104 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍, ഒടുവില്‍ രക്ഷിച്ചെടുത്തു; പിറ്റേന്ന് മരണം
ദക്ഷിണ തുര്‍ക്കിയിലെ കിരിക്കാന്‍ നഗരത്തില്‍ നിന്നാണ് ജര്‍മന്‍ സംഘം ഇവരെ രക്ഷപ്പെടുത്തിയിരുന്നത്. അതേസമയം ഇവര്‍ രക്ഷപ്പെട്ടത് വലിയ അത്ഭുതങ്ങളിലൊന്നായിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടിരുന്നത്.

ഇസ്താബൂള്‍: തുര്‍ക്കിയില്‍ 104 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ യുവതിക്ക് ദാരുണാന്ത്യം. ഇവര്‍ രക്ഷപ്പെടുമെന്ന് കരുതി, ഡോക്ടര്‍മാര്‍ അടക്കം പ്രതീക്ഷയിലായിരുന്നു. ഇന്നാണ് അവരുടെ മരണം രേഖപ്പെടുത്തിയത്.
ദക്ഷിണ തുര്‍ക്കിയിലെ കെട്ടിടത്തിന് അടിയില്‍ നിന്നാണ് ഇവരെ പുറത്തെത്തിച്ചത്. തിങ്കളാഴ്ച്ച ഭൂകമ്പം നടന്നത് മുതല്‍ 104 മണിക്കൂറാണ് ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നത്. ജര്‍മന്‍ രക്ഷാപ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ചത്.
നാല്‍പതുകാരി സെയ്‌നെപ് കാറാമാന്‍ എന്ന യുവതിക്കാണ് ഇപ്പോള്‍ ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.

ദക്ഷിണ തുര്‍ക്കിയിലെ കിരിക്കാന്‍ നഗരത്തില്‍ നിന്നാണ് ജര്‍മന്‍ സംഘം ഇവരെ രക്ഷപ്പെടുത്തിയിരുന്നത്. അതേസമയം ഇവര്‍ രക്ഷപ്പെട്ടത് വലിയ അത്ഭുതങ്ങളിലൊന്നായിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടിരുന്നത്. ഇതിനിടയിലാണ് ഇവരുടെ മരണ വാര്‍ത്ത പുറത്തെത്തിയത്.
സെയ്‌നെപിന്റെ സഹോദരിയും സഹോദരനുമാണ് ഇക്കാര്യം അറിയിച്ചതെന്ന് ജര്‍മന്‍ രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ തലവന്‍ സ്റ്റീവന്‍ ബേയര്‍ അറിയിച്ചു. ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും ബേയര്‍ പറഞ്ഞു.
ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അതേസമയം 48 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്താനായില്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാമെന്നാണ് ഡോക്ടര്‍ പീറ്റര്‍ കൗബ് പറയുന്നത്.
നൂറ് മണിക്കൂറോളം അവരെ അടക്കം ചെയ്ത അവസ്ഥയിലായിരുന്നു. അത് വല്ലാത്തൊരു കാര്യമാണ്. അങ്ങനെയുള്ളവര്‍ രക്ഷപ്പെടുന്നത് തന്നെ അത്ഭുതമാണെന്ന് പീറ്റര്‍ കൗബ് പറയുന്നു. അതേസമയം രക്ഷാപ്രവര്‍ത്തകരെ ഇവരെ രക്ഷിച്ചത് വെറുതെയായെന്ന് പറയാനാവില്ല.
ഒരാളുടെ കുടുംബത്തോടൊപ്പം മരിക്കുന്നതും, ആരുമറിയാതെ മരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഇവിടെ അവരുടെ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങള്‍ കുടുംബത്തോടൊപ്പമായിരുന്നു.
അവര്‍ക്ക് കുടുംബത്തോട് സംസാരിക്കാന്‍ സാധിച്ചു. അവസാനം കുടുംബത്തിന്റെ സാന്ത്വന സ്പര്‍ശത്തിന് ശേഷമാണ് അവരുടെ മരണമെന്നും ഡോക്ടര്‍ പറഞ്ഞു. ദുരന്തം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇവരെ സംഘം കണ്ടെത്തിയത്.
പിന്നീട് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. അത് വരെ ഹോസിലൂടെ വെള്ളം നല്‍കിയത്. സഹോദരിയെത്തി ഇവരോട് സംസാരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications