേരിക്കയെ സംബന്ധിച്ച് വലിയ തിരിച്ചടിയുമായിരിക്കും അത്.

നേരത്തെ ഈ മേഖലയിലെ എല്ലാ വിഷയങ്ങളിലും അമേരിക്കയായിരുന്നു മധ്യസ്ഥന്റെ റോളിലുണ്ടായിരുന്നത്. എന്നാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ശക്തിയായ ചൈനയാണ് തങ്ങളുടെ സ്ഥാനം തട്ടിയെടുത്ത് കൊണ്ടിരിക്കുന്നത് എന്നതാണ് അമേരിക്കയെ അലട്ടുന്നത്. പലസ്തീന്‍- ഇസ്രായേല്‍ തര്‍ക്കത്തിലും ചൈനക്ക് വിജയം കാണാനായാല്‍ മേഖലയിലെ പ്രധാന ശക്തിയായി മാറാന്‍ ചൈനക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+