ഇരിട്ടിയില്‍ ആയുധങ്ങളുമായി മാവോയിസ്റ്റ് സംഘമെത്തി; മോദിക്കും പിണറായിക്കുമെതിരെ ലഘുലേഖ
ഇരിട്ടി:ഇരിട്ടിയില്‍ ആയുധങ്ങളുമായി മാവോയിസ്റ്റ് സംഘമെത്തി. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വാളത്തോടാണ് സായുധരായ മാവോയിസ്റ്റ് സംഘം ലഘുലേഖ വിതരണം ചെയ്യാൻ എത്തിയത്. പത്ത് മിനിറ്റോളം പ്രസംഗിച്ചതിന് ശേഷം ലഘുലേഖയും വിതരണം ചെയ്താണ് ഇവര്‍ മടങ്ങിയത്. സി പി ഐ മാവോയിസ്റ്റ് കബനീ ദളം നേതൃത്വമാണ് എത്തിയത്.
സംഘത്തില്‍ മൂന്ന് പുരുഷന്മാരും രണ്ട് വനിതകളുമാണ് ഉണ്ടായിരുന്നത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും റേഷന്‍ വ്യാപാരത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇത് കാരണം സാധാരണക്കാരായ ആദിവാസികൾ ദാരിദ്രത്തിലായി. ഇതിനെതിരെ പോരാടണം, പ്രതിഷേധിക്കണം, സായുധ വിപ്ലവം നടത്തണം'- എന്നാണ് സ്ഥലത്തെത്തിയ മാവോയിസ്റ്റുകള്‍ നാട്ടുകാരോട് പറഞ്ഞത്.

ഒരു മാസം മുമ്പ് ഇവിടെ നിന്ന് അഞ്ച് കിലോ മീറ്റര്‍ അപ്പുറത്തുള്ള എടപ്പുഴയില്‍ സായുധരായ മാവോയിസ്റ്റ് സംഘം എത്തി പ്രകടനം നടത്തിയിരുന്നു. ടൗണില്‍ പ്രസംഗിച്ച ശേഷം പോസ്റ്റര്‍ ഒട്ടിച്ചതിന് ശേഷമാണ് ഇവര്‍ മടങ്ങിയത്. എടപ്പുഴ കുരിശുമല റോഡില്‍ എത്തിയ സംഘം 300 മീറ്ററോളം ദൂരം പ്രകടനം നടത്തുകയും ചെയ്തിരുന്നു.
സി പി ഐ മാവോയിസ്റ്റ് കബനീദളത്തിന്റെ പേരിലാണ് പോസ്റ്ററും ലഘുലേഖയും വിതരണം ചെയ്തത്. സി പി മൊയ്തീന്റെ നേതൃത്വത്തിലാണ് മുദ്രാവാക്യം വിളിച്ചത്. പോകുന്നതിന് മുമ്പ് രണ്ട് കടകളില്‍ നിന്നായി പച്ചരി, ഓയില്‍, റൊട്ടി അടക്കമുള്ള സാധനങ്ങളും വാങ്ങിയാണ് ഇവര്‍ മടങ്ങിയതെന്നാണ് വിവരം.
മാസങ്ങള്‍ക്ക് മുമ്പ് കേളകം രാമച്ചിയില്‍ മാവോയിസ്റ്റുകളെ കണ്ടതിനെ തുടര്‍ന്ന് മേഖലയിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടും പൊലിസും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു. കേരള, കര്‍ണാടക വനാതിര്‍ത്തിയിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ആയുധമേന്തിയ രണ്ടംഗ സംഘം രാമച്ചി കോളനിയിലെ എടാന്‍ കേളന്റെ വീട്ടിലെത്തുകയും രണ്ട് മണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തതിനു ശേഷമാണ് ഇവര്‍ മടങ്ങിയത്.
ഇതേ തുടര്‍ന്ന് ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പൊലിസ് സംഘം വീട്ടുകാരുടെ മൊഴിയെടുത്തു. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വിക്രം ഗൗഡയും സഹപ്രവര്‍ത്തകനുമാണ് രാമച്ചിയിലെത്തിയതെന്ന് സൂചനയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഈ മേഖലയില്‍ ഇത് നാലാം തവണയാണ് സായുധരായ മാവോയിസ്റ്റ് സംഘമെത്തുന്നത്.












Click it and Unblock the Notifications