വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്, ഇരിട്ടിയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരിക്ക് ലക്ഷങ്ങള്‍ നഷ്ടമായി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ജ്വല്ലറി ജീവനക്കാരിയായ യുവതി ഓണ്‍ ലൈന്‍തട്ടിപ്പിന് ഇരയായി ജീവനൊടുക്കിയ സംഭവത്തിനു ശേഷം സൈബര്‍ പൊലിസില്‍ കേസുകളുടെ പ്രവാഹം. ഇരിട്ടിയില്‍ ഓണ്‍ ലൈന്‍ തട്ടിപ്പിനിരയായ വീട്ടമ്മയ്ക്കു രണ്ടരലക്ഷം രൂപ നഷ്ടമായസംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കണ്ണൂര്‍ സൈബര്‍ സെല്‍പൊലിസ് അറിയിച്ചു. എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇരിട്ടി പൊലിസ് കൈമാറിയ കേസാണ് സൈബര്‍ സെല്‍ പൊലിസ് ഏറ്റെടുത്തത്. സൈബര്‍ സെല്‍ സി. ഐ സനല്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ജര്‍മന്‍ സ്വദേശിയായ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ വീട്ടമ്മയെ കബളിപ്പിച്ചത്. തട്ടിപ്പുകാരന്‍ ഇവരുമായി സൗഹൃദംസ്ഥാപിക്കുകയും സ്വര്‍ണവും യൂറോയും ഉള്‍പ്പെടെ വീട്ടമ്മയ്ക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് സന്ദേശം അയക്കുകയുമായിരുന്നു. സമ്മാനത്തിന്റെ വീഡിയോ ഉള്‍പ്പെടെയുളളവ വീട്ടമ്മയ്ക്ക് ഫോണിലൂടെ നല്‍കുകയും ചെയ്തു.

ഇതിനിടെ ഡല്‍ഹി വിമാനത്താവളം വഴി എത്തിയ സമ്മാനം വിമാനത്താവള അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയാണെും ഇതു വിട്ടു നല്‍കാന്‍ രണ്ടരലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ഈ പണം നല്‍കിയാല്‍ കോടികള്‍ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജര്‍മന്‍ സ്വദേശിയായ യുവതി ഫോണിലൂടെ അറിയിക്കുകയായിരുന്നു.ഇയാളെ വിശ്വസിച്ച വീട്ടമ്മ ഗൂഗിള്‍ പേ വഴി പണം പലതവണയായി നല്‍കിയെങ്കിലുംസമ്മാനം മാത്രംലഭിച്ചില്ല.
ഇതേ തുടര്‍ന്നാണ് വഞ്ചനയ്ക്കിരയായെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരിട്ടി പൊലിസില്‍ പരാതി നല്‍കിയത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയും എല്ലാദിവസവും രാവിലെ ഗുഡ് മോണിങും രാത്രി ഗുഡ് നൈറ്റും വിശേഷദിവസങ്ങളില്‍ മറ്റു ആശംസകള്‍ നല്‍കിയുമാണ് ഇവരെ വലയിലാക്കിയത്. ഇതുവഴി ബന്ധം ദൃഡമാക്കുകയും വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷം തട്ടിപ്പു നടത്തുകയുമായിരുന്നു.
നേരത്തെ പാര്‍ട്ട് ടൈം ജോലി വാഗ്ദ്ധാനം ചെയ്തു നിരവധി തട്ടിപ്പുകളാണ് ഉത്തരേന്ത്യന്‍ സംഘം നടത്തിയത്. കണ്ണൂര്‍ താവക്കരയിലെ ജ്വല്ലറി ജീവനക്കാരി ജീവനൊടുക്കിയതിനു പിന്നില്‍ എട്ടുലക്ഷംരൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അഞ്ചുകണ്ടു സ്വദേശിനി റോഷിതയാണ് ജീവനൊടുക്കിയത്. ഇതിനു ശേഷംനിരവധി സംഭവങ്ങളാണ് സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു ഉയരുന്നത്. ഇത്തരം തട്ടിപ്പിനിരയാകുന്നവര്‍ അതിവേഗം തന്നെ സൈബര്‍ പൊലിസ് ഏര്‍പ്പെടുത്തിയ 1930-ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചുപരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് കണ്ണൂര്‍ സൈബര്‍സെല്‍ സി. ഐ സനല്‍കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications