നടുറോഡില്‍ വച്ച് വാഹനങ്ങള്‍ കയറിയിറങ്ങി വയോധികൻ ദാരുണമായി മരിച്ച സംഭവം; പോലീസ് കേസെടുത്തു
ഇരിട്ടി: ഇരിട്ടിയില്‍ നടുറോഡില്‍ വച്ച് വാഹനങ്ങള്‍ കയറിയിറങ്ങി വയോധികൻ ദാരുണമായി മരിച്ച സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്തു. വയോധികനെ ഇടിച്ചിട്ട ശേഷം ഒരു വാഹനം നിര്‍ത്താതെ പോകുകയും പിന്നാലെ വന്ന വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഇരിട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിപ്പോയി.
അതിന് പിന്നാലെ വന്ന വാഹനത്തിലുള്ളവരാണ് ഇടുക്കി അടിമാലി സ്വദേശിയായ ഗോപാലനെന്ന വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച്ച രാത്രിയിൽ ഫുട്പാത്തിലുടെ നടക്കുകയായിരുന്ന വയോധികന്‍ തെന്നി റോഡിലേക്ക് വീഴുകയും പിന്നാലെ വാഹനങ്ങള്‍ ഓരോന്നായി ഇടിക്കുകയുമായിരുന്നെന്നാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീണിടത്തുനിന്ന് എഴുന്നേറ്റിരുന്ന് പയ്യെ എഴുന്നേറ്റ് നില്‍ക്കാന്‍ വയോധികന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു വാഹനം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇടിച്ചത്. അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. കുടയുമായി നടന്നുവന്ന വയോധികന്‍ തെന്നിവീണതാണെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചാണ് വയോധികന്റെ മരണം സ്ഥീരീകരിച്ചത്. സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് പോലീസ് അറിയിച്ചു. വയോധികനെ ഇടിച്ചു തെറിപ്പിച്ച വാഹന ഡ്രൈവർക്കെതിരെയും ദേഹത്തൂടെ കയറിയിറങ്ങിയ ലോറി ഡ്രൈവർ കെതിരെയും പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
അപകടമുണ്ടാക്കിയ വാഹനങ്ങൾ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് ഇരിട്ടി ഡി.വൈ.എസ്.പി അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ വയോധികൻ അര മണിക്കൂറോളം റോഡിൽ കിടന്നുവെന്നാണ് വിവരം. ഇതിലൂടെ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ആദ്യം ഇരിട്ടി ജനറൽ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.












Click it and Unblock the Notifications