അബു ചാത്തുക്കുട്ടി സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
തലശേരി: ഭാഷയും ദേശവും മതവും മറന്ന് ജനങ്ങള്‍ ഒന്നിക്കുന്ന കളിക്കളങ്ങള്‍ വിവിധ തരത്തിലുള്ള ചേരിതിരിവുകള്‍ ഇല്ലാതാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മ്മടത്ത് പുതുതായി നിര്‍മ്മിച്ച അബു ചാത്തുക്കുട്ടി സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളികളോട് അതിരുകളില്ലാത്ത അഭിനിവേശമുള്ളവരാണ് കേരളീയര്‍. അവര്‍ എല്ലാം മറന്ന് ഒന്നിക്കുന്ന ഇടമാണ് കളിക്കളങ്ങള്‍. അതിനാല്‍ ഓരോ വാര്‍ഡിലും കളിക്കളങ്ങള്‍ ആവശ്യമാണ്. അത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കണം.
കായിക താരങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ സര്‍ക്കാര്‍ വളര്‍ത്തിയെടുക്കും. അതിന്റെ ഭാഗമായി അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കും. ആയിരം കേന്ദ്രങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലിപ്പിക്കുക. അയ്യായിരം കുട്ടികള്‍ക്ക് അത് ലറ്റിക് പരിശീലനവും നല്‍കും. മൈതാനങ്ങള്‍ ഒരുക്കുമ്പോള്‍ സ്ഥലപരിമിതി പ്രശ്നമാകുന്നുണ്ട്. അതിനാല്‍ ഭാവി കേരളത്തില്‍ ഭൂഗര്‍ഭ സ്റ്റേഡിയങ്ങള്‍ ഉണ്ടായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രത്തെ വക്രീകരിക്കാന്‍ വലിയ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്തവരെ ധീര ദേശാഭിമാനികളായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികളെ ചരിത്ര താളുകളില്‍ നിന്ന് തമസ്‌ക്കരിക്കുന്നു. അതിനിടയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച അബു മാസ്റ്ററുടെയും ചാത്തുക്കുട്ടിയുടെയും പേരിലുള്ള ഈ സ്റ്റേഡിയം ചരിത്രം ഓര്‍മ്മപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ നിന്നും 5.49 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. കിറ്റ്കോക്കായിരുന്നു നിര്‍മ്മാണ ചുമതല. 2018 ലാണ് പ്രവൃത്തി തുടങ്ങിയത്. നാച്വറല്‍ ഫുട്ബോള്‍ ടര്‍ഫ്, സ്പ്രിംഗ്ളര്‍ സിസ്റ്റം, ക്രിക്കറ്റ് പരിശീലന പിച്ച്, ഓപ്പണ്‍ ഗ്യാലറിയോട് കൂടിയ പവലിയന്‍, കെട്ടിടം, സമ്പ്-പമ്പ് റൂം, ചുറ്റുമതില്‍, ഫ്ളെഡ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ്, പാര്‍ക്കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.
ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസന്‍ എം പി മുഖ്യാതിഥിയായി. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ ഐഎം വിജയന്‍, എന്‍പി പ്രദീപ് തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരവും നടന്നു.












Click it and Unblock the Notifications