ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ കഴിച്ചാല്‍ കുഞ്ഞിന് ഓട്ടിസം വരുമോ? ട്രംപിന്റെ വാദത്തെ തള്ളി പഠന റിപ്പോര്‍ട്ട്
ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ മരുന്ന് കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം അല്ലെങ്കില്‍ എഡിഎച്ച്ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍) എന്നിവയ്ക്ക് കാരണമാകുമെന്ന ആശങ്കയ്ക്ക് താല്‍ക്കാലിക ആശ്വാസം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത് ആരോഗ്യ വിദഗ്ധര്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിരുന്നു.
ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ ഓട്ടിസം അല്ലെങ്കില്‍ എഡിഎച്ച്ഡി ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന ചില ആശങ്കകള്‍ അമേരിക്കയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ പാരസെറ്റമോള്‍ (അമേരിക്കയില്‍ അറിയപ്പെടുന്നത് ടൈലനോള്‍) ഒഴിവാക്കണം, അല്ലെങ്കില്‍ ഓട്ടിസമുള്ള കുഞ്ഞ് ജനിച്ചേക്കാം എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയത് രാജ്യത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.

എന്നാല്‍, പാരസെറ്റമോളും ഓട്ടിസവും തമ്മില്‍ അത്തരമൊരു ബന്ധമില്ലെന്ന് സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും അമേരിക്കയിലെ ഡ്രെക്‌സല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. 1995 മുതല്‍ 2019 വരെ ജനിച്ച ഏകദേശം 24 ലക്ഷം കുട്ടികളുടെ വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ പരിശോധിച്ചത്. ഇത്രയും വലിയൊരു വിഭാഗത്തില്‍ നടത്തിയ പഠനം എന്ന നിലയില്‍ ഇതിന്റെ ഫലങ്ങള്‍ വളരെ വിശ്വസനീയമാണെന്ന് ആരോഗ്യ വിദഗ്ധര്‍ വാദിക്കുന്നു.
കുടുംബത്തിലെ ജനിതകപരമായ കാരണങ്ങള്‍ കൊണ്ടോ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി കൊണ്ടോ ആണ് കുട്ടികളില്‍ ഓട്ടിസം വരുന്നത്. എന്നാല്‍ പാരസെറ്റമോള്‍ മരുന്നിനെക്കുറിച്ചും സംശയം നിലനിന്നിരുന്നു. പനി, വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് ഗര്‍ഭകാലത്ത് സുരക്ഷിതമായി ഉപയോഗിക്കാവുന്ന മരുന്നാണ് പാരസെറ്റമോള്‍ എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പുതിയ പഠനം ഈ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറ നല്‍കുന്നു. എങ്കിലും, ഗര്‍ഭകാലത്ത് ഏത് മരുന്ന് കഴിക്കുമ്പോഴും സ്വന്തമായി തീരുമാനമെടുക്കാതെ ഡോക്ടറുടെ ഉപദേശം തേടണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ശാസ്ത്രീയമായ തെളിവുകളില്ലാതെ മരുന്നുകളെയും വാക്സിനുകളെയും കുറ്റപ്പെടുത്തുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുമെന്നും ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications